രചന : സി. എസ്. നിയാസ് ✍

തെരുവിലൊന്നു നടക്കാനിറങ്ങൂ ;
ങേ…
തെരുവെന്ന് കേൾക്കുമ്പോൾ
നിങ്ങളെന്തിനാണിങ്ങനെ പൊള്ളുന്നത് ?!
നരകത്തിലെ
നൂൽപ്പാലത്തെക്കുറിച്ച്
നിങ്ങൾക്കറിവില്ലാത്തതിന്റെ കുഴപ്പമാണത് .
കൂട്ടരേ,
തണുത്തുറഞ്ഞ നിങ്ങളുടെ
ഒറ്റമുറിയല്ലിത്!
നിറയെ ട്രാഫിക്കുകളുള്ള ,
അതികഠിനയാത്രയാണ്.
നിങ്ങളൊരു ചിത്രകാരനിലേക്ക്
പരുവപ്പെടൂ…
എന്നിട്ട് പതിയെ നടന്നുനോക്കൂ ,
നിറങ്ങളുടെ
ഉപാധികളില്ലാത്തതിനാൽ
വഴികൾ തെറ്റും , തീർച്ച !
നെടുകെയും കുറുകെയും നീലം തെറിപ്പിച്ച്, വിട്ടുപോയവ വീണ്ടും പൂരിപ്പിച്ച്,
പൂജ്യത്തിൽതുടങ്ങുന്ന
കുഴികൾ മൂലതിരിക്കൂ…
ശബ്ദവും കേൾവിയും
സ്ഥാനംതെറ്റുന്നതും
ചിരിമരിച്ച ചുണ്ടുകൾ
പൊള്ളുംവിശപ്പിൽ
നിറങ്ങൾ നുണഞ്ഞിറക്കി
വരണ്ടു കിടക്കുന്നതും
കണ്ടില്ലെന്നുനടിച്ചാലും
ചുംബനം വിതയ്ക്കാത്ത
കവിൾപാടങ്ങൾ
അസ്ഥാനത്തുപോലും നിങ്ങൾക്ക്
വരയ്ക്കാനേ കഴിയില്ല !
ചുവന്നുകത്തുന്ന മുടിയിഴകൾ
താളംതെറ്റി കാറ്റിലിളകി,
വിറച്ചുവിറച്ച്
കളങ്ങൾ ചിതറിമാറുന്നത് നിങ്ങൾ കാണുന്നില്ലേ?
തിളങ്ങുന്ന കണ്ണുകൾകൊടുത്താണ്,
നല്ലൊരു ചിത്രകാരൻ അതിനെ
ജീവൻ വെപ്പിക്കുക. ഇന്നത്തെ വരകൾക്ക് അങ്ങനൊരു നീതിയില്ലെന്നെനിക്കും നിങ്ങൾക്കും നന്നായറിയാം.
നീതിയൊക്കെ പണ്ടേയ്‌ക്കുപണ്ടേ മാഞ്ഞുപോയൊരു വാക്കല്ലേയെന്ന് നിങ്ങൾ പിറുപിറുത്തത്, ഉച്ചകോടിയുടെ വെടിക്കെട്ടിൽ ഞാൻ കേട്ടില്ലെന്ന് വിചാരിക്കരുത്.
എനിക്കിനി ചോദിക്കാനുള്ളത്
മറ്റൊന്നാണ്, ശ്രദ്ധിച്ചു കേൾക്കൂ .
അളവുകൾതെറ്റിയ നീ
അടയാളങ്ങളില്ലാത്തവന്റെ കണ്ണുകൾ
ഈ മതിൽക്കെട്ടിനുള്ളിലെവിടെയാണ് വരച്ചുവെയ്ക്കാൻ പോകുന്നത് ?
◼️

സി. എസ്. നിയാസ്

By ivayana