രചന : ബിനു. ആർ✍
ഇന്നലെ രാത്രിയിലാണ് ദേവ് ഇവിടെ എത്തിയത്. രാജാക്കന്മാരുടെ പറുദീസയെന്ന് പറഞ്ഞ് ഇവിടെ കൂട്ടിവന്നത് രാഹുലാണ്.
ആദ്യം കുടിച്ചത് വെറും ഓറഞ്ചുജൂസായിരുന്നു. പിന്നെ രാഹുൽ ഒരു ഐസ്ക്രീം ഓർഡർ ചെയ്തു.. അത് നുണഞ്ഞു തുടങ്ങിയപ്പോൾ ശരീരത്തിന് ഒരു ലാഘവം വന്നതുപോലെ..
രാഹുൽ പലകാര്യങ്ങളും പറഞ്ഞു. അതിൽ കൂടുതലും ശരീരത്തിന്റെ ഈ ലാഘവത്വം എന്നും നിലനിറുത്തുന്നതിനെ കുറിച്ചായിരുന്നു.. പക്ഷേ അത് നിലനിറുത്തുന്നതിനായി ചില കാര്യങ്ങൾ ചെയ്യണം. ഈ ഐസ്ക്രീം കൂട്ടുകാർക്കായി നൽകണം. മറ്റുപലർക്കും നൽകണം. അങ്ങിനെ ഒരു കൂട്ടായ്മ ക്രമീകരിക്കണം. തന്റെ ചിലവിനുള്ള പണം ഇവിടെ സ്വരൂപിക്കാം. തനിക്ക് എന്നും ഈ മാസ്മരികത നിലനിറുത്താം.
രാഹുൽ പറയുന്നതിലും കാര്യമുണ്ട്. പലപ്പോഴും വീട്ടിൽ തന്റെ ചില്ലറ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെടുമ്പോഴൊക്കെയും സ്കൂൾ ടീച്ചറായ അച്ഛനും അമ്മയും നൂറുനൂറു ചോദ്യങ്ങളുമായ് തന്നെ വട്ടം ചുറ്റിക്കും.
താൻ ലഹരിയുപയോഗിക്കുന്നുണ്ടെന്ന് അവർക്ക് സംശയം. പലപ്പോഴും നനക്കാൻ എടുക്കുന്ന തുണികളിൽ നിന്നും പുകയില മണം തോന്നിയിട്ടുണ്ടെന്ന് അമ്മ. പലപ്പോഴും കാർഷെഡ്‌ഡിന്റെ പുറകിൽ നിന്നും സിഗററ്റിന്റെ പുകയുയരുന്നത് കണ്ടിട്ടുണ്ടെന്ന് അച്ഛൻ.
ഇതിന്റെയെല്ലാം പുറകിൽ സത്യമുണ്ടായിരുന്നുവെങ്കിലും, കൗമാരക്കാരനായ തനിക്ക് അത് നിഷേധിക്കുന്നത് എങ്ങനെ സഹിക്കാനാകും. അപ്പോൾ രാഹുൽ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നി. അങ്ങിനെ ഈ ഐസ്ക്രീം ലഹരിയുടെ വാഹകനായാലോ എന്ന ചിന്ത കനത്തു.
ചിന്തകൾ ഐസ്ക്രീം പോലെ തണുത്തുമരച്ചപ്പോൾ ആണ് ദൂരെ നിന്നും നടന്നടുത്തുവരുന്ന അച്ഛനെപോലെയൊരാളെ കണ്ടത്. തലയുടെ മരപ്പിൽ നിന്നും ഒരുവേള ഉണർന്നപ്പോൾ അത് അച്ഛനല്ലെന്നത് ബോധ്യമായി. അയാൾ പറഞ്ഞ പലകാര്യങ്ങളും ബോധ്യമല്ലാതായി.
അതിന്റ തീഷ്ണാവസ്ഥ മനസ്സിലായപ്പോൾ തിരിച്ചുപോയാലോ എന്നു തോന്നി. അപ്പോഴാണ് രാഹുൽ ഒരു ഗ്ലാസ്സ് കൊക്കോകോള കൊണ്ടുവച്ചത്. അത് കുടിക്കുവാൻ കുറേ നിർബന്ധിച്ചപ്പോൾ, ദേവ് എഴുന്നേറ്റ് തിരിഞ്ഞു നടന്നു.
എവിടെയൊക്കെയോ ചിന്തകളിൽ തന്റെ തെറ്റിന്റെ ശരികൾ ഉണർന്നുതുടങ്ങി.. അവർ നോക്കിനിൽക്കേ ദേവ് ആ സ്ഥലത്തുനിന്നും പുറത്തേക്ക് നടന്നു. വലിയശരികളുടെ ചെറിയ ലോകത്തേക്ക്..