രചന : സുരേഷ് പൊൻകുന്നം ✍
അവളെങ്ങു പോയോ
കരയാതിരിയ്ക്കുവാൻ വയ്യെന്റെ
ഹൃദയമേ
ഇടനെഞ്ചിലിടവമിടതടവില്ലാതെ
പെയ്യുന്നു
മഴനൂലുകൾ പോൽ മനസ്സിൻ
കളിത്തട്ടിലൊരു കുളിരായിരുന്നവൾ അവളെങ്ങു പോയോ
പലകാലമൊരു
നൂൽപ്പാലത്തിലെന്നപോൽ
അതിശ്രദ്ധയോടിറുകെപ്പുണർന്ന്
ഇരുളിനെ തോൽപ്പിച്ച് ജീവിച്ച്
ഒരു കുഞ്ഞ് കഞ്ഞിക്കലത്തിലിത്തിരി
അരിയിട്ട് വേകുമ്പോളൊരു
തവി കൊണ്ട്കോരിക്കുടിച്ചൊരു
പലകമേൽ പായ വിരിച്ച് പല നാള്
നാം പരസ്പര പരകായപ്രവേശം നടത്തി
ഒരു പാട്നാള് നാം
കലങ്ങിയൊഴുകിയ കണ്ണീരിൽ ചിറകെട്ടി
പിന്നെയതിൽ നിൻറെ ചന്തമലിയിച്ചാ
ചിറയിൽ നാം ചിരി കൊണ്ട്
തിരമാല സൃഷ്ടിച്ച് കദനത്തെ കരയിച്ച്
മായിച്ചവളെങ്ങു പോയോ
അവളെങ്ങു പോയെന്റെ ഹൃദയ-
യിടനാഴിയിലലസം ഗമിച്ചവൾ
പതിവായിപ്പാടി മുലയൂട്ടിയെന്നെയുറക്കിയ പ്രിയ മാനസ
ഇനി വയ്യവളില്ലാത്ത ജീവിതം
തകരുന്നു നെഞ്ചകം
മഴവില്ലൊടിഞ്ഞലങ്കോലമായ
മാനം പോലെൻ മനം
കരയാതിരിയ്ക്കുവാൻ വയ്യെന്റെ
ഹൃദയമേ
ഇടനെഞ്ചിലിടവമിടതടവില്ലാതെ
പെയ്യുന്നു
മഴനൂലുകൾ പോൽ മനസ്സിൻ
കളിത്തട്ടിലൊരു കുളിരായിരുന്നവൾ
അവളെങ്ങു പോയോ