ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

അകലത്തൊരു ശവമാടത്തിൽനിന്നും
അതിവേഗം പുകവല്ലി പൊങ്ങിടുന്നു
ഇലകൾ വെളുത്തൊരു വൻമരം പോലെ
ഇരുളിൽ പുക പൊങ്ങിപ്പടർന്നേറുന്നു!

അരികത്തൊരു വൻമരച്ചോട്ടിലേതോ
ആജാനബാഹുവൊരുത്തൻ കിടക്കുന്നു
അതിനടുത്തുള്ള കുഴിമാടച്ചോട്ടിൽ
അജ്ഞാത സുന്ദരിയൊരുവൾ നിൽക്കുന്നു!

പണിചെയ്യാനുലമൂട്ടിൽ മൂശാരിപോൽ
പരവേശത്തോടങ്ങുകാത്തിരിക്കുന്നു..
പട്ടട കത്തുന്ന തീക്കനലരികേ
പച്ചമാംസാർത്തിയാലേ കുറുനരികൾ!

തീയണയാക്കുഴിമാടത്തിലെ ശവം
തീനികൾ കൊതിയോടെ നോക്കിനിൽക്കുന്നു
പഞ്ഞമില്ലവിടെ മാംസത്തിനെന്നാലും
പച്ചമാംസത്തിനായ് കഴുകന്മാരേറെ!

കൂരിരുട്ടിൽ കനൽ കത്തുന്നൊരുനേരം
കൂരിരുൾ മാറുമരണ്ട വെളിച്ചത്തിൽ
പാതിയണഞ്ഞ പട്ടടയിലെ മാംസം
പതിയെ കടിച്ചുകീറുന്നു നരികൾ!

ഉറ്റവരില്ലാത്ത ചത്തദേഹങ്ങൾക്കോ
ഉടയോർ കുറുക്കനും കഴുകന്മാരും
വേവുമ്പോൾ പൊള്ളുന്ന ദേഹങ്ങളൊട്ടുമേ
വേദന, ചേതനയറ്റുശയിക്കുന്നു!

മനസ്സിൽ പതിനേഴുകാരാരുമില്ല
മധുരപ്രണയത്തിൻ മന്ത്രങ്ങളില്ല
മധുരസ്മരണ മനതാരിലില്ല
മനസ്സില്ലാദേഹത്തുമോഹങ്ങളില്ല!

മണമറിയില്ലാ, നിറമറിയില്ല
മനമില്ല, സമ്പൽക്കണക്കേതുമില്ല
മരിച്ചതും ജീവിച്ചതുമറിയില്ല
മനതാരിലായിരം സ്വപ്നങ്ങളില്ല!

സമ്പന്ന വൃദ്ധർക്കനാഥാലയങ്ങളും
സന്തോഷമായി വസിക്കുന്ന മക്കളും
സന്താപമോടെന്നും വൃദ്ധജനങ്ങളും
സങ്കടം മാറുവാൻ മരണം ശരണം!

ചത്തോരുമായോരെ ബന്ധുക്കളെത്തുന്നു
ചടങ്ങുചെയ്തതിവേഗം മടങ്ങുന്നു
“ചത്തവരോ പോയി, കൊള്ളിവെച്ചുപോകാം”
ചാവാത്ത ദേഹങ്ങൾക്കൊട്ടുതിടുക്കവും!!

മനുജൻ മരിച്ചാലാനിമിഷം മുതൽ
മനുജനല്ലവൻ ശവമാണുപോലും!
പണമുള്ളകാലം കൂട്ടിന് മനുഷ്യരും
പിണമായാൽ കൂട്ടിനോ കുറുനരിയും!

By ivayana