കുതിരയോട്ടക്കാരന്റെ
അലർച്ചകളും ,കുളമ്പടിശബ്ദങ്ങളും
ബാഖിയായുടെ മണ്ണിൽ
ഭീതി പടർത്തുമ്പോഴെല്ലാം
എനിക്ക്‌ അധ്നായേ ഓർമ്മവരും.
തലയോട്ടിക്കകത്ത് ചെകുത്താൻ
വണ്ടുകൾ മൂളി തുടങ്ങിയാൽ
അവർ യുദ്ധഭീകരതയെ കുറിച്ചു
തെരുവുകൾതോറും അലറിവിളിക്കും.
അവളുടെ കുഴിഞ്ഞ കണ്ണുകളും
മുഷിഞ്ഞ ഉടയാടകളും
നരാദരുടെ നിരന്തരമുള്ള
ബോംബ് ആക്രമണങ്ങളിൽ നിന്ന്
കഷ്ടിച്ച് രക്ഷപ്പെട്ടപ്പോൾ
സംഭവിച്ച പഴുത്തൊലിക്കുന്നവ്രണങ്ങളും
എന്നെ വല്ലാതെ അലോസരപ്പെടുത്തും.
എങ്കിലും ഏറെ ഉച്ചത്തിൽ
നിരത്തുകളിൽ നിരയായി
കിടത്തിയ ചോര കിടാങ്ങൾ
മുതൽ തൊണ്ണൂറ് തികഞ്ഞവരെ കുറിച്ചു
വരെ എണ്ണിപ്പറഞ്ഞ് അവർ പരിതപിക്കും.
എവിടെ തുടങ്ങിയാലും
ഒടുക്കം ഷിയോസ്കിയേ കുറിച്ചാകും
പറഞ്ഞു നിർത്തുക,
കഴിഞ്ഞ യുദ്ധ സമയത്തും
അവർ അയാളെ കുറിച്ചു
പറഞ്ഞു കഥ അവസാനിപ്പിച്ചു.
ആക്രമണങ്ങളെ ഒട്ടേറെ
നാൾ ചെറുത്തുനിന്ന് ഒടുക്കം
ഷിയോസ്കിയുടെ വലത് കാൽ
എതിർ സൈന്യങ്ങളുടെ
ആക്രമണത്താൽ
തുട മുതൽക്കേ അറ്റ് പോയിരുന്നു.
ദാഹവും വിശപ്പുമായി
ബാഖിയായുടെ പൊള്ളുന്ന
മണൽ പാടങ്ങളിലൂടെ
അദ്ദേഹം ഒറ്റകാൽ കുത്തിനടന്നു . നിലനില്പിനൊടുക്കം
വിശപ്പ് കലശലായപ്പോൾ സ്വന്തം
ശരീര ഭാഗങ്ങളിലെ
ചോരയും മാംസവും ഭക്ഷിക്കാൻ
ഉറുമ്പുകളോടും ഈച്ചകളോടുമൊത്ത്
മരണത്തോളം മത്സരിച്ച കഥ പറഞ്ഞു തീരുമ്പഴേക്കും അധ്നായുടെ,
ശോഷിച്ച നെഞ്ചിൻ കൂട്ടിൽ നേർത്ത
ശബ്ദമേ ബാക്കിയുണ്ടാവാറുള്ളു.
ഈ യുദ്ധകാലത്തും ഞാനവരെ
ഓർത്തു. ഇടയ്ക്കവരുടെ ശബ്ദം കേൾക്കുന്നതായി തോന്നി,
അഭയാർത്ഥി ക്യാമ്പിന്റെ മറകൾക്കിടയിലൂടെ എത്തിനോക്കി.
ഈയിടെ യുദ്ധം കൊടുംബിരി കൊണ്ടൊരു ദിവസമാണ്
തൊട്ടടുത്ത തെരുവിൽ ഷിയോസ്കിയുടെ കഥ പറഞ്ഞു
തീരെ ഉണരാത്തവിധം അവരുറങ്ങിപ്പോയെന്ന് അറിയുവാൻ കഴിഞ്ഞത്.
ഞാനിടക്ക് ഓർത്തു പോകും
എന്തിനാണവർ ഷിയോസ്കിയെക്കുറിച്ചു പറയുമ്പോൾ
ശ്വാസംവിങ്ങി ചോര ഛർദിക്കുന്നതെന്ന് ..
തോരാത്ത വിധം ഇടനെഞ്ചിലൂടെ
നോവ് കിനിഞ്ഞിറങ്ങുന്നതെന്ന് …?
അപ്പോൾ അധ്നായിൽ നിന്ന് ഷിയോസ്കിയിലേക്കുള്ള ദൂരം
കുറഞ്ഞു വരുന്നതായി എനിക്കു തോന്നും.
ഞാനവരുടെ സ്നേഹത്തിന്റെ
ആഴമളക്കും. അപ്പോൾ പ്രണയവും നോവും അധ്നായുടെ പാദസ്പർശമേറ്റ
തെരുവോരങ്ങളിൽ ഇടകലർന്നൊഴുകും.
ഈന്തപ്പനയോലകൾ ചരമഗീതം
ആലപിക്കുമ്പോൾ ചോരത്തുള്ളികളുടെ
ചാറ്റൽ മഴ പെയ്യും. നഷ്ടപ്പെടലിന്റെ ഗന്ധം ഏറ്റുവാങ്ങുന്നതോടൊപ്പം
വെടിയുണ്ടകൾ തുളച്ചുകയറുന്ന ബാഖിയായുടെ
മാറ് വിങ്ങി വിറങ്ങലിക്കും,
പടിഞ്ഞാറ് പതിവിലേറെ ചുവക്കും അധ്നായുടെ,
ഒച്ചയില്ലാ നിലവിളി മറുവിളിയില്ലാതെ ദൂരേക്ക് ഒഴുകി നീങ്ങും .
ഇന്നലെ വൈകുന്നേരം ബാഗ്
പാക്ക് ചെയ്യുന്നതിനിടക്ക്,
പലയിടങ്ങളിൽ കറങ്ങി തിരിഞ്ഞ്
ഷോയോസ്കിയുടെ കൈപ്പടയുള്ള
ഒരു കുറിമാനവുമായി അധ്നായെ തേടി
ഒരാൾ ഞങ്ങളുടെ പടിക്കലുമെത്തി.
ആകാംഷാപൂർവ്വം ഞാനത് പല കള്ളങ്ങളും പറഞ്ഞു കൈകലാക്കി
വായിച്ചു.
പ്രിയപ്പെട്ടവൾക്ക്,
മേധാവിത്തത്തിനായ് മുറവിളി കൂട്ടുന്ന ഹൃദയമില്ലാത്തവരുടെ
ആകാശങ്ങളിൽ സമാധാനത്തിന്റെയും ,
സന്തോഷത്തിന്റെയും വെളുത്ത പൂക്കൾ വിടരുകയേയില്ല.
അവരുടെ അത്യാഗ്രഹങ്ങൾക്ക്‌ നമ്മളാഗ്രഹിച്ചപോലെ
ഒരു കാലത്തും മാറ്റം വരില്ലെന്ന് ഞാൻ തിരിച്ചറിയുന്നു
ബാഖിയായിൽ നിന്ന് കൈകാലുകൾ ചേധിച്ചും
അംഗഭംഗം വരുത്തിയും നാടുകടത്തപ്പെടുന്നവരുടെ
കൂട്ടത്തിൽ ഞാനുണ്ടാവില്ല അധ്നാ…
കാരണം ആത്മാവാക്കപ്പെട്ടാലും
ഞാനെന്റെ രാജ്യത്തിനായ് പൊരുതും.
നീ വേദനിക്കരുത്..
യുദ്ധങ്ങൾ ഓരോ കാലങ്ങളിലും ഇടതടവില്ലാതെ നടന്നു കൊണ്ടിരിക്കും.
തെരുവുകളിൽ കുഞ്ഞു മുഖങ്ങൾ ഇനിയും വെള്ളപുതയ്ക്കും.
വിശന്നു വലഞ്ഞ മൃഗം
ഇരയെ പിടിക്കുന്ന ലാഘവത്തോടെ അവർ കൊന്നുകൊണ്ടിരിക്കും.
ലോകം അവസാനിക്കുവോളം അധികാരത്തെ ചൊല്ലിയും,
ജാതിയേ പറഞ്ഞും, മണ്ണിനും,പൊന്നിനും,
പെണ്ണിണും പണത്തിനുമായ്,
അവർ മുറവിളി കൂട്ടിക്കൊണ്ടിരിക്കും.
ഈ ഇരുണ്ട കാലങ്ങൾ അസ്തമിച്ചശേഷം നമുക്ക് ഒരിക്കൽ കൂടെ കാണണം
അധ്നാ …. അന്ന് ബാഖിയായുടെ
ഹൃദയത്തിലൂടെ കുഞ്ഞുമക്കളുടെ കിളിക്കൊഞ്ചലുകൾ ഒഴുകും .
ബാഖിയായിലെ യാഷ്പൂക്കൾ
നമ്മളെ ഹർഥവമായി വരവേൽക്കും.
ചോരയും നോവും ഇടകലർന്നൊഴുകുന്ന
നദികൾ പുണ്ണ്യതീർത്ഥങ്ങളാവും,
വെടിയുണ്ടകൾ തുളിച്ചു കയറിയ മാറിൽ സസ്യലതാതികൾ നൃത്തം ചവിട്ടും .
നോക്കൂ.. ഒന്നുറപ്പിക്കാം നിനക്ക്,
അന്ന് ജീവിച്ചിരിക്കുന്നവർക്കെല്ലാം ഹൃദയമുണ്ടായിരിക്കും ..
അതുകൊണ്ട് തന്നെ അവർക്കിടയിൽ സ്നേഹവും സമാധാനവും സ്വാതന്ത്ര്യവും കളിയാടുമെന്നത് തീർച്ച —
പ്രാർത്ഥനയോടെ
ഷിയോസ്കി

By ivayana