ജീവന്റെ അഥവാ ജീവിയുടെ മൂലനിർമ്മിതിച്ചേരുവകൾ തിരിച്ചറിയാതെ ജീവിതയാത്രകളുടെ ഏതോ സന്ധികളിൽവെച്ച് എല്ലാം അ റിഞ്ഞുകഴിഞ്ഞിരിക്കുന്നു എന്ന അൽപ്പജ്ഞാനത്തിൽ അഭിരമിക്കുന്നവരുടെ ആലോചനാങ്കണത്തിലേക്ക് എറിഞ്ഞുകൊടുത്തിരിക്കുന്ന ഏറ്റവും പുതിയ ആശയപുഷ്ടി നിറഞ്ഞ സിനിമയാണ് ‘കാതൽ’.
സ്ത്രീ-പുരുഷ-നപുംസക ത്രയങ്ങളിൽ മാത്രമേ മനുഷ്യസൃഷ്ടികൾ ഇന്നോളം നടന്നിട്ടുള്ളൂ എന്ന പഴയ വിശ്വാസങ്ങളിൽ നിന്ന് വ്യത്യസ്തമായി ശാസ്ത്രത്തിന്റെ സൂക്ഷ്മമായ വിലയിരുത്തലുകളിൽ ലിംഗവൈപുല്യങ്ങളുടെ എണ്ണം എത്രയോ അധികമാണെന്ന് കണ്ടെത്തിയിട്ട് കാലങ്ങളായി.


മതങ്ങൾ എക്കാലത്തും ശാസ്ത്രസത്യങ്ങളെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നതുകൊണ്ട്
മത ചട്ടക്കൂടുകളാൽ വിഭജിക്കപ്പെട്ട ലോകജനതകളും മിക്കവാറും അജ്ഞതയിൽ തന്നെ തുഴഞ്ഞുനീങ്ങാറാണ് പതിവ്. ഈ തെറ്റിദ്ധാരണകളാൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സമൂഹങ്ങളിൽ പ്രണയത്തെക്കുറിച്ചും, ഇണ പൊരുത്തങ്ങളെക്കുറിച്ചും, ലൈംഗികതയെക്കുറിച്ചുമൊക്കെ വിവരക്കേടുകൾ വിരിഞ്ഞുനിൽക്കുന്നത് സ്വാഭാവികം മാത്രം.


ജൈവശരീരത്തിന്റെ സ്വസ്ഥതയ്ക്കും, ആനന്ദദായകമായ ഹോർമോൺ ഉൽപ്പാദനത്തിനും,ശരീര പ്രതിരോധപ്രവർത്തനങ്ങൾക്കും പ്രകൃതി നിശ്ചയപ്രകാരമുള്ള ആരോഗ്യകരമായ Sex (ഇണചേരൽ മാത്രമല്ല) ന്റെ പ്രാധാന്യത്തെക്കുറിച്ച് ഇപ്പോഴും പലരും അജ്ഞരാണ്.
സമീപകാലത്തുമാത്രമേ LGBTQ(Lesbian,Gay,Bisexuel,Transgender,Queer) Gender കളെക്കുറിച്ചുള്ള മിനിമം ബോധവും അവരുടെ സ്വത്വത്തെ അംഗീകരിക്കുവാനുള്ള മനസ്സും നമ്മൾക്കുണ്ടായിട്ടുള്ളൂ. എന്നാൽ 58 തരം ലിംഗവൈവിധ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കലാസൃഷ്ടികൾ ഇവിടെ മറ്റ് മാധ്യമങ്ങളിലൂടെ അവതരിയ്ക്കപ്പെട്ടിട്ടുണ്ട്.


വിദേശരാജ്യങ്ങളിൽ പലയിടത്തും ഈ സത്യങ്ങൾ അംഗീകരിച്ചുകഴിഞ്ഞ് പതീറ്റാണ്ടുകൾ പിന്നിട്ടെങ്കിലും
നമ്മുടെ നാട്ടിൽ ഇത്തരം വ്യക്തികൾ ഇപ്പോഴും അവഹേളനങ്ങൾക്കും, പീഡനങ്ങൾക്കും വിധേയരായി ഒതുങ്ങി കഴിയുകയാണ്. മതാന്ധതയിൽ വിവേകം നഷ്ടപ്പെട്ടവരുടെ മുന്നിൽ ഇവർ ‘അസത്തു’ക്കളും, ‘മുൻജന്മ പാപികളു’മാണ്.
കഥാബീജം.

കുടുംബജീവിതത്തിന്റെ അഥവാ ദാമ്പത്യജീവിതത്തിന്റെ സന്തുഷ്ടി പരമാവതി പൂർണ്ണതയിൽ അനുഭവിച്ചറിയുവാൻ കഴിഞ്ഞിട്ടില്ലാത്ത, ആസ്വസ്ഥയായ ‘കാതലിലെ’ നായിക ഓമനയ്ക്ക് (ജ്യോതിക) രണ്ടുപതീറ്റാണ്ടിലെ സ്വകാര്യജീതത്തിൽ കേവലം 4 തവണ മാത്രമേ ഭർത്താവായ മാത്യു ദേവസ്സി (മമ്മൂട്ടി) യുമായി ശാരീരികബന്ധം പുലർത്താനുള്ള അവസരം ഉണ്ടായിട്ടുള്ളൂ എന്നും, അതും അമ്മയാകാനുള്ള തന്റെ ആഗ്രഹം ഒന്നുകൊണ്ടുമാത്രമാണ് എന്നും ഡിവോഴ്സിനുവേണ്ടി കോടതിയിൽ തുറന്നുപറയുമ്പോൾ കോടതിയും, പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിപ്പോകുന്നുണ്ട്. അതിനുള്ള കാരണമായി ഭർത്താവിന്റെ Gay സ്വഭാവത്തെ ഉയർത്തിക്കാണിക്കുമ്പോൾ സിനിമാകേരളവും വിസ്മയപ്പെടുന്നു.


എന്നിരുന്നാലും നായകന്റെ Bisexuality യെക്കുറിച്ച് അനുഭവബോധ്യമുള്ള ആരെയും തെളിവിനുവേണ്ടി കോടതിമുൻപാകെ അവതരിപ്പിക്കാൻ അവർക്ക് കഴിയുന്നില്ല.
കിടപ്പറയിലെ രതിരഹിത രാത്രി മാത്രമാണ് അവരുടെ ചേർച്ചയില്ലായ്മയെ സൂചിപ്പിക്കുന്ന പ്രേക്ഷകമനസ്സിൽ കോറിയ ഏക രംഗം. പിന്നെയുള്ളത് നാട്ടിൽ പരന്നൊഴുകുന്ന കിംവദന്തികളും.


അവസാനം, സാക്ഷിയായി കോടതിയിലെത്തുന്ന മാത്യു ദേവസ്സി യുടെ പിതാവിന്റെ മൊഴിയിലൂടെയാണ് (“ഞാൻ അവന്റെ അച്ഛനല്ലേ” എന്ന ശക്തമായ Statement ലൂടെ) കോടതി ഉത്തരം കണ്ടെത്തുന്നത്.
തുടർന്നുള്ള മാത്യു ദേവസ്സി എന്ന മമ്മൂട്ടിയും പിതാവും തമ്മിലുള്ള വികാരനിർഭരമായ രംഗങ്ങൾ സിനിമയുടെ ആന്തരികനിഗൂഢത പൂർണ്ണമായും വെളിപ്പെടുത്തുന്നതും നിസ്സഹായനായ നായകന്റെ
ദ്വന്ദ ലൈംഗികസ്വത്വം മറനീക്കി വെളിപ്പെടുകയും ചെയ്യുന്നു. വ്യക്തിയുടെ ബയോളജിക്കൽ വൈവിധ്യങ്ങൾ തുടർന്നുള്ള നിത്യജീവിതത്തിലും അനസ്യുതം പ്രകടമാകുമെന്നുതന്നെയാണ് ഈ സിനിമ സ്ഥാപിക്കുന്നത്.


ഇതിനെചുറ്റിപറ്റിയാണ് സംവിധായകനായ ജിയോ ബേബി ‘കാതൽ ദ കോർ’ എന്ന പുതുമയുള്ള ചിത്രം ഒരുക്കിയിരിക്കുന്നത്.
പൊരുത്തക്കേടുകളുടെ പട്ടികകൾ ചികഞ്ഞു ചികഞ്ഞു ഉത്തരം കിട്ടാത്ത പരിഹാരക്രിയകളിൽ തളർന്നുപോകുന്ന പൂർവികരും, അതിനേക്കാൾ ആഴത്തിൽ അന്ധവിശ്വാസങ്ങളുടെ ചുമലിൽ കയറി സമൂഹത്തിന്റെ സദാചാര ഉരക്കല്ലിൽ ജീവിതവൈവിധ്യങ്ങൾ മാറ്റ് നോക്കുകയും ചെയ്യുന്ന യുവതുർക്കികളും അവശ്യം അറിഞ്ഞിരിക്കേണ്ടതായ ചില ജൈവരഹസ്യങ്ങളും,പ്രശ്നങ്ങളുമാണ് ‘കാതലി’ന്റെ സ്രഷ്ടാക്കൾ മുന്നോട്ട് വെച്ചിരിക്കുന്നത്.


ശീർഷകാവതരണം മുതൽ അനുനയിക്കപ്പെടുന്ന സംഗീതത്തിന്റെ ലോലനാദം പ്രേക്ഷകമനസ്സിൽ ഉണ്ടാക്കുന്ന ആകാംക്ഷ അവസാനംവരെ നിലനിർത്താൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
നിർവികാരമായ മനസ്സും ചലനങ്ങളും മുഖഭാവങ്ങളും തെന്നിമാറാതെ സൂക്ഷ്മമായി പിന്തുടരുന്ന മമ്മൂട്ടി, മാത്യു എന്ന കഥാപാത്രത്തോട് പൂർണ്ണമായും നേര് പുലർത്തിയിട്ടുണ്ട്. മലയാളിമനസ്സിൽ ആഴ്ന്നിറങ്ങിയിട്ടുള്ള മമ്മൂട്ടി വേഷങ്ങളിൽനിന്ന് തികച്ചും ഭിന്നനായ ഒരു അഭിനേതാവിനെയാണ് ഈ ചിത്രത്തിലൂടെ നമുക്ക് കാണാനാവുക.


രംഗങ്ങൾ കവിഞ്ഞൊഴുകാതെ കൃത്യമായ അതിരുകളിൽ ഒതുക്കാൻ സംവിധായകന്റെ മികവ് വേണ്ടുവോളം പുലർത്തിയിട്ടുണ്ട്.
അവസരം ഒത്തുവരുമ്പോൾ തീർച്ചയായും ഈ സിനിമ കാണാൻ നിങ്ങൾ ശ്രമിക്കണം.
എങ്കിലും മാത്യുവിൽ ഒരു Gay ഒളിഞ്ഞിരിപ്പുണ്ടെന്ന് നേരിയ സൂചനയെങ്കിലും പ്രേക്ഷകർക്ക് കൊടുക്കാൻ ഒരു നിഴലെങ്കിലും ഇതിൽ തുന്നിച്ചേർക്കമായിരുന്നു എന്ന് തോന്നിപ്പോയി. മാത്യുവായി വേഷമിട്ട മമ്മൂട്ടി എന്ന താരപരിവേഷമുള്ള അഭിനേതാവിന്റെ ഭാവി വിപണിക്ക് ദോഷമാകരുതല്ലോ എന്ന ചിന്തയാകാം ഒരു പക്ഷേ, അല്ലെങ്കിൽ ഈ ചിത്രം പ്രദർശിപ്പിക്കുവാൻ സാധ്യതകളുള്ള രാജ്യങ്ങളിലെ നിയമ കുരുക്കുകളെ മനസ്സിൽ കണ്ടുകൊണ്ടുള്ള എഡിറ്റിംഗ് രീതിയെ അവലംബിച്ചതുമാകാം. എന്നിട്ടും ചില അറേബ്യൻ രാജ്യങ്ങളിൽ ഇപ്പോൾ ഈ സിനിമയെ നിരോധിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.


നമ്മുടെ സമൂഹത്തിൽ ഇത്തരം ഗണങ്ങളിൽപെട്ട പലരും പരിഹാസ്യരായി ജീവിക്കേണ്ടിവരുന്ന അവസ്ഥയെ തരണം ചെയ്യുവാനായി സന്ന്യാസ സമൂഹങ്ങളിൽ അഭയം തേടുന്ന സ്ഥിതി വ്യാപകമായുണ്ട്. അവരെ സംബന്ധിച്ച് അവിടങ്ങളിൽ ഒഴുകിയെത്തുന്ന സമാനമാനസരിലൂടെ സ്വത്വ സംതൃപ്തിയുടെ ഉയരങ്ങളിൽ അഭിരമിക്കുവാൻ സാധിക്കുന്ന സാഹചര്യങ്ങൾ വേണ്ടുവോളമുണ്ടെന്ന ധാരണയാലാകാം. അതും ഒരു സാമൂഹ്യ വിപത്ത്തന്നെയാണ്.


മഹേഷ്‌ ദത്താനി എന്ന ഇന്ത്യൻ എഴുത്തുകാരന്റെ “On a Muggy Night In Mumbai” എന്ന രചനയിൽ പ്രചോദിതനായി നാടക-സിനിമാ പ്രവർത്തകനായ ശ്രീ. ടി. വി. ബാലകൃഷ്ണൻ “മുംബെയിലെ ഒരു ഉഷ്ണരാത്രിയിൽ” എന്നൊരു നാടകം ഏതാനും നാൾക്ക്മുൻപ് തൃശ്ശൂരിൽ അവതരിപ്പിക്കുകയുണ്ടായി. 58 തരം ലിംഗ വൈവിധ്യമാർന്നവരുടെ തീക്ഷണമായ ജീവിത പ്രതലങ്ങളായിരുന്നു അതിലെ ഉള്ളടക്കം. ജനങ്ങളെ അത്ഭുതപ്പെടുത്തിയ അതിലെ സന്ദേശം വിവരണങ്ങൾക്ക് അതീതമാണ്.
മനുഷ്യ മനസാക്ഷിയുടെ ഉണർച്ച മാത്രമാണ് ഈ സഹജീവികളുടെ സ്വതന്ത്ര ജീവിതത്തിന് വെളിച്ചം നൽകാനുള്ള ഏകമാർഗ്ഗം.

ജയരാജ്‌ പുതുമഠം

By ivayana