നാരായണീ ….നാരായണീ…” ജാനുവിന്റെ വിളി കേട്ടാണ് നാരായണി പുറത്തേക്കു വന്നത്.” ങാ … ജാനുവോ ? കേറി ഇരിക്ക്.” ജാനു ഉമ്മറക്കോലായിൽ കയറി ഇരുന്നുകൊണ്ട് ചോദിച്ചു
“ഉറങ്ങുകയായിരുന്നോ നാരായണീ.”
” ഇല്ലെടീ…. ഞാൻ പകൽ ഉറങ്ങാറില്ല. വല്ലതും വായിച്ചു കിടക്കും.” ജാനുവിന്റെ ചോദ്യത്തിനുത്തരം പറഞ്ഞു കൊണ്ട് നാരായണി ഉമ്മറത്തെ കസേരയിൽ ഇരുന്നിട്ട് ചോദിച്ചു.
“ഉം .നീയെന്താ ഇങ്ങോട്ടു വന്നേ. നിന്റെ കാല് വേദന മാറിയോ ? മക്കളാരും വിളിക്കാറില്ലേ….”
” ആര് വിളിക്കാൻ . അവരൊക്കെ വലിയ തിരക്കിലല്ലേ. വയസ്സായിക്കഴിഞ്ഞാൽ പിന്നെ നമ്മളെയൊക്കെ ആർക്കും വേണ്ടല്ലോ.”
തൊണ്ടയിടറിക്കൊണ്ട് ജാനു ഇതു പറയുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു.
“സാരമില്ലെടോ…. നമ്മളതൊന്നും ഓർത്തു കരയുകയല്ല വേണ്ടത്. മക്കളെ നമ്മൾ വളർത്തി വലുതാക്കി. അതാണ് നമ്മുടെ സന്തോഷം. നമ്മുടെ കടമ കഴിഞ്ഞല്ലോ. ഇനി മക്കൾ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.”
“ഉം. നിങ്ങൾക്കതു പറയാം. കൂടെ ആരുമില്ലെങ്കിലും ഒരു പാട് പുസ്തകങ്ങളുണ്ടല്ലോ എപ്പോഴും വായിച്ചിരിക്കാൻ . പോരാത്തതിന് സുഖമായി ജീവിക്കാനുള്ള പെൻഷനുമുണ്ട്. എന്റെ കാര്യം അതാണോ?”
“നിനക്കും കിട്ടുന്നില്ലേ വിധവ പെൻഷൻ . പിന്നെ നിന്റെ കോഴികളും ആടും അതുമൊരു വരുമാന മാർഗ്ഗമല്ലേ. അതുമല്ല വളർത്തുമൃഗങ്ങളുടെ സ്നേഹവും കൂട്ടും നിനക്കൊരാശ്വാസമാകുന്നില്ലേ ?”
“അതു ശരിയാ നാരായണി ….എന്റെ പൂവാലിക്ക് പേറടുക്കാനായി. ഇത്തിരി നല്ല പച്ചപ്പുല്ല് കിട്ടുമോയെന്നു നോക്കാനാ ഞാനിങ്ങോട്ടു വന്നത്. എന്നെക്കാണാഞ്ഞിട്ട് അവളവിടെക്കിടന്ന് കരയുന്നുണ്ടാവും”
“ങാ… നീ നോക്ക് ആ വടക്കേതൊടിയിലുണ്ട് നല്ല പുല്ല് നീ വേഗം അരിഞ്ഞെടുത്തു പോയ്ക്കോ. പൂവാലിയെ കരയിക്കണ്ടട്ടോ. എനിക്കും ഇത്തിരിപ്പണിയുണ്ട്. എന്റെ പാവലും ചീരയുമൊക്കെ എന്നെ കാത്തിരിക്കുന്നുണ്ടാവും. ഞാനവയ്ക്ക് വെള്ളം കൊടുക്കട്ടെ. അവയൊക്കെയാണല്ലോ ഇപ്പോൾ നമ്മുടെ മക്കൾ.
ജാനൂ ഇനി ഉള്ള കാലം മക്കള് നോക്കും, വിളിക്കും എന്നൊന്നും പ്രതീക്ഷിക്കേണ്ട. സങ്കടപ്പെടുകയും വേണ്ട. നമുക്ക ന്യോന്യം ഇങ്ങനെ മിണ്ടിം പറഞ്ഞും നമുക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിക്കാം.”
“ശരിയാണ് നാരായണി. ഒരു കണക്കിന് നമ്മൾ ആരേം പ്രതീക്ഷിക്കാത്തതാ നല്ലത്. ആർക്കുമൊരു ബാധ്യതയാകാതെയങ്ങനെ കഴിഞ്ഞാൽ മതി. വയ്യായ്ക വന്നു കിടന്നു പോകാതിരുന്നാൽ മതി.”
“അങ്ങനെയൊന്നും നെഗറ്റീവായി ചിന്തിക്കേണ്ട. നല്ലനല്ല ചിന്തകളുമായി നമുക്ക് ഈ ചെടികളേയും മൃഗങ്ങളേയും സ്നേഹിച്ചും പരിപാലിച്ചും കഴിയാന്നേ. വെറുതെ മടി പിടിച്ച് ,ദു:ഖിച്ച്, കരഞ്ഞു പിഴിഞ്ഞ് ജീവിക്കുമ്പോഴാ ഓരോ അസുഖങ്ങൾ വരിക. എപ്പോഴും സന്തോഷമായിട്ടിരുന്നാൽ വയ്യായ്കയൊന്നും ഉണ്ടാവില്ല. അങ്ങനെയങ്ങ് വിശ്വസിച്ച് ആശ്വസിക്കാം.”
“ങാ… നിങ്ങളുടെ വായനകൊണ്ട് ഇങ്ങനെയൊരു ഗുണമുണ്ടല്ലേ ? വലിയ വലിയ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ വലിയ വലിയ അറിവും കിട്ടും. ഞാനും കൂടുന്നുണ്ട് നിങ്ങളോടൊപ്പം വായനയ്ക്ക്. എന്റെ പൂവാലിയുടെ പേറ് കഴിഞ്ഞോട്ടെ.”
” ആയിക്കോട്ടെ . നമുക്ക് അതിനൊരു സമയം വെയ്ക്കാം. ഉച്ചയൂണ് കഴിഞ്ഞൊരു മയക്കമുണ്ടല്ലോ. അത് വെണ്ടെന്നു വെച്ചിട്ട് ആ സമയത്ത് നമുക്കിവിടെ ഒന്നിച്ചിരുന്ന് വായിക്കാം. അതിലുള്ള ഓരോ കാര്യങ്ങൾ സംസാരിക്കാം. താഴെ അങ്ങാടിയിലെ വായനശാലയിൽ നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങൾ എത്തിച്ചു തരാൻ മേലെടത്തേ വിജയൻ മാഷിനോട് പറയാം.”
“നാരായണി നീ വായിക്കാറേ ഉള്ളോ ? എഴുതാറില്ലേ ?”
“ഉണ്ടെടീ…. ഇടയ്ക്ക് എന്റെ മനസ്സിൽ വരുന്നതൊക്കെ ഞാനെഴുതും. അതൊക്കെ വിജയൻ മാഷിനെ വായിച്ചു കേൾപ്പിക്കും. നല്ല അഭിപ്രായം പറയാറുണ്ട് മാഷ്. ഈ വർഷത്തെ വായനശാലയുടെ വാർഷികത്തിനു വേണ്ടി പാടാൻ നല്ലൊരു കവിത എഴുതി അവിടെ ചൊല്ലണമെന്ന് പറഞ്ഞിട്ടുണ്ട്. എന്താടീ നമുക്കൊരു കൈ നോക്കിക്കൂടേ?”
“പിന്നെന്താ..നാരായണി. നിങ്ങള് കൂടെയുണ്ടെങ്കിൽ ഞാനും റെഡി. നമുക്ക് കവിത എഴുതി ചൊല്ലണം.എന്നിട്ട് നമ്മുടെ മക്കളെ കേൾപ്പിക്കണം. എന്നിട്ടെങ്കിലും അവർക്ക് നമ്മളെയൊന്നു കാണണമെന്നു തോന്നട്ടെ.”
“അതൊക്കെ നടക്കും. നീ സമാധാനമായിട്ട് പോയി പുല്ലരിഞ്ഞു നിന്റെ പൂവാലിക്ക് കൊടുക്ക്.”
“ശരി നാരായണി….ന്റെ പൂവാലി പ്രസവിക്കട്ടെ. ചായയ്ക്കുള്ള പാല് ഞാൻ കൊണ്ടുവന്നു തരുന്നുണ്ട്. നിങ്ങള് നിങ്ങളെ പച്ചക്കറികൾക്കൊക്കെ നനച്ചോളൂ.”
രണ്ടുപേരും അവരവരുടെ ലോകത്തേക്ക് സന്തോഷത്തോടെ നടന്നുനീങ്ങി.

ഒ.കെ.ശൈലജ ടീച്ചർ

By ivayana