രചന : അഫ്സൽ ബഷീർ തൃക്കോമല✍
ചക്രവാക ചുഴിയിലകപ്പെട്ടപോലൊരു
പ്രണയത്തിൽ കുടുങ്ങിയെന്നു
മുൻപ് കേട്ടിരുന്നു
ഇന്ന് വടിവാളെടുക്കാനായി
ഒരു പ്രണയമെന്നാരോ പറഞ്ഞു .
ഇടവേളകൾ നീണ്ട പ്രണയ
സൗഹൃദങ്ങളിൽ അന്തര്മുഖരായിരിക്കുന്നതൊരു
നവ്യാനുഭൂതിയല്ല …
കൗമാരകാലത്തെ നടവരമ്പിൽ
പറഞ്ഞു തീരാതെ പോയതൊക്കെയും
ഇന്ന് പൂരിപ്പിച്ചാൽ പരിഹാസ്യമാകും .
അന്ന് ചിന്തിച്ചിരുന്ന ഒക്കെയും
സ്വപ്നം കണ്ടതും ചേർത്ത് വച്ചാലും
അത് ഇന്നത്തെ ഒന്നിനും സമാനമല്ല
എന്നിട്ടും പറയുന്നു നഷ്ട്ട പ്രണയത്തോളം
കുളിരുള്ള ഓർമ്മകളൊന്നുമില്ലന്ന്
വെറുതെ ഓർത്തു ചിരിക്കാൻ
അത് കൊള്ളാം ജീവിക്കാൻ ഇതും കൊള്ളാം
അങ്ങനെ സമാധാനിച്ചു ജീവിക്കുന്നതിനിടയിൽ
ചുമ്മാ ഒരു പ്രണയത്തെ തേടേണ്ടതില്ല .
അതൊരു ദുരന്തമായി മാറും.
ചുരുക്കത്തിൽ ശരാശരി
പ്രണയങ്ങളെല്ലാം ഉള്ളിൽ ഇരിക്കട്ടെ
ഇനിയും പറഞ്ഞെ തീരൂ എന്നുണ്ടെങ്കിൽ കവിതയായി എഴുതാം .
എല്ലാവരും ചിരിക്കട്ടെ