രചന : മധു മാവില✍
നേരം പുലർന്നപ്പോൾ തന്നെ ആ വാർത്ത ബേനിബാദിലെത്തിയിരുന്നു..
അതി രാവിലെ നടക്കാനായ് നടക്കാൻ പോകുന്നവരോട്, വീടുണ്ടായിട്ടും ഉറക്കമില്ലാത്തത് കൊണ്ട് പുലരുന്നതിന് മുന്നെ കവലയിൽ വന്ന്
നിൽക്കുന്ന ശുകൻബഹ്റയാണ് പറഞ്ഞത്..
ബാഗ്മതി നദിയുടെ അക്കരെ കവാറ്റ്സയിൽ ഒരു യുവാവ് ആത്മഹത്യ ചെയ്തിട്ടുണ്ട് പോലും.. ആ വിവരം പടർന്ന് പന്തലിച്ച് എല്ലാവരിലും എത്തി..
കൊലപാതകങ്ങൾ കേട്ട് മരവിച്ചവർക് ആത്മഹത്യ എന്നത് പ്രത്യേകതയുള്ള വാർത്തയായിരുന്നു.. എന്നിട്ടും എന്തോ കാക്കകൾ പോലും മൗനത്തിലായിരുന്നു..
അടുക്കളപ്പുറത്തെ മരത്തിലിരിക്കുന്നവ
മുറ്റത്തുള്ള എച്ചിൽ തിന്നാൻ വരുന്നില്ല.
മരണം ഒരുതരം വിശപ്പില്ലായ്മയാണ്.
പതിവില്ലാത്ത എന്തോ ഒരു തണുപ്പ് ബേനിബാദിനെ പൊതിയുന്നുണ്ട്.
രാവിലെത്തെ ഇളംകാറ്റ് ഒരോ സ്ഥലത്തും ചലിക്കാനാവാതെ കെട്ടിക്കിടക്കുന്നു.., വെയിലിന് ചൂട് കൂടിവന്നിട്ടും
ചെറു ചെടികളിൽ കാറ്റ് തഴുകുന്നില്ല..
ബേനിബാദിന് ഇത്തരം സങ്കടാവസ്ഥകൾ പതിവില്ലാത്തതാണ്.
കവാറ്റ്സയിലെ മരണം ഇവിടെയും പടർന്നിരിക്കുന്നു… ആത്മഹത്യ ചെയ്യാനുള്ളവരുടെ ചിന്തകളിൽ
ഊഞ്ഞാലാടുന്നത് കിഷൻദയാണ്..
ആത്മഹത്യ ചെയ്ത ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്ന വാർത്തയുമായ്
ഒരാൾ കവാറ്റ്സയിൽ നിന്നു വന്നു.
ഒരു സംഭവം നടന്നാൽ അഭ്യൂഹങ്ങൾ ഉണ്ടാക്കാനും വെറുതെ എന്തെങ്കിലും പ്രചരിപ്പിക്കാനും പ്രത്യേക കഴിവുള്ളവർ.
അതു കേട്ടതോടെ ബേനിബാദിലുള്ളവർ
പരസ്പരം എണ്ണി നോക്കുകയായിരുന്നു.
ജീവിക്കുന്നവരുടെ അവസാനമാണ് മരണം. പുനർജന്മത്തിൻ്റെ ആരംഭവും. ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളവരുടെ ലിസ്റ്റിലുള്ള എല്ലാവരയും രാവിലെയും ഇവിടെയൊക്കെ കണ്ടവരുണ്ട്ന്ന് ചിലർ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
ആത്മഹത്യ ചെയ്യാനും , മരിക്കാനും കൊല്ലപ്പെടാനും സാധ്യതയുള്ളവരെ ഈ ഗ്രാമത്തിൽ മുൻകൂട്ടി പ്രവചിക്കുന്നവരുണ്ട്..
അതിന് വ്യക്തി വൈരാഗ്യം മുതൽ എതിർ രാഷ്ട്രീയവും ജീവിതരീതിയും പെരുമാറ്റവും വരെ നോക്കിയാണ് ലിസ്റ്റ് ഉണ്ടാക്കുന്നത്. കർമഫലം കൊണ്ട്
ഉറക്കം നഷ്ടപ്പെടുന്നവരെ തേടി പാതിരാത്രിയിൽ മാഷ് വരുന്നത് മരണം ഓർമിപ്പിക്കാനാണന്ന് ചിലർ അടക്കം പറയാറുണ്ട്..
സ്വഭാവത്തിൽ ഭ്രാന്തിൻ്റെ വിത്തുകൾ മുളക്കുന്നവരെയും ഇവിടുത്തുകാർക്ക് മുൻകൂട്ടി അറിയാം.. ചെറിയ പിരിയിളക്കമുള്ളവരെ മുഴുഭ്രാന്തരാക്കി പാട്ന മെൻ്റൽ ഹോസ്പിറ്റലിൽ എത്തിക്കുന്നത് വരെ കൂട്ടം ചേർന്ന് കളിയാക്കിയും കളിപ്പിച്ചും ആനന്ദിക്കുന്നവരുണ്ട്.
ഭ്രാന്തില്ലാത്തവരെപ്പോലും ഭ്രാന്തരാക്കി മാറ്റിയവരും അതേ ലക്ഷണം കാണിക്കുന്നുണ്ടോ എന്ന് കണ്ണാടിയിൽ നോക്കി സ്വയം ചോദിക്കുന്നു…
സംശയമാണ് കവാറ്റ്സയിലെ തണുത്ത കാറ്റിന്, ഭാഗ്മതി നദിയിലെ വെള്ളത്തിനും.
അടുത്തടുത്ത ഗ്രാമത്തിലുള്ളവരെപ്പോലും സംശയിക്കുന്ന പക്ഷികൾ വൈകുന്നേരം വേഗത്തിൽ കൂടണഞ്ഞു…
ഇരുട്ടിലാണ് വീട്ടിലേക്കുള്ള വഴികൾ ഇല്ലാതാവുന്നത്. വഴിതിരിയാത്തവർ തൊട്ടടുത്തുള്ള മരത്തിൻ്റെ കൊമ്പുകൾ കണ്ടു… അവർ തമ്മിലുള്ള പ്രണയം
ഉന്മാദത്തിലെത്തുമ്പോൾ
ആരുമറിയാതെ ആമരകൊമ്പിൽ താലികെട്ടി പുതിയ
ലോകത്തിലേക്ക് ഒളിച്ചോടും.
വിഭ്രാന്തികൾ കാണിക്കുന്ന ബേനിബാദിലെ മനോരോഗികളെ മർദ്ദിക്കാനും കീഴ്പ്പെടുത്താനും കാണിക്കുന്ന സാഹസിക രംഗങ്ങൾ മറ്റുള്ളവരിൽ വീരപരിവേശവും ധീരതയും ഉണ്ടാക്കുന്നത്
ചിലർക്കെങ്കിലും ലഹരിയായിരുന്നു.
ഭാഗ്മതി നദി കരകവിഞ്ഞൊഴുകി.. പലതും ഒലിച്ചുപോയി… പിന്നെയും വരൾച്ച വന്നു.. നദി മെലിഞ്ഞുണങ്ങി…
ഒരോരോ കാരണത്താൽ അവരെല്ലാം
നിരാശയിലാണ്.. വെറുപ്പും വൈരാഗ്യവും
മറ്റുള്ളവർക്ക് കൊടുത്തതല്ലൊം സ്വന്തം അനുഭവത്തിലേക്ക് കയറി വന്നിരിക്കുന്നു. അവരുടെ വീട്ടിലും ഭ്രാന്തിൻ്റെ ചെടികൾ മുളക്കാൻ തുടങ്ങിയിരിക്കുന്നു..
കൊടുത്തതല്ലാം പലിശയടക്കം അനുഭവിക്കുന്ന ചമ്പലിൻ്റെ പാപഭാരങ്ങൾ
മൗനത്തിൻ്റെ കൂടുകൾ തേടിയലയുന്ന കറുത്ത രൂപങ്ങൾ ഗതി കിട്ടാതെ അലയുന്ന
നടവഴികളിൽ ചരിത്രം പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും ശാന്തിയില്ലാതാക്കുന്നു.
എല്ലാമുണ്ടായിട്ടും കർമ്മഫലം മുറിഞ്ഞ് ഒലിക്കുന്ന ചോരപ്പാടുകൾ കണ്ണിലുള്ളത്
ഒളിക്കാൻ പറ്റാത്ത ക്രൂരതകൾ.. അവരുടെ
വാർദ്ധക്യം , നിസ്സഹായതക്ക് മീതെ നിരപരാധിയായ മാഷിൻ്റെ
ശാപങ്ങൾ അവരുടെ ജാതകത്തിൽ കാർക്കിച്ചു തുപ്പുന്നു.
വേദനയിൽ പുളയുന്നവരുടെ ജീവിതത്തിലേക്ക് ദുരന്തങ്ങൾ വരിവരിയായ് കാത്തുനിൽക്കുന്നു.
ആത്മഹത്യ ചെയ്തത് ഗ്രാമീണരുടെ സാധ്യതാ ലിസ്റ്റിലുള്ളവരാരുമല്ല..
പിന്നെയാരായിരിക്കും..?
സംശയാലുക്കൾ ചില പേരുകൾ…!
മാറിപ്പറയുന്നു… അഥവാ മാറ്റി പറയുന്നു.
പിന്നെയും തിരുത്തുന്നു..
മരണവാർത്ത തിരുത്തിയാലും തമാശയായ് കാണുന്ന ഗ്രാമീണർ ..
ദേഷ്യം തീർക്കാൻ ചിലർ കരുതിക്കൂട്ടി പറയുന്നതല്ലേ എന്ന് ബൈകുന്ദക്ക് സംശയം ഉണ്ടായിരുന്നു.
ബകുമാരയുടെ വീടിൻ്റെ മുന്നിലുള്ള വിശാലമായ കരിമ്പിൻപാടത്തിന് കിഴക്ക് ഭാഗത്താണ് കെയ്ദയുടെ വീട്..
വിദ്യാഭ്യാസവും വിവരവും കുറവാണങ്കിലും
പരോപകാരിയാണ്.
നല്ല കാര്യത്തിനും മോശം കാര്യത്തിനും കെയ്ദയെ മുന്നിൽ വെച്ച് ചിലർ ഉപയോഗിക്കുന്നു.
കൃഷിക്കാരായ പിതാവും മാതാവും ഇളയ സഹോദരങ്ങളും ചേർന്ന ചെറിയ കുടുബം. ഇടംവലം നോക്കാതെ എല്ലാത്തിനും മുന്നിട്ടിറങ്ങുന്ന കെയ്ദയെ കുബുദ്ധികൾ അവരുടെ വ്യക്തി വൈരാഗ്യം തീർക്കാൻ വേണ്ടി മദ്യം വാങ്ങിക്കൊടുത്തു ഉപയോഗിച്ചു. പഴയ കൊള്ളക്കാരുടെ പുതിയ തലമുറയിലെ യുവാക്കളെ നയിക്കുന്ന കര്യനന്ദനാണ് കെയ്ദയെക്കൊണ്ട് പലതും ചെയ്യിക്കുന്നത്… എന്ന് ചിലരെങ്കിലും അടക്കം പറയുന്നുണ്ട്.
കര്യനന്ദയുടെ കൂടെയുള്ളവരൊഴികെ
ബാക്കിയുള്ളവർ കെയ്ദയുടെ എതിരാളികളായ് മാറിക്കഴിഞ്ഞിരുന്നു.
ജീവിത പരാജയങ്ങളിൽ കൂടെ നിൽക്കാൻ ആരുമില്ലാത്ത ഭയനീയത , അതു കൊണ്ട് തന്നെയാകാം ബേനി ബാദിൽ കെയ്ദക്ക് ശത്രുക്കൾ കൂടുതലായിരിന്നു.
ഇത് അവൻ മനസിലാക്കുന്നത് അവൻ്റെ വിവാഹത്തിന് ശേഷമാണ്. കല്യാണത്തിന് ശേഷമുണ്ടായ കുടുബകലഹത്തിൽ അവനെ സഹായിക്കാൻ വീട്ടുകാരൊ കൂട്ട് കാരോ ഇല്ലായിരുന്നു. അപ്പോഴേക്കും വീട്ടിലും സഹോദരങ്ങളുമായ് കുടുബ പ്രശ്നങ്ങളുടെ പേരിൽ അകന്നുപോയിരുന്നു.
കേയ്ദൻ്റെ ഭാര്യയുടെ വീട് ഭാഗ്വതി നദിയുടെ അക്കരെയുള്ള കവാറ്റ്സ ഗ്രാമത്തിലാണ് .
അവിടെയുള്ള യുവാക്കൾ കെയ്ദയുടെ
കല്യാണത്തിന് മുന്നെ തന്നെ മദ്യശാലകളിലെ സംഗമത്തിൽ വെച്ച് പരിചയക്കാരാണ്.
അങ്ങിനെയുള്ള കൂട്ട് കെട്ടിലും സംഗമത്തിലൂടെയും പല ഭാഗത്തുള്ള സമാനസ്വഭാവക്കാരും കെയ്ദയുടെ ചങ്ങാതിമാരായിരുന്നു…
കെയ്ദൻ്റെ കൂടെ കുറച്കാലമായി ജോലി ചെയ്യുന്ന യുവാവാണ് ആത്മഹത്യ ചെയ്തത് എന്ന വാർത്ത ബേനിബാദിൽ സ്ഥിരികരിച്ചു.
വിനയ്റാം എന്നാണ് പേര്…!
പിതാവും മൂന്ന് മക്കളുമുള്ള വീട്ടിലെ കെയ്ദൻ്റെ മാതാവും പാടത്ത് ജോലിക്ക് പോവാറുണ്ട്.. മദ്യപിച്ചെത്തുന്ന പിതാവും വൈകുന്നേരങ്ങളിൽ വീട്ടിൽ അവരുടെ സഹോദരങ്ങളുമായും പതിവായ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്..
അതേ ചരിത്രം ആവർത്തിക്കുമ്പോൾ കെയ്ദൻ്റെ പിതാവിന് കണ്ട് നിൽക്കാനേ പറ്റുന്നുള്ളൂ.. മക്കൾ പരസ്പരം വഴക്കിടുമ്പോഴും തല്ല് കൂടുമ്പോഴും..
കൊടുത്തതെല്ലാം വാങ്ങിക്കോ എന്നാണ്
അയൽക്കാർ ചിരിച്ചു കൊണ്ട് പറയുന്നത്.
കർമ്മദോഷത്തിൻ്റെ ഒരു പാട് മരങ്ങൾ ഉണങ്ങിക്കൊണ്ടിരിക്കുമ്പോൾ ബേനിബദിന്
ദാഹിക്കാൻ തുടങ്ങി.. തണൽമരങ്ങൾക് താഴെ വെയിൽ കത്തി നിന്നു.
വിയർത്തൊലിക്കുന്ന ഇലകളിൽ ഇന്നലെകൾ വറ്റിപ്പോകുന്നു.. വേരുകൾ എത്ര ദൂരേക്ക് തുരന്നിറങ്ങിപ്പോയ് വെള്ളം കോരിക്കുടിച്ചിട്ടും മാറാത്ത മരത്തിൻ്റെ ദാഹം… പക്ഷികൾക്ക് പോലും വേണ്ടാതായ മരങ്ങൾക് കൂരിരുട്ടിലും ദാഹം മാറാത്ത,
ഉറങ്ങാത്ത മരത്തിൻ്റെചോട്ടിൽ രാത്രി കാലത്ത് മാഷ് വന്നിരിക്കും..
ബേനിബാദിലെ കുറ്റവാളികളെക്കാൾ പാപികളായ ദുഷ്ടരാണ് നിങ്ങൾ
കുറ്റവാളികൾക്ക് തണലൊരുക്കിയ മരങ്ങൾ .. ദാഹം മാറാതെയുണങ്ങുന്നത്
നിരപരാധികളായവരുടെ ചുടുകണ്ണീരിൻ്റെ ശാപമാണ്..
കെയ്ദ പിതാവിനോടു പോലും വഴക്കും വക്കാണവും പതിവാണ്..
പക്ഷം ചേരാനാവാതെ വേദന കരഞ്ഞു തീർക്കുന്ന മാതാവ്.. അടുക്കള വാതിലും പിടിച്ച് എന്നും നിൽക്കും.
നല്ലതും വെടക്കും തിരിച്ചറിയാനാവാത്ത
ചങ്ങാതിമാർ എന്തു ചെയ്യണമെന്നറിയാതെ
മാറി നടക്കുന്നത് കെയ്ദക്ക് മാത്രം മനസ്സിലായില്ല…
വീട്ടിനടുത്തായുള്ള തണൽമരത്തിന് ചുറ്റും മിക്ക സമയത്തും അതിനു പറ്റിയ കൂട്ടുകെട്ടുകളും കെയ്ദയുടെ ചങ്ങാതിമാരും എന്നും ഒത്തുകൂടും.
കാര്യമായ തൊഴിലും വിദ്യാഭ്യാസവും ഇല്ലാത്തവർ പഴയ കൊള്ളക്കാരുടെ പുതിയ സംഘങ്ങൾക്ക് വേണ്ടി വെറുപ്പിൻ്റെ മൊത്ത വിതരണക്കാരായ് മാറി..
കല്യാണം കഴിഞ്ഞാലെങ്കിലും അവൻ നന്നാവും എന്ന് കരുതീട്ടാവാം അവനെ കല്യാണം കഴിപ്പിച്ചത്.
ഹീര മുസഫർപൂരിലെ തുണിമില്ലിൽ ജോലിയുണ്ടായിരുന്നു.കെയ്ദൻ്റെ സുന്ദരിയായ ഭാര്യ കല്ല്യാണത്തിന് ശേഷവും ജോലിക്ക് പോകുന്നതിനെപ്പറ്റി കൂട്ടുകാർ തമാശയാക്കിച്ചിരിച്ചു… ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്ക് ജോലിക്ക് പോകുന്ന സ്ത്രീകളെപ്പറ്റി അസൂയാലുക്കളായ പെണ്ണുങ്ങൾ കുത്തുവാക്കുകൾ പറഞ്ഞു.
അത് ബേനി ബാദിലെ കാറ്റിലൂടെ പല വീടിൻെറയും കിടപ്പറകളിലെപ്പോലും രഹസ്യമായി പടർന്നു.
മദ്യപാനിയായ കെയ്ദൻ്റെകല്യാണത്തിന്
ശേഷവും കുടുബ ജീവിതംപ്രശ്നങ്ങളാൽ
കഴിയുകയായിരുന്നു.
ജോലിക്ക് ശേഷം ചങ്ങാതിമാരുടെ കൂടെ മദ്യപിക്കുമ്പോൾ പട്ടണത്തിൽ ജോലിക്ക് പോകുന്ന സുന്ദരിയായ ഭാര്യയെപ്പറ്റി ചിലർ കുത്തുവാക്കുകൾ പറയുന്നതിൻ്റെ അരിശം വീട്ടിലെത്തിയാൽ അവൻ
ഭാര്യയുടെ കണക്കിൽ തീർക്കും…
കെയ്ദൻ്റെ വീട്ടിലെ ഒരോ ദിവസവും
വഴക്കും പ്രശ്നങ്ങളും കൊണ്ട് നിറഞ്ഞു.
ചമ്പലിൻ്റെ പഴയ കാലത്തെ പ്രതികാരബീജങ്ങൾ ജീനുകളായ് പുതിയ യുവാക്കളിൽ ജീവിക്കുന്നുണ്ടായിരുന്നു…
കെയ്ദൻ്റെ കൂടെയുള്ള സംഘത്തിൽപ്പെട്ട ചിലർ അത്തരക്കാരായിരുന്നു.
കെയ്ദൻ്റെ കല്യാണത്തിന് ശേഷമാണ് വിനയ്റാം ജോലിയും കേയ്ദൻ്റെ കൂടെയാക്കിയത്. ക്രമേണ കൂട്ട്കെട്ടും കമ്പനിയും ബേനിബാദിലെ തുക്കടാ ടീമിൻ്റെ കൂടിയത് ബേനിബാദിലെ യുവാക്കളിൽ പലരും കൊള്ളക്കാരുടെ വിഷബീജവും അസൂയയും കൊണ്ട് കറുത്തവരാണ്.
വിദ്യാഭ്യാസം നേടിയവർ പോലും
ജോലിയും കഴിഞ്ഞ് രാത്രിയോടെ ഇവരുടെ കൂടെയുണ്ടാവും.. പുറം ലോകവുമായി ബന്ധങ്ങളുണ്ടാക്കാനാവാത്ത അധോമുഖരായ വിഢികൾ ഇവരുടെ നേതാവായി സ്വയം കരുതി…
കൊള്ളക്കാരുടെ മൂന്നാം തലമുറയിലെ
യുവാക്കളാണ് ബേനിബാദിലെ നിർമ്മാണമേഘലയിലും കൃഷിയിടങ്ങളിലും
ജോലി ചെയ്യുന്നത്.. താരതമ്യേന വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന സാമൂഹ്യാവസ്ഥയിൽ രാഷ്ടീയം നോക്കിയും സാമൂഹ്യ പ്രവർത്തനം നടത്തുന്നതും എതിരാളികളെ പല വിധത്തിലും ഉപദ്രവിക്കുവാനും ഇതേ സംഘത്തിനെ തന്നെയാണ് ഉപയോഗിക്കുന്നത്.
വിനയ്റാം പകൽ മുഴുവൻ കേയ്ദൻ്റെ കൂടെ ജോലിയിലാണ്…
മദ്യപാനത്തിലും സ്വഭാവത്തിലും ഒരേ ദിശയിലേക്ക് നടക്കുന്നവർ..
ജോലി കഴിഞ്ഞാലും രാത്രിയോളം വിനയ്റാം ബേനിബാദിലായിരിക്കും..
കവാറ്റസയിലെ വീട്ടിലേക്ക് ഉറങ്ങാൻ മാത്രം പോകും.. ചെറിയ വീട്ടിൽ അവനും അമ്മയും ഒരു സഹോദരിയും മാത്രമാണുള്ളത്..
ജോലിയുണ്ടായാലും ഇല്ലങ്കിലും രാവിലെ വീണ്ടും ബേനിബാദിലെത്തും.
അതു കൊണ്ട് തന്നെ കവാറ്റ്സയിലെ സാധാരണക്കാർക് വിനയ്റാമിനെ അവിടെ കണ്ട് പരിചയമില്ല…
വിനയ്റാം കല്യാണം കഴിച്ചിട്ടില്ല..
അതിനിടെ ഒറ്റ സഹോദരിയുടെ കല്യാണത്തിന് അവൻ്റെ കയ്യിലെ മുഴുവൻ പണവും കടം വാങ്ങിയും വീട് പുതുക്കി പണിതു.. സഹോദരിയുടെ കല്യാണവും കഴിച്ച് വിട്ടു.. താമസിക്കുന്ന
വീടും സ്ഥലവും വിനയ്റാമിനുള്ളതാണന്ന് അമ്മ പറയാറുണ്ടായിരുന്നു.. വിനയ് റാമിൻ്റെ പിതാവ് വർഷങ്ങൾക്ക് മുന്നെ മരണപ്പെട്ടിരുന്നു.
സഹോദരിയുടെ കല്യാണത്തിന് ശേഷം
വീട്ടിൽ ഒറ്റക്കായ മാതാവിനെ സഹായിക്കാനും ജീവിതത്തിന് ഒരു മാറ്റമുണ്ടാക്കാനും വിനയ്റാമിൻ്റെ കല്യാണത്തിനെ പറ്റി ബന്ധുക്കളും ചങ്ങാതിമാരും ആലോചിച്ചു.
കല്യാണത്തിന് പണം വേണം.. അതിന് സ്വത്ത് ഭാഗം ചെയ്യണം.. വീട് ഉൾപ്പെടുന്ന ഭാഗം വിനയ്റാമിനും ബാക്കി കല്യാണം കഴിഞ്ഞു പോയവൾക്കും കൊടുക്കാൻ അമ്മ തീരുമാനം പറഞ്ഞു… വീട് വിനയ് റാമിന് കിട്ടിയാൽ ഈട് വെച്ച് ലോൺ എടുത്ത് കല്യാണവും കഴിച്ച് സുഖമായ് ജീവിക്കാലൊ.. തീരുമാനം സഹോദരിയെ അറിയിച്ചു…
അവൾ സമ്മതിച്ചില്ല.. വീട് അവൾക്ക് വേണം എന്നായി.. പിറ്റേ ദിവസം മകൾ വീട്ടിലേക്ക് വന്നപ്പോൾ
അമ്മയും കുറേ നേരം അവളോട് സംസാരിച്ചു. അവൾ ഒന്നിനും വയങ്ങിയില്ല.
വിനയ്റാം രാത്രി വീട്ടിലെത്തി.. അവളോടുo അമ്മയോടും കൂടി സംസാരിച്ചു.. ഒന്നിനും സഹോദരി വഴങ്ങിയില്ല. ഭർത്താവിന് നല്ല ജോലിയില്ല വരുമാനമില്ല.. എന്നും മദ്യപിച് ഉപദ്രവിക്കും ഏത് സമയവും വഴക്കും വക്കാണവുമാണ്. അവിടുന്ന് ഇറങ്ങേണ്ടി വന്നാൽ ഞാൻ എങ്ങോട്ട് പോകും.
വീട് തരാൻ പറ്റില്ല.. അവൾ പറഞ്ഞു.
പിന്നെ സ്വരം മാറി. കണക്ക് പറച്ചിലായി…
അമ്മ അകത്തേക്ക് പോയി കിടന്നു..
വിനയ്റാം ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.
കിഷൻദ നടന്ന അതേ വഴിയിലൂടെ.
പിന്നാലെ വരുന്നവരെയും കൂട്ടി മാഷ്
മുന്നിൽ നടക്കുന്നത് വിനയ്റാം കണ്ടു.
അവൻ എന്തൊക്കയോ ചോദിക്കുന്നുണ്ടായിരുന്നു
ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഇരുട്ടിൽ ആരും കേട്ടില്ല…
നേരം പുലർന്നപ്പോൾ വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിയാടുന്ന വിനയ് റാമിനെ സഹോദരി ഒഴികെ ബാക്കിയെല്ലാവരും വന്നു കണ്ടു…