രചന : ഹരികുമാർ കെ പി ✍
ശിലകൾക്ക് ശബ്ദമുണ്ടെന്നറിയുന്നോർ
ശിലായുഗചിത്രം വരച്ചവർ നാം
ശിരസ്സറ്റു വീഴും ശിലകൾക്ക് മീതെ
ശിവോഹമെന്നോതി മറഞ്ഞവർ നാം
കാഴ്ചയില്ലാത്തൊരാ കണ്ണിലായ് കണ്ടുവോ
കാലം കുറിച്ചിട്ട വേദനകൾ
വറ്റിവരയുന്നൊരാ കണ്ണുനീർ പാതയിൽ
നീലിച്ച നോവിന്റെ വേദനകൾ
അക്ഷരമോതാത്തൊരറിവിന്റെ നാവുകൾ
ബൗദ്ധികമണ്ഡലം തിരയുന്നുവോ
ഏടുകൾ തേടുന്നൊരേകാന്തതയ്ക്ക്
എന്തു പേർ ചൊല്ലി വിളിച്ചിടും നീ
ഉള്ളിടം കഠിനമെന്നറിയാതെ പോകുവോർ
തപ്പിതടയുന്നിരുളടങ്ങൾ
തപമില്ലാതുഴലും തപസ്സുകൾക്കെന്തിനീ
കാലാന്തരത്തിന്റെ ശാപദോഷം
കാതുകൾ തിരയുന്ന വേദാന്തമേ നീ
എന്നെ തിരയുന്നതെന്തിനാണോ
മറുവാക്കുമില്ല മനസ്സുമില്ല നിന്റെ
അലിവുള്ള ഹൃദയമെനിക്കുമില്ല
അതിരുകൾ നോക്കി പുറം തിരിച്ചു നിന്നെ
ശിലയെന്നു ചൊല്ലി തിരസ്‌ക്കരിച്ചു
അറിയാതെ പോകുന്നതൊന്നുണ്ടതോർക്കണം
ശില തന്റെ ജീവന്നു മരണമില്ല
പടികൾ പലയിടം ദേവശില്പം
മണ്ണിന്റെ മാറിലെ ഉറവബന്ധം
കഠിനമെന്നറിയുന്ന കല്ലിന്റെ മാനസം
സാരസ്വരൂപമാം സത്യനാദം
ഉൾവെണ്മകണ്ടോ ഉറഞ്ഞൊരാ പാറ തൻ
പുറമേ കറുപ്പിച്ച കാലദോഷം
മനുമാനസത്തിൻ മറകൊണ്ട വാക്കിലും
വിഷമല്പമുണ്ടെന്നതോർത്തിടേണം
ചലനമറ്റുറയും ചരിത്രസത്യങ്ങളേ
നിന്നാത്മനൊമ്പരം അറിയുന്നു ഞാൻ
ശിലായുഗശില്പം പ്രതിഷ്ഠിക്കണം നിന്റെ
നെറിയും നെറികേടുമറിക വേണം
ഏതോ പിശാചുക്കളുള്ളെറിഞ്ഞുടലായ
കപടഭാഷ്യങ്ങൾ മറന്നിടേണം
കനവിലും കലരാത്ത ദു:സ്വപ്നവ്യാളികൾ
ശിലകളിൽ വീണ്ടും പിറന്നിടാതെ