ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

അവളും മറ്റവളും
മലമുകളിലേക്കു ട്രിപ്പു
പോയതായിരുന്നു
അലഞ്ഞും കുന്നുകയറിയും
മലത്തുഞ്ചത്തുനിന്ന്
കൂക്കി വിളിച്ചും
അന്തിച്ചന്തയിൽ
വേണ്ടാത്തതിനൊക്കെ
വില ചോദിച്ചും
കാട്ടുതേനും കുരുമുളകും
മലയിഞ്ചിയും
പിള്ളേർക്കു കളിപ്പാവകളും
അവൾക്കൊരു
തലേക്കുത്തിയും
വാങ്ങിച്ചു
കറങ്ങിത്തിരിഞ്ഞു
മുറിയിലെത്തിയപ്പോൾ
തണുപ്പും മഞ്ഞും
കനത്തു വന്നു.
വിറകു കൂട്ടിക്കത്തിച്ചതിനു
ചുറ്റുമിരുന്നു
വെള്ളമടിച്ചും തിന്നും
വെടി പറഞ്ഞും
പാതിരാവായപ്പോഴാണ്
പോരുമ്പോ
മൂത്തോനു
പനിയാരുന്നെന്നും
പോന്നതവൾക്കത്ര
പിടിച്ചില്ലാരുന്നെന്നുമോർത്തത്.
വിളിച്ചില്ലേൽ
അലമ്പാകുമെന്നോർത്ത്
റേഞ്ചുകിട്ടുന്നേടം നോക്കി
മുറ്റത്തിനരികിലേക്കു നടന്നു
സൂക്ഷിക്കണം ,
കാട്ടുപന്നിയൊണ്ടെന്നു
കൂട്ടുകാർ വിളിച്ചു പറഞ്ഞു.
അതിനേക്കാളുമൊക്കെ
ഭയപ്പെടുത്തുന്ന
നാട്ടുപന്നിയാണപ്പുറത്തെന്നു
കളി പറഞ്ഞു.
ഇപ്പഴേലും വിളിച്ചല്ലോയെന്ന
പരിഭവത്തിന്
നീയും വിളിച്ചില്ലല്ലോയെന്ന
മറു പരിഭവം ..
എത്രനേരം കൊണ്ടു
ട്രൈ ചെയ്യുന്നു ,
റേഞ്ചില്ലാത്തൊരു
കാട്ടുമുക്കിലാണെടീയെന്ന
ആശ്വാസവചനത്തിൽ
തണുത്തിട്ടാവണം
അവൾ നിർത്താതെ
പറയാൻ തുടങ്ങി.
കൊച്ചിനു പനിയിച്ചിരെ
കൊറഞ്ഞു,
ശ്വാസം മുട്ടലൊണ്ട്
ഭക്ഷണമെന്നാ കഴിച്ചു
എവിടെല്ലാം പോയി
എന്നായെല്ലാം കണ്ടു ?
കള്ളൊന്നും കുടിച്ചില്ലല്ലോ
തണുപ്പൊണ്ടോ?
കൊച്ചിൻ്റെ സൂക്കേടു
മാറിയിട്ടു
ഞങ്ങളേമൊന്നു
കൊണ്ടുപോകണം..
ഓ ,ഇവിടൊന്നും
കാണാനില്ലെടീ
നോക്കുന്നേടത്തെല്ലാം
കാടും മലേം
റേഞ്ചുപോലുമില്ലാത്ത
ഒരോണം കേറാമൂല ..
ചുമ്മാ തണുത്തു
വിറച്ചിരിക്കാൻ
കാശു കളയുന്നതെന്നാത്തിനാ?
അവളുടെ
ആഗ്രഹങ്ങൾക്കു മീതെ
കട്ടിയുള്ളൊരു
കരിമ്പടമിട്ടു മൂടി
കാളവസാനിപ്പിച്ചു.
അന്നേരം
മറ്റവളെയൊന്നു
വിളിക്കണമെന്നു തോന്നി
വിളിച്ചപ്പോത്തന്നെ കിട്ടി..
പുന്നാരങ്ങളും
വിശേഷങ്ങളും
ചുടുചുംബനങ്ങളും..
തണുപ്പേതു വഴിയെ
പോയെന്നറിഞ്ഞില്ല
ഒരുദിവസം
നമുക്കിവിടെ കൂടണം
മലയോരത്തെയീ
പുൽക്കുടിൽ
പുറംലോകത്തു നിന്നു
വേർപെട്ട
രണ്ടു ജീവബിന്ദുക്കളായി
നമ്മൾ മാത്രം..
കണ്ടാലും കണ്ടാലും
തീരാത്ത കാഴ്ചകൾ…
കൊതിപ്പിക്കാതെയെന്നവൾ
ചിണുങ്ങി ..
എനിക്കെന്തു
വാങ്ങിയെന്നു കൊഞ്ചി
മീറാപ്പൊതികളും അകിലും
ജടാമാഞ്ചിയും കുങ്കുമവും
വയമ്പും ലവംഗവുമെന്നു
വാതോരാതെ
സർവ്വസുഗന്ധ
വസ്തുക്കളെക്കുറിച്ചും
പറയണമെന്നു ഞാൻ
കൊതിച്ചു.
ഒരു തലേക്കുത്തിയെന്നു
പറയുമ്പോഴേക്ക്
റേഞ്ചു പോയി…

By ivayana