കാറ്റിൻകരുത്തിനെ കാണാത്ത കാനനം
ഉണ്ടാകില്ലിന്നിവിടീധരയിൽ
വൃക്ഷങ്ങളോരോന്നും ചൊല്ലുന്നീ മന്ത്രങ്ങൾ
“ചാഞ്ഞുകൊടുക്കായ്കിൽ വീണുപോകും.


കാറ്റടിച്ചീടുകിൽ തോറ്റതുപോലെ നീ
ചുറ്റിനും നിന്നിട്ടു വന്ദിക്കുക
തട്ടിയകറ്റുക താളത്തിലാടുക
മുറ്റിയ ചങ്ങാതിയായിരിക്കാൻ .


തന്റേടിയെന്നപോൽ താന്തോന്നിയാകുകിൽ
തട്ടിത്തകരും വേരോടെയും നീ
ഭവ്യതയോടുള്ള ചേരലാൽ ചേലുള്ള
ദിവ്യമാം രൂപത്തിൻ കാരണം നീ


വശത്താക്കീടുവാൻ വാശിയല്ലാവശ്യം
വഴങ്ങിക്കൊടുക്കൽ തന്നെയല്ലോ
അങ്ങോട്ടുചാഞ്ഞിട്ടു,മിങ്ങോട്ടൊട്ടാടിയും
ആകാശമാകണം നിന്റെ ലക്ഷ്യം.


എങ്ങോട്ടുചാഞ്ഞാലുമെത്രയ്ക്കു താന്നാലു-
മത്രയ്ക്കു തൽസ്ഥിതി പ്രാപിക്കേണം
മസ്തകം താഴ്ത്തുക,ശാഖകൾ വീശുക
സൗഹൃദഭാവങ്ങൾ കാട്ടുക നീ.


സൗരഭ്യമൊട്ടുമേ നഷ്ടമായീടില്ല
സാരകജ്യോതിയും പോകുകില്ല
ആരാലും വിധേയരാകാത്ത ശാഖിക-
ളേതുണ്ടവനിയിലാരാമത്തിൽ.


വിട്ടുകൊടുക്കുക ഒട്ടുമേ ചോരാതെ
വ്യക്തിത്വം പോകാത്ത വൃക്ഷങ്ങളായ്
കാറ്റിലും പാറ്റാത്ത കല്ലുകളില്ലയോ?
കല്ലായി കാതലായ് നിൽക്കുക നീ.


വീണ്ടുംജനിക്കുന്ന നാമ്പിനുലഭ്യമാം
വീറുംചുറുചുറുപ്പുത്സാഹവും
വീഴ്ചയുംതാഴ്ചയും ദൗഭാഗ്യമൊക്കെയും
പാകപ്പെടുത്തുമീ ജീവിതങ്ങൾ.”

തോമസ് കാവാലം

By ivayana