മാനത്തൊരു മഴവിൽ കാൺകേ
മഴയൊന്നു പൊടിഞ്ഞേയെന്നിൽ
മാരിക്കാറിടിയും വെട്ടി
പെയ്താറീയിന്നെന്നുള്ളം ..

അമ്പിളിയെച്ചെന്നു പിടിക്കാൻ
കൈയെത്തിത്തൊട്ടുതലോടാൻ
അക്കുന്നിൻ നെറുകയിൽ ഞാന-
ന്നാരാരും കാണാതേറ്യേ

തെളിമാനത്തോപ്പിൽ ചേലിൽ
കൈ നീട്ടിയ രൂപം കാണാൻ
പൊരിവെയിലിൽ നട്ടുച്ചയ്ക്കെൻ
നിഴലിൽ ഞാൻ മിഴിയും നട്ടു..

എന്നച്ഛൻ മുറുക്കിത്തുപ്പണ
പോലെന്നുടെ വായ ചെമക്കാൻ
കൊങ്ങിണി തൻ വിത്തും കാപ്പി –
ത്തളിരും ‘ഞാൻ തിന്നു ചെമന്നേ

ഇറവെള്ളം തീർക്കുംപുഴയിൽ
മറിയാതെൻ തോണിയൊഴുക്കാൻ
കളിയായെൻ കൂട്ടരുമൊത്ത്
പന്തയവും വെച്ചതുമോർപ്പൂi ‘

കുട ചൂടിക്കുന്നിൽ മുകളിൽ
ഇടിവെട്ടിയ മഴ കഴിയുമ്പോൾ
ചേമ്പിലത് കൂടമെടഞ്ഞ്
കൂണിനു ഞാൻ പരതി നടന്നേ

ആട്ടങ്ങ പറിച്ചും വന്നി
ട്ടമ്മാനക്കളിയതുമോർക്കേ
ചെമ്മാനം പോലെയെന്നുടെ
യിമ്മനമിന്നാനന്ദിപ്പൂ..

കടലാസു ചുരുട്ടിനുള്ളി –
ലൊളിച്ചീടും കള്ളനെയറിയാൻ
കൺനോക്കി ഭാവം കണ്ടീ-
പ്പോലീസ് ഞാൻ വിരുതറിയിക്കും..

പൂജ്യത്തെക്കൂട്ടി വരച്ച
ക്കള്ളിയിലൊരു നൂറു കടങ്ങൾ
കടലാസിനുള്ളിൽ നിരത്തി
കൂട്ടരുമായൊത്തു രസിച്ചേ..

ഓണത്തിനു നാളിൻ മുമ്പേ
തിരുവോണമണഞ്ഞിടുമെന്നിൽ
ഓണപ്പൂക്കുട നിറയ്ക്കും
പൂപ്പാട്ടിന്നിശലിന്നാലേ..

ചേലിൽ ഞാൻ തീർത്തൊരു പട്ടം
നൂലിൽ ഞാൻ വിട്ടൊരു നേരം
മാനത്തും മുട്ടിടുമെന്റെ
പട്ടത്തോടൊപ്പം മനവും..

മുറ്റത്തെച്ചെറു കുഴിയരികെ
ഏട്ടൻമാർ കോട്ടി കളിക്കേ
കക്കാടാൻ കള്ളിവരച്ചേൻ
ഒറ്റക്കാൽ തുള്ളി ജയിച്ചേൻ..

മഴ മാറി വെയിലുപരക്കേ
താഴ്ന്നങ്ങനെ തുമ്പി പറക്കേ
ആക്കത്തിൽ ചെന്നൊരു തുമ്പി –
ത്തുമ്പിൽ ഞാൻ നൂലുകൊരുക്കും..

കെങ്കേമൻ ഞാനെന്നോതി
കൂക്കും പൂങ്കോഴിക്കാതിൽ
മിന്നുന്നൊരു കമ്മലു തൂക്കി
ക്കണ്ടിട്ടന്നാർത്തു ചിരിച്ചേൻ ..

പുഴ നീരതുരുട്ടിത്തന്ന
വെള്ളാരം കല്ലു പെറുക്കി
കൊത്തങ്കല്ലാടാൻ ഞാനും
പെൺകൂട്ടിനൊടൊപ്പം ചേർന്നേ…

മുത്യമ്മക്കഥകൾ കേൾക്കേ
മുത്തം തന്നിടയിടെയെന്നുടെ
മത്തങ്ങക്കവിളും മനവും
ഒത്തിരിയന്നൊത്തു തിളങ്ങ്യേ..

ചെറുശ്ശേരിപ്പാട്ടിന്നിടയിൽ
ആരാരും കാണാതന്നൊരു പീലിച്ചിന്തതു പെറ്റീടാൻ
നോമ്പുകൾ ഞാൻ നോറ്റതു മോർപ്പൂ..

പാടത്തു വിതയ്ക്കും വിത്തിനു
മാടത്തയകറ്റാനായി
തുടികൊട്ടിപ്പാടവരമ്പ-
ത്തുശിരോടെ പാടി നടന്നേൻ..

വാഴത്തട ചങ്ങാടത്തിൽ
ഒഴുകും പുഴയ ക്കരെയെത്താൻ
പേടിയുമെന്നുള്ളിലൊതുക്കീ-
ട്ടേട്ടൻമാർക്കൊപ്പം ചേർന്നേ…

മര മുകളിൽ കേറിക്കൂടാ
പെണ്ണേ,നീയെന്നൊരു നാളും
ഉരിയാടിയതില്ലെന്നമ്മ
പെരുമരമോളേറും ഞാനും ..

അങ്ങകലെപ്പാടച്ചേറിൽ
ഉഴുതേറുന്നച്ഛനെ,യുണ്ണാ –
നാണുങ്ങള് കൂക്കണപോലെ
ഉച്ചത്തിൽ കൂക്കിവിളിച്ചേൻ’..

തെളിനീരിൽ നീന്തി മദിക്കാൻ
മുങ്ങാങ്കുഴിയിട്ട് രസിക്കാൻ
ചങ്ങാതിക്കൊപ്പം കൂടണ
ഓർമയിൽ ഞാനിന്നും നനയും..!

ചില്ലു വളപ്പൊട്ടിൻ ജാലം
ചിപ്പിയിലെ മുത്തുകൾ പോലെ –
ന്നുള്ളിൽ നിറപീലി വിടർത്തും
ബാല്യത്തിൽ ചേക്കേറും ഞാൻ…!

എത്ര മഷിത്തണ്ടിന്നാലും
മായ്ച്ചീടാനാവായെന്നുടെ
നിറമോലും കളിയും ചിരിയും
പല ഭാവം പകലും രാവും..!

ജലജാപ്രസാദ്

By ivayana