ഓർമ്മകളുടെ മുകളിൽ
മറവികളുടെ റീത്ത്.
സ്നേഹത്തിന്റെ ചാരെ
പകയുടെ ശവപ്പെട്ടി.
ജീവിതത്തിന്റെ നെഞ്ചിൽ
പ്രണയത്തിന്റെ പട്ടട.
ഇതെല്ലാം
കാലത്തിന്റെ കളിയാണ് സുഹൃത്തേ
കരിഞ്ഞെന്നു കരുതുന്ന
ജീവിതത്തിന്റെ ചില്ലകളിൽ
കാലം കമ്പോട് കമ്പ്
ഒളിപ്പിച്ചു വച്ചിട്ടുണ്ട്
വിസ്മയങ്ങളുടെ ചിനപ്പുകൾ.
നിങ്ങൾ
മരിക്കാതിരുന്നാൽ മാത്രം മതി
ഏതോ ഒരു മനുഷ്യൻ
നിങ്ങളുടെ വരവും കാത്ത്
ഇരുട്ടിൽ ഉറക്കമിളച്ചിരിപ്പുണ്ട്
കരുതലിന്റെ ഒരു വിളക്കും
സ്നേഹത്തിന്റെ ചിനപ്പും
നന്മയുടെ ഒരു തുടം നീരുമായി
ദൈവം
ഒരു പ്രശ്നവും പരിഹരിച്ചതായി
ലോക ചരിത്രത്തിൽ ഇതുവരെയും
സ്ഥാനപ്പെടുത്തിയിട്ടില്ല
ചത്ത മനുഷ്യരുടെ
ആത്മാവ് മാന്തിത്തിന്ന്
കാലം കഴിക്കുന്ന ദൈവങ്ങളെക്കാൾ
എത്രയോ മഹത്തരമാണ്
ആത്മാർത്ഥതയുള്ള
കുറേ നല്ല മനുഷ്യർക്കൊപ്പം
സങ്കടങ്ങൾ പങ്കിട്ടു ജീവിക്കുന്നത്
ലോകത്തിൽ
ഇതുവരെ കണ്ടുപിടിക്കപ്പെട്ട
ഏറ്റവും വലിയ നുണയാണ്
ദൈവം എന്നത്
ദൈവത്തിനു പോലും അറിയാം
എന്നിട്ടും മനുഷ്യൻ……

അശോകൻ പുത്തൂർ

By ivayana