രചന : എസ്.എൻ.പുരം സുനിൽ✍
കേരളീയമെന്നുദ്ഘോഷ പൂരിത
വാരിളംതെന്നൽ തൊട്ടുതലോടുമീ
ഭാവസമ്പന്ന ലോകമതിങ്കലോ
കോമളമെന്ന കോമാളിവേഷമായി
കാടറിഞ്ഞോന്റെ കാടത്തപൂർവ്വത
നാടറിഞ്ഞു ചിരിക്കുവാൻ വേണ്ടിയോ
കാടുവിട്ട കിളിമകൾ പെട്ടൊരീ
കൂടൊരുക്കി രമിപ്പു നാമിങ്ങനെ…?
കാഴ്ചയേറുന്ന മാനവീയത്തിലെ
കാഴ്ച മാത്രമായൊട്ടൊതുങ്ങീടുന്ന
വീഴ്ച – താഴ്ചകളേറുന്ന ജീവിത –
ക്കാഴ്ചവട്ടത്തിൻ കോപ്പൊരുക്കങ്ങളിൽ
വേഷമത്രേ പ്രധാനമതാകയാൽ
വേഷമിങ്ങനെ കെട്ടിച്ചു പോറ്റിയ
ചേഷ്ട തീർക്കും നവോത്ഥാനപൂർണ്ണിമ
ശ്രേഷ്ഠമെന്നോ കുറിക്കേണ്ടൂ പിന്നെയും ..?!
കാടൊതുങ്ങിയും കാവുകൾ വറ്റിയും
കാലമെത്ര കുതിക്കിലുമെന്തിതേ
കാട്ടുമക്കളെ ചേർക്കേണ്ട വേദിയിൽ
കോട്ടമേറിയിരുട്ടു പരക്കുന്നു..?!
നീണ്ട കാഴ്ചക്കുമപ്പുറം നീളുന്ന
വിണ്ടുലഞ്ഞ സമീപനരീതികൾ
തണ്ടൊടിച്ചു തകർക്കയാണിപ്പൊഴും
കൊണ്ടുണരേണ്ട വിപ്ലവഭൂമിക…!!!