മാനസമന്ദാകിനീതീരഭൂവിൽ നീ
മന്ദസമീരനായ് വന്നൂ
മനതാരിൽ ആനന്ദമേകി എന്റെ
മനസ്സൊരു പൂവാടിയാക്കി

അന്തരംഗത്തിലുണർന്നൂ ഇന്നും
അഗ്നിയായ് കത്തി നിന്നീടും
അന്നോളം ഞാനറിയാത്തൊരു
ആത്മാനുഭൂതി തൻ നാളം

മന്ദാരപുഷ്പങ്ങളാലെ ഒരു
മാലികയൊന്ന് ഞാൻ കോർത്തു
മാരനായ് നീ വരും നേരം
മണിമാറിലണിയിക്കുവാനായ്

അന്ന് മുതൽക്ക്‌ ഞാൻ കണ്ടു ചുറ്റും
അത് വരെ കാണാത്ത വർണ്ണം
ആ നിമിഷം മുതൽ കേട്ടു
അനുരാഗനിബദ്ധമാം രാഗം

മധുരസ്വപ്‌നങ്ങൾ മനസ്സിൽ
മഴവില്ലിൻ വർണ്ണം പകർന്നു
മന്ദഹാസത്തിന്റെ പൂക്കൾ
മണിചുണ്ടത്തു പൂത്തു വിടർന്നു

കണ്ണിൽ കരിമഷിയെഴുതി ഞാനെൻ
കാർകൂന്തൽ കോതിയൊതുക്കി
കള്ളനവൻ എന്റെയുള്ളിൽ ഒരു
കമനീയ വിഗ്രഹമായി

ഇരുകരളൊന്നായി മാറി
ഇണപ്പക്ഷികളായ് വാനിൽ പാറി
ഇത് വരെയറിയാത്തൊരുന്മാദത്തിൽ
ഇരുഹൃദയങ്ങളലിഞ്ഞു

By ivayana