വളരെ നന്നായി, സ്നേഹത്തോടെ പെരുമാറിയിട്ടും അവൻ /അവൾ വേണ്ടത്ര പരിഗണിക്കാത്തത്, അടുപ്പം കാണിക്കാത്തത് എന്താവും..?
ജീവിതത്തിൽ ചിലപ്പോഴൊക്കെ നമ്മെ വലയ്ക്കുന്ന ഒരു ആശങ്കയാണിത്. ആൾക്കാരുടെ പരിഗണന/ മുൻഗണനകളിൽ നിന്ന് നമ്മൾ വല്ലാതെ അകന്നു പോയിരിക്കുന്നു എന്ന ഒരു തോന്നലിൽ നിന്നാണ് സാധാരണ ഗതിയിൽ ഇത്തരം സംശയങ്ങൾ ഉണ്ടായി വരുന്നത്.


മാറിയ സാമൂഹിക ചുറ്റുപാടുകളിൽ ഏറ്റവും പ്രയാസകരമായ ഒരു കാര്യം പരസ്പരം ഇടപഴകുന്ന വ്യക്തികളിൽ നമ്മോടുള്ള അടുപ്പവും കൗതുകവും നില നിർത്തി കൊണ്ട് പോകുക എന്നത് തന്നെയാണ്. അഥവാ ഏറ്റവും കഠിനമായ ഉത്തരവാദിത്തം, സുഹൃദ് സാമൂഹിക ബന്ധങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത് കൊണ്ട് പോവുക എന്നതാണ്. ഈയൊരു ശ്രമത്തിൽ പരസ്പരം കുറവുകൾ വരുമ്പോഴാണ് നമ്മൾ അവഗണിക്കപ്പെടുന്നതായും ഒറ്റപ്പെട്ട് പോകുന്നതായും തോന്നുന്നത്.


വ്യക്തി എന്ന നിലയിൽ എപ്പോഴും വിഭവ സമ്പന്നരായിരിക്കുക എന്നതാണ് അവഗണനകൾ ഒഴിവാക്കാനുള്ള സുപ്രധാന മാർഗം. നമ്മൾ വ്യത്യസ്തവും ധാരാളവുമായ സാധ്യതകൾ ഉള്ളവരാണ് എന്ന തോന്നൽ മറ്റുള്ളവരിൽ ഉണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. തികച്ചും നിസ്സഹായനും നിരാലംബനുമായ വ്യക്തിയോട് അനുകമ്പയോ സഹതാപമൊ മാത്രമേ ഉണ്ടാകാൻ ഇടയുളൂ. പരസ്പര ബഹുമാനമോ ആദരവോ പ്രതീക്ഷിക്കരുത്. പൊങ്ങച്ചത്തിന്റെ അതിർ വരമ്പുകൾ ഭേദിക്കാത്ത രീതിയിൽ നമ്മുടെ സാധ്യതകളും കഴിവും സ്വയം ബോധ്യപ്പെടുത്താൻ മടിച്ചാൽ മറ്റുള്ളവർ നമ്മോട് ഒരു പക്ഷെ വലിയ താല്പര്യം കാണിക്കണമമെന്നില്ല.
‘നീയില്ലാതെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല ‘എന്ന് തികച്ചും വൈകാരികമായി പറയുമെങ്കിലും നീയില്ലെങ്കിലും ഞാൻ അതി ജീവിക്കും എന്ന സന്ദേശം സാന്ദർഭികമായി വാക്കിലോ പെരുമാറ്റത്തിലോ കൈമാറിയെങ്കിൽ മാത്രമേ ബന്ധങ്ങൾക്കിടയിൽ പരസ്പര ബഹുമാനവും മൂല്യവും സ്ഥായിയായി നില നിൽക്കുകയുള്ളൂ.


സ്വന്തം കഴിവിലും സാധ്യതകളിലും അമിതമല്ലാത്ത ആത്മ വിശ്വാസം വളർത്തിയെടുക്കുന്നവർ’വിഭവ സമൃദ്ധരാണ്. അവരെ തേടി സ്നേഹവും പരിഗണനകളും ഇട തടവില്ലാതെ എപ്പോഴും എല്ലായ്പോഴും കടന്നു വരും.

യൂസഫ് ഇരിങ്ങൽ

By ivayana