രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍
വീണുകിട്ടിയൊരവസരത്തിൽ
വലിയ സൈക്കിളിന്റെ
നീളൻകമ്പിക്കടിയിലൂടെ
ഒറ്റക്കാലുകുത്തി
ചവിട്ടിപ്പടിക്കുന്നതിനിടയിലാണ്
അച്യുതൻ നായരുടെ കയ്യാലയിൽ
നിലതെറ്റിപ്പോയിടിക്കുന്നതും
നിലത്തടിച്ചുവീണു മുട്ടുപൊട്ടിയതും .
പറ്റിയമണ്ണെല്ലാം തുടച്ചുകളഞ്ഞു
പതിയെഉരുട്ടി തിരികെയെത്തുമ്പോഴാണ്
ആദ്യത്തെത്തതലോടൽ
കവിളത്തു കിട്ടിയതും
ചിറ്റപ്പാ വിളി വായിൽ
ചോരയുടെ കയ്പുനിറച്ചതും
കാതൊരു നീളൻ വിസിലൂതിയതും
നീലാകാശം നിറയെനക്ഷത്രങ്ങളോടെ
കൺമുന്നിലേക്കു നിവർന്നുവീണതും .
തലയിലെ പെരുപ്പിന്റെ
കടുംകെട്ടഴിഞ്ഞു
കണ്ണുതുറക്കുമ്പോൾ
മൃദുലവിരലുകൾ
തലയിൽ തഴുകുന്നുണ്ടായിരുന്നു.,
പുകമുറ്റിക്കനച്ചവിയർപ്പുനാറ്റത്തെ
ഇറുക്കിപ്പിടിച്ചു തേങ്ങുമ്പോൾ
ഉള്ളിലുള്ള കന്മഷം
ഉരുകിപ്പോകും പോലെ.,
അമ്മേ യെന്നൊരുവിളി
തൊണ്ടക്കുഴിയിൽ
വഴിയറിയാതെ വിറക്കുംപോലെ .,
കരളുകടഞ്ഞുകവിളിൽവീണ
തീത്തുള്ളികൾ തുടച്ചുമാറ്റി
പുഴയോരത്തേക്കു നടക്കുമ്പോൾ
ആത്മനിന്ദയുടെ കനംതൂങ്ങി
നെഞ്ചകം വിങ്ങിയിരുന്നു .
ഇന്നും കിട്ടിയല്ലേ എന്ന്
നിർദ്ദയം പരിഹസിക്കുന്ന പുഴയോട്
പകതോന്നിയിട്ടാണ്
ചുഴിയുടെകൂടുതേടി
കയത്തിലേക്കൂളിയിട്ടത് .,
ഉള്ളിൽപ്പതഞ്ഞ സങ്കടങ്ങളും
നെഞ്ചിൽത്തിളച്ചനോവും
ജലചുംബനങ്ങളാലൊപ്പിയെടുത്ത്
പുഴയാഴങ്ങളെനിക്ക്
സ്നേഹസാന്ത്വനത്തിന്റെ
കുളിരുപകരുന്നപോലെ .,
അടിയൊഴുക്കിലൊളിഞ്ഞിരിക്കുന്ന
മൃതിഭൂതങ്ങളോടു മത്സരിച്ചുതോറ്റ്
മണൽതിട്ടമേൽ മലർന്നുകിടക്കുമ്പോൾ
മേഘവിടവുകളിലൊരുതാരകം
മകനേ പൊറുക്കെന്ന് പറയുംപോലെ ..
കുലംകുത്തിയൊഴുകിയ
കാലത്തിന്റെ മലവെള്ളപ്പാച്ചിലിൽ
ജന്മബന്ധത്തിൽശേഷിച്ച
അവസാനവേരും മുറിച്ചുകളഞ്ഞു
പങ്കിട്ടുകിട്ടിയതിന്റെ
ആണിക്കല്ലും വിറ്റുതിന്നവർ
വിഴുപ്പുഭാണ്ഡം പോലെ
പാതിവഴിയിലുപേക്ഷിച്ച
ദ്രവിച്ചുതുളവീണഹൃത്തുമായ്
അതിമൃദുലം പിടയ്ക്കുന്ന
പാതിമരവിച്ച വൃദ്ധജീവനെ
കർമ്മബന്ധത്തിന്റെ
ഏച്ചുകെട്ടിയ കൊമ്പിൽ
വീഴാതെതാങ്ങിനിർത്തുമ്പോൾ
നരച്ചക്കണ്ണുകൾ
നീറിനിറഞ്ഞിരുന്നു.
തിരിച്ചറിഞ്ഞില്ല ഞാനെന്ന്
വിറച്ചചുണ്ടുകൾ
പുലമ്പുന്നുണ്ടായിരുന്നു.
കടമയെന്ന മുൾക്കിരീടവും ചൂടി
ബാധ്യതക്കുരിശേറ്റിനിൽക്കുമ്പോൾ
നടന്നുവന്ന കനൽപ്പാതകൾ
ഞാൻ മറന്നുപോവുകയായിരുന്നു .,
അറിയാതെ എന്നിലൊരു
വാത്സല്യക്കടലിരമ്പുകയായിരുന്നു.