ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

നാളേറെയായി ഒരു മോഹം നാട്ടിലെത്തുമ്പോൾ അവളെ ചെന്നു കാണാൻ . അവളുടെ മടിയിൽ തലചായ്ച്ചൊന്നു കിടക്കാനും.
ഇത്തവണ എത്തിയപ്പോൾ അവൻ മക്കളെയും കൂടെക്കൂട്ടി നിളാപുളിനങ്ങളിലേക്ക് .. കുട്ടികളെ കൊണ്ട് അവൾക്ക് നൽകാൻ ഒരു കൈത്തറിപ്പുടവയും കൈയിൽ കരുതിക്കൊണ്ട് .
അവളുടെ വീടിന്റെ ചായ്പ്പിൽ നിന്ന് നോക്കിയാൽ ശാന്തമായൊഴുകുന്ന ഭാരതപ്പുഴ. പിള്ളേർക്ക്‌ പുഴയിൽ കാലൊന്നു നനയ്ക്കാതെ വയ്യ. അവരെയും കൂട്ടി അവൾ പുഴയിലേക്കിറങ്ങി. തോർത്തു കൊണ്ട് മീൻ പിടുത്തം. പിടയുന്ന പരൽമീനുകളെ വീണ്ടും വെള്ളത്തിൽ വിടുന്നു. കോൺക്രീറ്റ് കൂട്ടിലെ കുട്ടികൾക്ക് അത്ഭുതാവേശം. മുട്ടോളം വെള്ളത്തിൽ കമഴ്ന്നും മലർന്നും പിള്ളേർനീരാട്ട്.
പുഴയൊഴുകും പോലെ ജീവിതയാത്ര. തട്ടിയും തടഞ്ഞും ഒഴുകിയകലാതെ വയ്യ. ഇടങ്ങൾ മാറി മാറി അഴിമുഖം ലക്ഷ്യമാക്കിക്കൊണ്ട് .
അവളെ കാണുമ്പോഴൊക്കെ അവനിൽ തെളിയുന്നു ബഷീറിന്റെ “ജീവിതനിഴൽപ്പാടുകൾ “. ഒരു ജോലി തേടി അലയുന്ന മുഹമ്മദ്‌ അബ്ബാസും, ശരീരം വിറ്റ് കുടുംബം പോറ്റുന്ന വസന്തകുമാരിയും മനസ്സിന്റെ വെള്ളിത്തിരയിലെത്തുന്നു.
തൊഴിലില്ലായ്‌മ നൈരാശ്യം പടർത്തിയ ക്ഷുഭിതയൗവനത്തിൽ വിഷയസുഖം നൽകാൻ തയ്യാറായവളോട് ആദ്യം വെറുപ്പാണ് തോന്നിയത് . അവളെ അടുത്തറിഞ്ഞ നാളുകളിൽ സ്നേഹവായ്പ്പും.
സദാചാര തിട്ടൂരങ്ങൾ മറികടന്ന് അവൾക്കൊപ്പം ശാന്തമായി ഉറങ്ങിയ നാളുകൾ. തറവാട്ടിലെ തെറിച്ചസന്തതിയെന്ന് പേര് ചാർത്തിക്കിട്ടിയ കാലം. പാതിരാക്കോഴി കൂവും വേളയിൽ പൊക്കിൾച്ചുഴിയിൽ നാസികാഗ്രത്താൽ വൃത്തമിട്ട് രസിച്ചപ്പോൾ ഇക്കിളിപൂണ്ട് ഉയർന്ന ശീൽക്കാരം…
സമയം തെളിഞ്ഞപ്പോൾ
പരിഭവങ്ങളില്ലാതെ തിരുശേഷിപ്പുകൾ വെക്കാതെ ചുവടുമാറ്റം.
കുറ്റപ്പെടുത്തലും, അവകാശ വാദങ്ങളുമില്ലാതെ…
ആത്മകഥയിൽ കുറിക്കപ്പെടാൻ പോലും സാധ്യതകളില്ലാത്ത ചുവടുമാറ്റപർവ്വം . കൃത്യമായി നാളുകൾ കുറിച്ചിടാൻ വിട്ടുപോയ
അനുഭവപാഠങ്ങൾ.
ബേപ്പൂർ സുൽത്താന്റെ ആദ്യ നോവൽ ‘പ്രേമലേഖനം’ എന്ന് സാഹിത്യലോകം. അച്ചടിച്ച നാളുകൾ പരിശോധിച്ചാൽ
ആ സ്ഥാനം ബാല്യകാലസഖിക്ക്. അതിനും എത്രയോ കാലം മുമ്പേ നവജീവൻ വാരികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചത് “ജീവിതനിഴൽപ്പാടുകൾ “. ഒന്നര പതിറ്റാണ്ടിന് ശേഷം 1954 ൽ അതിന് പുസ്തകരൂപം.
പുഴയിൽ നടത്തി മക്കളെ തിരികെ കൊണ്ടു വന്നവൾ അരിനെല്ലിക്ക പറിച്ചു കൊടുക്കുന്നു. പിള്ളേർ പറമ്പിൽ ഓടി നടക്കുമ്പോൾ അവൾ അരികിലെത്തി. ചുംബനധാര പൊഴിച്ചിട്ട കവിളുകൾ ചീർത്തിരിക്കുന്നു. കൺതടങ്ങളിൽ കറുപ്പ് കമ്പളവും. അവനവളുടെ കൈ പിടിച്ചിരുത്തി ആ മടിയിൽ തല ചായ്ച്ചു. അവൾ മൊഴിഞ്ഞു “മറന്നിട്ടുണ്ടാവുമെന്ന് കരുതി.”
ജീവിതവിരക്തിയിൽ നിന്ന് കൈ പിടിച്ചുയർത്തിയവളേ… നിന്നെ മറക്കുവതെങ്ങനെ??…

വാസുദേവൻ. കെ. വി

By ivayana