രചന : സെഹ്റാൻ✍
കുരിശിലേറ്റപ്പെട്ടവനെ
കാണാൻ പോകവേ
അൽമിത്ര എന്ന യുവതിക്ക്
മലയടിവാരത്തിൽ നിന്നായിരുന്നു
ആരോ ഉപേക്ഷിച്ച മുപ്പത്
വെള്ളിനാണയങ്ങൾ
കളഞ്ഞുകിട്ടിയത്.
മരുഭൂവിലെ സാർത്ഥവാഹക
സംഘത്തലവൻമാരുടെ
ലൈംഗികോപകരണമായ
അവളുടെ ദേഹത്തിന്റെ
നിമ്നോന്നതകളിലെങ്ങും
കൊളുത്ത് പോലുള്ള
ചോദ്യങ്ങൾ
മുനകൂർത്ത് നിന്നിരുന്നു.
വിതയ്ക്കുകയോ, കൊയ്യുകയോ
ചെയ്യാത്ത പറവകളോടവൾ
ചോദ്യങ്ങൾക്കുത്തരം
തേടുകയുണ്ടായെങ്കിലും
തിരിഞ്ഞുനോക്കാതെ
മലനിരകൾക്കപ്പുറത്തേക്കവ
പറന്നു പോവുകയാണുണ്ടായത്!
ക്രൂശിതനും, അവന്റെ ചരിത്രവും
അവൾക്കജ്ഞാതമായിരുന്നു.
പൂരിപ്പിക്കാനാവാത്ത അവളുടെ
സമസ്യകൾ കണക്കെ.
രക്ഷകനെന്നോ…
ശിക്ഷകനെന്നോ…
അവൾ മലകയറിച്ചെല്ലുമ്പോൾ
അവൻ കുരിശിൽ
തൂങ്ങിക്കിടപ്പുണ്ടായിരുന്നു.
അവളുടെ കണ്ണുകളിലെ
കൂർത്ത ചോദ്യചിഹ്നങ്ങൾ
മരണത്തെക്കാളുമവനെ
അസ്വസ്ഥപ്പെടുത്തി.
അതവളുടെ നാവിൻതുമ്പിലൂടെ
അവനെത്തിരക്കിയെത്തും
മുൻപേ അവൻ
കുരിശിറങ്ങി ഝടുതിയിൽ
അടിവാരത്തിലേക്ക്
നടക്കാൻ തുടങ്ങി.
“ദയവായി എന്റെ ഒരു ചോദ്യത്തിനെങ്കിലും
ഉത്തരം നൽകൂ…”
“എന്താണത്?”
അയാൾ നിന്നു.
“നീ ഉയിർത്തെഴുന്നേൽക്കുമോ?”
“ഉയിർത്തെഴുന്നേൽക്കുമെങ്കിൽ…?”
അവൾ കൈകൾ തുറന്നുകാട്ടി.
മുപ്പതു വെള്ളിനാണയങ്ങളുടെ
തിളക്കം!
“എങ്കിൽ ഞാനുമെന്റെ ചോദ്യങ്ങളും
നിനക്കായിവിടെ കാത്തിരിക്കും.”
നാണയത്തിളക്കത്തിൽ
അയാളുടെ കണ്ണുകൾ ചിമ്മി.
ഒരുയിർത്തെഴുന്നേൽപ്പിന്
മാത്രമായ് പിന്നെയവൻ
തപ്പിത്തടഞ്ഞ് മലയിറങ്ങുന്നത്
ദുരൂഹതയുടെ വലക്കണ്ണികൾക്കിടയിൽ
കുരുങ്ങിയ സ്വപ്നത്തിന്റെ
മഴനൂലുകൾക്കിടയിലൂടെ കണ്ടു
അൽമിത്ര!
⬛