ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

തെക്കേ തൊടിയിൽ അസ്ഥിത്തറയിലെ
മൺചിരാതണയാതിരിക്കാൻ
ഇരുകയ്യും ചേർത്തു തടയുന്നു കാറ്റിനെ ,
മിഴികളിൽ വേപഥു പൂണ്ടാളമ്മ ….

ചലിക്കുന്നധരം ദേഷ്യഭാവത്തിൽ;
കാററിനെ ഭർത്സിക്കയാവാം …..
മിഴികളിൽ തെളിയുന്നു സ്നേഹവും കരുതലും
മൺചിരാതിൻ തിരിനാളം പോലെ …..

അച്ഛൻ മറഞ്ഞിട്ടിന്നിരുപതാണ്ടായതും
കാലത്തിൻ വേഗത്തിൽ വർഷങ്ങൾ പോയതും
മക്കൾ വളർന്നിപ്പോൾ തന്നോളമായതും
ഒന്നുമേയമ്മയറിഞ്ഞില്ല തെല്ലുമേ…

ആ ജാലകവാതിലടയ്ക്കാറില്ലപ്പാവം;
അച്ഛനെ കാത്തിരിപ്പാണാമിഴികൾ …
ഉണ്ണില്ല അച്ഛനുണ്ണാതെ ;
ഉറങ്ങില്ല യച്ഛനുറങ്ങാതെയിന്നും ….

ചിലനേരം നാണത്താൽ ചിരിക്കുമപ്പാവം,
ചിലനേരം പരിഭവംചൊല്ലിക്കരയും
ചിലനേരം തിടുക്കമാ ഭാവത്തിൽ കാണാം;
സ്നേഹത്തോടച്ഛനു വേണ്ടതൊരുക്കാൻ

പ്രജ്ഞയറ്റുള്ളോരാ മാനസംനിറയെ തൻ
പ്രീയനോടു സ്നേഹമാണെന്നുമെന്നും…
എന്നിട്ടും വിധിയെന്തിനീച്ചങ്ങലത്തുമ്പിൽ
ക്രൂരമായ് ജാലകപ്പടിയിൽ ബന്ധിച്ചു…..
✍️

അൽഫോൻസ മാർഗരറ്റ് .

By ivayana