നീ പലപ്പോഴും
പലതാണ്.
ചിലപ്പോൾ
അശാന്തിയുടെ കടൽ.
അസ്വസ്ഥതകളുടെ
സുനാമിത്തിരകൾ
ഉയർന്ന് പൊങ്ങി,
തീരങ്ങളെ കവർന്ന്,
വൃക്ഷങ്ങളെ പിഴുതെറിഞ്ഞ്,
നിർമ്മാണങ്ങളെ തച്ചുടച്ച്,
ക്ഷോഭത്തിന്റെ
പര്യായമായി മാറുന്നു നീ.
ചിലപ്പോൾ
നീ സ്വച്ഛശാന്തമായ
തടാകം.
അപ്പോഴൊക്കെ
നീ മാനത്തിന്റെ
കണ്ണാടിയായി മാറുന്നു.
ചിറ്റോളങ്ങൾ
നിന്നെ വിരളമായി
ഇക്കിളിപ്പെടുത്തുന്ന
നേരങ്ങളുണ്ട്.
അപ്പോൾ
നീ
സുന്ദരിയും
ലാസ്യവതിയുമായ
ഒരു നർത്തകിയായി
മാറുന്നു.
വസന്തത്തെയാവാഹിയ്ക്കുന്ന
വണ്ടുകളും,
ചിത്രശലഭങ്ങളും
പാറിനടക്കുന്ന
പൂവനമായി
മാറാറുണ്ട്
നീ ചിലപ്പോൾ.
വിഷാദത്തിന്റെ
സർപ്പദംശനമേറ്റ്
ചിലപ്പോഴെങ്കിലും
നീ കരുവാളിയ്ക്കുന്നു.
മൗനത്തിന്റെ
മൺപുറ്റിനുള്ളിൽ
നീ
തപസ്സിരിയ്ക്കുന്ന
വേളകളുണ്ട്.
അതേ നീ തന്നെയാണ്
ഒരു പ്രചണ്ഡവാതമായി,
ഇടിയായി
മിന്നലായി
പെയ്തിറങ്ങി
ഭൂമിയെ
പ്രളയത്തിൽ മുക്കുന്നത്.
ഞങ്ങളെ വല്ലാതങ്ങ്
ഉലച്ച് കളയുന്നത്.
ദേവനും
അസുരനുമായി
നിന്റെ വേഷപ്പകർച്ചകൾ.

കെ ആർ സുരേന്ദ്രൻ

By ivayana