ന്യൂയോർക്ക്: സാമൂഹിക സേവനത്തിനും കാരുണ്യ പ്രവർത്തനത്തിനും പ്രാധാന്യം നൽകി ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കോ (ECHO- Enhance Community through Harmonious Outreach) എന്ന സംഘടന പൊതുജനങ്ങളുടെ അറിവിലേക്കായി “പ്രോപ്പർട്ടി ടാക്സ് ഇളവുകളും- മെഡികെയർ പ്രയോജനങ്ങളും” എന്ന വിഷയത്തിൽ ന്യൂഹൈഡ് പാർക്കിൽ വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ പഠന സെമിനാർ സംഘടിപ്പിക്കുന്നു. എക്കോയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പൊതുജനങ്ങൾക്ക് പുതിയ അറിവുകൾ നൽകി അതിലൂടെയുള്ള പ്രയോജനങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. 17-ന് വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ എക്കോയുടെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ മുതിർന്ന പൗരന്മാർക്കായി ന്യൂഹൈഡ് പാർക്കിലെ ക്ലിന്റൺ ജി. മാർട്ടിൻ ഹാളിൽ (Clinton G. Martin Hall, 1600 Marcus Ave, New Hyde Park, NY 11042) വെള്ളിയാഴ്ചകളിൽ നടത്തി വരുന്ന “സീനിയർ വെൽനെസ്സ്” പ്രോഗ്രാമിനോട് അനുബന്ധമായിട്ടാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

ന്യൂയോർക്കിലെ നാസ്സോ കൗണ്ടി നിവാസികൾക്ക്‌ പ്രോപ്പർട്ടി ടാക്‌സിലുള്ള ഇളവുകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും, മുതിർന്ന പൗരന്മാർക്ക് വിവിധ തരത്തിലുള്ള മെഡികെയർ സ്കീമുകൾ ഏതൊക്കെ എന്നും വിശദമായി പ്രതിപാദിക്കുന്ന പഠന ക്ലാസ് സീനിയർ ഇൻഷുറൻസ് അഡ്വൈസർ ഫ്രാങ്ക് അമോദിയോ നയിക്കുന്നതാണ്. പ്രസ്തുത രണ്ട് വിഷയങ്ങളിലും പൊതുജനങ്ങൾക്കുള്ള എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സെമിനാറിൽ ഉത്തരം ലഭിക്കുന്നതാണ്. താപ്പര്യമുള്ള എല്ലാവർക്കും സെമിനാറിൽ പങ്കെടുക്കാവുന്നതാണ്.

കഴിഞ്ഞ ഒന്നര വർഷമായി എക്കോയുടെ ആഭിമുഖ്യത്തിൽ ന്യൂഹൈഡ് പാർക്ക് ക്ലിന്റൺ ജി മാർട്ടിൻ ഹാളിൽ വെള്ളിയാഴ്ചതോറും നടത്തിവരുന്ന സീനിയർ വെൽനെസ്സ് പരിപാടി ഇതിനോടകം ധാരാളം മുതിർന്ന പൗരന്മാർക്ക് പ്രയോജനപ്പെട്ട് വരുന്നു. ദീർഘകാല സേവനങ്ങൾക്ക്‌ ശേഷം സ്വന്തം ഭവനങ്ങളിൽ വിശ്രമ ജീവിതം നയിക്കുന്നവർക്കും ഏകാന്തത അനുഭവിക്കുന്നവർക്കും മാനസീകോല്ലാസത്തിനും ആരോഗ്യ പരിപാലനത്തിനും സീനിയർ വെൽനെസ്സ് പരിപാടി ഉപയോഗപ്പെടുന്നു. ഏവർക്കും സെമിനാറിലേക്ക് സ്വാഗതം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: (516) 902-4300; ഇമെയിൽ: echoforusa@gmail.com www.echoforhelp.org

By ivayana