മാത്യുക്കുട്ടി ഈശോ✍
ന്യൂയോർക്ക്: ഹൃസ്വ സന്ദർശനത്തിന് അമേരിക്കയിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി റിങ്കു ചെറിയാന് ലോങ്ങ് ഐലൻഡിലെ ഫ്രണ്ട്സ് ഓഫ് റാന്നി ന്യൂയോർക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. റാന്നി സ്വദേശിയും റാന്നി നിയമ സഭാ മണ്ഡലത്തിലെ മുൻ എം.എൽ.എ ആയിരുന്ന പരേതനായ എം. സി. ചെറിയാന്റെ മകനുമായ റിങ്കു ചെറിയാൻ കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ ചുരുങ്ങിയ വോട്ടുകൾക്കാണ് കോൺഗ്രസ്സ് സ്ഥാനാർഥിയായി റാന്നിയിൽ പിന്തള്ളപ്പെട്ടത്. ഫ്രണ്ട്‌സ് ഓഫ് റാന്നി ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻറ് റെജി വലിയകാലയുടെ നേതൃത്വത്തിൽ ഫ്ലോറൽ പാർക്കിലെ ദിൽബാർ ഹോട്ടൽ അങ്കണത്തിൽ വച്ച് നൽകിയ സ്വീകരണത്തിൽ ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും വിവിധ റാന്നി സ്വദേശികളും മറ്റു സുഹൃത്തുക്കളും പങ്കെടുത്തു.
റെജി വലിയകാലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തോമസ് മാത്യു (അനിൽ) ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. റാന്നിയുടെ മുൻ എം.എൽ.എ ആയിരുന്ന പരേതനായ എം.സി. ചെറിയാൻ റാന്നിക്ക് ചെയ്ത വികസന പ്രവർത്തനനങ്ങളും അദ്ദേഹത്തിൻറെ മകനും കെ. പി. സി. സി. നിയുക്ത ജനറൽ സെക്രട്ടറിയും റാന്നിയുടെ ഭാവി വാഗ്ദാനവും ആയ റിങ്കുവിൽ നിന്നും റാന്നി നിവാസികൾ പ്രതീക്ഷിക്കുന്ന പ്രവർത്തനങ്ങളും എന്തൊക്കെയെന്ന് അദ്ധ്യക്ഷൻ റെജി വലിയകാല യോഗത്തിൽ പ്രസ്താവിച്ചു.
2018-ലെ പ്രളയ ദുരിതത്തിൽ ഏറ്റവും അധികം നാശ നഷ്ടങ്ങൾ സംഭവിച്ച റാന്നിയിലേക്ക് പ്രവാസികളായ അമേരിക്കക്കാർ പ്രത്യേകിച്ച് റെജി വലിയകാലയുടെ നേതൃത്വത്തിൽ ന്യൂയോർക്ക് സുഹൃത്തുക്കൾ ചെയ്ത വലിയ സഹായ സഹകരണങ്ങൾക്ക് റിങ്കു പ്രത്യേക നന്ദി പ്രകാശിപ്പിച്ചു. പ്രളയ ദുരിതത്തിന് ശേഷം കേരളാ മുഖ്യമന്ത്രി അമേരിക്കയിൽ വരെ വന്ന് കോടിക്കണക്കിന് രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിച്ചുപോയെങ്കിലും, ഇതുവരെ യാതൊരു സഹായവും ലഭിക്കാത്ത ആയിരക്കണക്കിന് ആളുകൾ റാന്നി പ്രദേശത്ത് ഇന്നും ഉണ്ട് എന്ന സങ്കടകരമായ വസ്തുതയും റിങ്കു തന്റെ പ്രസംഗത്തിൽ പറഞ്ഞു. നാട്ടിൽ നിന്നും വളരെ ദൂരെ ഏഴാം കടലിനക്കരെയാണെങ്കിലും സ്വന്തം നാടിനെ സ്‌നേഹിക്കുകയും ആവശ്യ സമയത്ത് ധാരാളം സഹായങ്ങൾ എത്തിച്ച് തരുന്നതുമായ റാന്നി സുഹൃത്തുക്കളുടെയും പ്രവാസികളുടേയും കരുതലും കൈത്താങ്ങലും എന്നും എപ്പോഴും ഉണ്ടായിരിക്കണമെന്നും റിങ്കു അഭ്യർഥിച്ചു.
ഫ്രണ്ട്‌സ് ഓഫ് റാന്നി, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല എന്നീ സംഘടനകളിലെ അംഗങ്ങളായ മാത്യു തോമസ് (ബാബു), സജി എബ്രഹാം, അഡ്വ. സക്കറിയ കരുവേലി, കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ സെക്രട്ടറി ഫിലിപ്പ് മഠത്തിൽ, ന്യൂജേഴ്‌സിയിൽ നിന്നെത്തിയ സജി, അരുൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് യോഗത്തിൽ സംസാരിച്ചു.