കൂട്ടരേ ഞാനീ കൊറോണ അണഞ്ഞപ്പോൾ തീർത്തൊരു കൊച്ചു കൃഷിതൻ തോട്ടം.
ദൂരേക്ക് പോകാതെ കാലത്തും വൈകിട്ടും
ഞാൻ ചമച്ചെന്റെയീ കൊച്ചു തോട്ടം.
കപ്പയും, ചേനയും ചേമ്പുമീ കാച്ചിലും
ഒക്കെയൊരുക്കി ഞാനീ തോട്ടത്തിൽ.
മഞ്ഞൾ തടത്തിനരികിലായ് ഞാൻ നട്ടു
കച്ചോലവും പിന്നെ കാന്താരിയും.
ഇഞ്ചി തഴച്ചു മദിച്ചു വളരുന്നു
ചന്തത്തിൽ കുമ്പളം പൂത്തീടുന്നു.
മാവുണ്ട്, പ്ലാവുണ്ട്, നെല്ലി, പുളിയുമെൻ തോട്ടത്തിൽ നാരകം രണ്ടു തരം.
ലക്ഷ്മി തരുവും, കവുങ്ങും സപ്പോട്ടയും
കപ്പളവും ഞാവൽ തയ്യുമുണ്ട്.
പൂവാക നട്ടു ഞാൻ വേലിയിൽ പൂവന്നു ചേല്
നിറയുവാൻ ചെമ്പരത്തി.
വള്ളി പടർപ്പായി പാഷൻഫ്രൂട്ടെൻ
റബ്ബർ ചില്ലയിൽ ചേക്കേറി പുഞ്ചിരിച്ചു.
ചെങ്കദളി വാഴ കുമ്പെടുത്തിന്നലെ ചന്തത്തിൽ തോട്ടത്തിൻ ഭംഗി കൂട്ടി.
ഞാലിപൂവൻ വാഴകയ്യിൽ കാക്കപ്പെണ്ണു കോരിതരിച്ചെന്നും വന്നിരിക്കും.
കുല ചൂടി നിൽക്കുന്ന പാളയൻ കോടനും
പൂവനും ഏത്തവാഴ തൈകളും.
കാപ്പിയും കൊച്ചു കവുങ്ങുകളുമെന്റെ തോട്ടത്തിൽ നല്ല തണൽ വിരിക്കും.
മൂത്ത മഹാഗണി വൃക്ഷങ്ങൾ ഏറെയാണെങ്കിലും തേക്കുകൾ ഉണ്ടിടയിൽ.
ആഞ്ഞിലിക്കാകാശം നോക്കി ചിരിക്കുവാൻ എന്റെ തോട്ടത്തിൽ സ്ഥലമുണ്ടല്ലോ,
ഇടന മരമുണ്ടിടയിൽ മണമേകാൻ
കുരുമുളകുണ്ട് കുനു കുനാന്ന്.
ചിലുമ്പി ഇടയിൽ വളർന്നു പൊങ്ങുന്നുണ്ട്
ചീരകളേറെ ഞാൻ നട്ടിട്ടുണ്ട്.
കസ്തൂരി മഞ്ഞളും വെള്ള കാന്താരിയും വള്ളി വീശിക്കേറാൻ ശതാവേരിയും..
റോബസ്റ്റായുണ്ട് വലിയ കുല നൽകാൻ തെങ്ങുകളുമുണ്ടിടയിലായി.
കാലത്തുണർന്നുഞാൻ എന്റെ തൊടിയിലെ ഭാഗമായ്
തൂമ്പ എടുത്തിടുമ്പോൾ
ദൂരേക്ക് പോകും കൊറോണ, ഞാൻ എന്റെയീ കൊച്ചു തോപ്പിൽ കൃഷി ചെയ്തിടുമ്പോൾ..
ഇല്ല സമ്പർക്കമെനിക്കില്ല തീരയും
എന്റെ സമ്പർക്കമീ തൈ തൊടിയിൽ…
ഇന്നിനെ സ്നേഹിച്ചു നല്ല മരം നട്ടു
നാളേക്കു നന്മകൾ ബാക്കി നൽകാം
ദൂരേക്കു പോകാതെ വീടിന്റെ ചാരത്തു
പച്ചപ്പിൻ നല്ല തുരുത്തൊരുക്കാം..
നന്മ പകരും കൃഷി നമുക്കായെന്നും നല്ലതു മാത്രം പകർന്നു നൽകും..
(സുനു വിജയൻ )

By ivayana