മനുഷ്യനല്ലയൊ
മതി കെട്ടുറങ്ങാം
മനുഷ്യനല്ലയൊ
മടി പൂണ്ടിരിയ്ക്കാം
മനുഷ്യനല്ലയൊ
മറന്നങ്ങു പോകാം
മനുഷ്യനല്ലയൊ
മനം തുള്ളിക്കളിയ്ക്കാം
മനുഷ്യനല്ലയൊ
മനം പൊട്ടിച്ചിരിയ്ക്കാം
മനുഷ്യനല്ലയൊ
മനം നിറഞ്ഞാടാം
മനുഷ്യനല്ലയൊ
മനസ്സൊന്നുപതറാം
മനുഷ്യനല്ലയൊ
മനസ്സൊന്നു പിടയാം
മനുഷ്യനല്ലയൊ
മനം പൊട്ടിത്തെറിയ്ക്കാം
മനുഷ്യനല്ലയൊ
മനം പൊട്ടിക്കരയാം
മനുഷ്യനല്ലയൊ
മനം വിണ്ണിലാകാം
മനുഷ്യനല്ലയൊ
മനം മണ്ണിലാകാം
മനുഷ്യനല്ലയൊ
ചില തെറ്റുപറ്റാം
മനുഷ്യനാണെങ്കിൽ
മനമുണരണം
മതിഭ്രമം വിട്ടി
ട്ടെഴുന്നേൽക്ക വേണം
ഇടയ്ക്കൊക്കെ പിന്നിൽ
തിരിഞ്ഞു നോക്കണം
പിഴവുകളുണ്ടേൽ
തിരഞ്ഞറിയണം
കരുതൽ വേണമാ
കാര്യങ്ങളിൽ പിന്നെ
വളവുകൾ നേരെ
നിവർത്തിടവേണം
ചുളിവുകൾ നേരെ
വരുത്തിടവേണം
കുറവുകൾ നേരെ
നികത്തിട വേണം
പിഴവുകളെല്ലാം
കഴുകണം ചേലിൽ
മനുഷ്യനാണെങ്കിൽ
തിരുത്തണം തിൻമ
മനുഷ്യനാണെങ്കിൽ
വരുത്തണം നൻമ.

എം പി ശ്രീകുമാർ

By ivayana