കേരളോത്സവം 2023ബ്ലോക്ക് തല മത്സരത്തിൽ വണ്ടൂർ ബ്ലോക്കിൽ നിന്നു ഒന്നാം സ്ഥാനം നേടിയ എന്റെ കവിത ❤️✍️

തിളയ്ക്കുന്ന കൗമാരത്തിൽ
ലഹരിയുടെ വിസ്‌ഫോടനം..
മാതൃഹൃദയത്തിൽ മണ്ണിട്ടുമൂടുന്നു
അമ്മയുടെ അവസാനത്തെ ചിരി!
അവന്റെ ഉപബോധതലങ്ങളിൽ
പകലുകളുറങ്ങുന്നു.
വെളിച്ചത്തെ ഇരുട്ടു വിഴുങ്ങുന്നു..
സ്വപ്നങ്ങളെയേതോ പുകച്ചുരുളുകൾ മറയ്ക്കുന്നു.
സ്വപ്നമേതോ സ്വപ്‌നങ്ങളായ് മാറുന്നു.
വികൃതമാക്കപ്പെട്ട മുറികളിൽ നിറയേ
നിഴലുകളുടെ കരിങ്കളിയാട്ടങ്ങൾ..
പച്ചയ്ക്ക് കത്തുന്ന ജീവിതം നിറയേ
പാതിവെന്ത സ്നേഹനുറുങ്ങുകൾ.
ഒറ്റയായൊരുവന്റെ ചിരികളിൽ
ഭ്രാന്തെന്ന് അടയാളപ്പെടുത്തുമ്പോൾ
കാരത്തിരുപ്പുകളിൽ വിരാമങ്ങളടിയും..
ജനലഴികളിൽ കണ്ണീർചിതലൊരുക്കും.
കൈത്തണ്ടയുടെ നോവാഴങ്ങളിലേക്ക്
സൂചിമുനകൾ പതിയെ താഴുമ്പോൾ
നഷ്ടങ്ങളുടെ ആത്മഹത്യമുനമ്പിലേക്ക് കൂപ്പുകുത്തും.
തിരികെയെത്താനാകാത്ത വിധം തീച്ചുഴിയിലാളും..
നിമിഷങ്ങളെല്ലാം അയാളിലേക്കടിയുമ്പോൾ
സന്തോഷങ്ങൾ നാട്കടത്തപ്പെടും..
തിളക്കം മങ്ങിയവന്റെ ആർത്തനാദത്തിൽ
നിലാവുകൾ വിരിയാതെയാകും
വസന്തം വഴിതെറ്റിയലയും…
കൂട്ടികൊടുപ്പുകളുടെ കണക്കുപുസ്തകത്തിൽ
അവനൊരു വട്ടപ്പൂജ്യമാകും.
ലാഭനഷ്ടങ്ങളുടെ കടലാസുതാളുകളിൽ
അവൻ വിലയില്ലാനോട്ടുകളാവും..
മരണം,
ഇടയ്ക്ക് വന്നൊരു കുറിപ്പടി നൽകും,
കൂടെപ്പോരണമെന്ന് തിരക്കു കൂട്ടും.
കഞ്ചാവ് ചെടികളിൽ കൂട് കൂട്ടും,
നീ പോലുമറിയാതെ ചുംബിച്ചുറക്കും.
അവന്റെ കണ്ണുകൾക്ക് ഉദയസൂര്യനെക്കാൾ തീക്ഷണത..
തലച്ചോറിൽ കുമിഞ്ഞുകൂടുന്ന
ഓർമകളുടെ അഴുകിയ ജഡങ്ങൾ..
ശാപവാക്കുകളിൽ ആടിയുലയുന്ന ദിനരാത്രങ്ങൾ..
വേനൽപെയ്യുന്ന മഴക്കാലരാവുകൾ.
കുറ്റപ്പെടുത്തലുകളുടെ വാക്ശരങ്ങളിൽ
ചോരയിറ്റിയൊരു താതഹൃദയം!
പാപഭാരങ്ങളുടെ മുജ്ജന്മസുകൃതം
തേടി എങ്ങോ അലയുന്നു..
ഉറക്കത്തിലാരോ കഴുത്തു ഞെരിക്കുന്നു..
ദു:സ്വപ്‌നങ്ങൾ പരോളിനിറങ്ങുന്നു..
അർഥങ്ങളില്ലാതെ ആകാശം തിരയുന്നു അവന്റെ കവിതകൾ..
മോഹങ്ങളില്ലാതെ മഴവില്ലുചൂടുന്നു അവന്റെ നിറങ്ങൾ..
രാമഴ നനയാതെ വാടിവീഴുന്നു അവന്റെ ജാലകപ്പൂക്കൾ..
തലോടലേൽക്കാതെ മരവിപ്പുതിന്നുന്നു അവന്റെ വിരലുകൾ..
ഇരുട്ട് മണക്കുന്ന
മണലുപൂക്കുന്ന
അട്ടഹാസങ്ങൾ വാഴുന്ന
ചിരികൾ കരയുന്ന
വസന്തം വിങ്ങുന്ന
ഒരു ശൂന്യത മാത്രമാകുന്നു അവൻ!
പകലുകളറിയാത്ത,
പുഞ്ചിരിയറിയാത്ത
മിന്നൽ പൂക്കാത്ത
വെയിൽപ്പൂക്കൾ വിരിയാത്ത
കാറ്റ് ഉമ്മ വെയ്ക്കാത്ത
ഒരു മൗനമേഘമാകുന്നു അവൻ!
അവനറിയാതൊരു തുരങ്കത്തിലേക്ക് വഴുതിവീഴുന്നു..
മറുപിറവിയില്ലാത്തൊരു ദുരന്തവഴിയിലേക്ക് നടന്നുനീങ്ങുന്നു..
ബോധമില്ലായ്മയുടെ
കല്ലറകൾ തേടി,
പേക്കൂത്തുകളുടെ പുലമ്പലുകൾ കേട്ട്,
നിഴൽമരങ്ങളുടെ വേരിൽ ചായുന്നു..
അപ്പോൾ..
പിന്നിലൊരു വീട് കത്തിയമരുന്നു…
അവനറിയാതൊരു പുഴയിലെക്കിറങ്ങുന്നു..
വ്യർത്ഥജീവിതം ചുഴിയിൽ പതുങ്ങുന്നു
സ്നേഹത്തിന്റെ പുലിമുട്ട് തകർന്നൊരു
മലവെള്ളപ്പാച്ചിലിൽ ജന്മമൊടുങ്ങുന്നു..
അവന്റെ അവസാനനോട്ടവുമിടയുമ്പോൾ
പൊട്ടിച്ചിരികൾ കുന്നുകയറുമ്പോൾ
അലർച്ചകളിൽ ഉറുമ്പരിക്കുമ്പോൾ
കണ്ണീർവീണു പഴഞ്ചോറു നാറുമ്പോൾ
ഉള്ളുരുക്കങ്ങൾ നിലയ്ക്കുന്ന ശൂന്യതയാകുന്നു അവൻ..
ഞരക്കങ്ങൾ പെരുമ്പറ കൊട്ടുന്ന ചുമർചിത്രമാകുന്നു അവൻ!
ചങ്ങലചിലയ്ക്കുന്ന ജനൽപ്പിടികളാകുന്നു അവൻ!!
ലഹരി മണക്കുന്ന നിമിഷങ്ങൾക്ക് ഇനി ആരാണൊരു നങ്കൂരമിടുക?
പിടഞ്ഞു നീറുന്ന ജന്മങ്ങൾക്ക് തിരിച്ചു കയറാൻ
ആരാണൊരു കല്പടവൊരുക്കുക?

ജ്യോതിശ്രീ. പി

By ivayana