രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍
ഉച്ചിയിൽകത്തുന്ന
ഓർമ്മച്ചിതയുമായ്
ഞരമ്പുകളിലൂടെ
ഒരു തീവണ്ടി പാഞ്ഞുപോകുന്നു .
ബോധാന്ധകാരത്തിൽ
ഇന്നലെകളെയെല്ലാം
ഒരുവെള്ളിടിവെട്ടംകൊണ്ട്
രണ്ടായിപ്പകുത്തിടുന്നു .
ഒരുപകുതിയിൽ
പൊയ്ക്കാലിലാടുന്ന
വേരുനഷ്ടപ്പെട്ടവർ
നിഴലുകൊണ്ടുതാങ്ങാകാമെന്നു
ഉറക്കെവിളിച്ചുപറയുന്നു .,
ചതിനിറഞ്ഞ കറുത്തമുഖത്തെ
വെളുത്തചിരികൊണ്ടുമറച്ചവർ
കരുതാക്കരുതലിന്റെ
വ്യർത്ഥസാന്ത്വനപ്പാട്ടുകൾ പാടുന്നു.,
പകവിഷം മൂർച്ഛിച്ചവർ
പ്രലോഭനങ്ങളുടെ നാവുനീട്ടി
ഇരുൾമറവുകളിൽ ഒളിച്ചിരിക്കുന്നു ,.
മറുപകുതിയിൽ
വാരിക്കുഴിയിൽനിന്നു
വലിച്ചുകേറ്റിയവർ
ദയയുടെ നാറുന്ന ഉച്ചിഷ്ടം നീട്ടി
അടിമയുടെ കുപ്പായംതുന്നിത്തരുന്നു .,
വാക്കുകളുടെ തടങ്കലിലായവൻ
മൗനംകൊണ്ട് വസന്തത്തെ
തടഞ്ഞുനിർത്തുന്നു .,
മൂർദ്ധാവിൽ വാലുകുത്തിയിറക്കിയവൻ
ആത്മാവിലൂറിയിറ്റിയവിഷത്തിൽ
അനുക്രമം നീലിച്ചു ചാകുന്നു .
കണ്ടകാഴ്ചകളിലെ പുതുമതീരുമ്പോൾ
മറവിയുടെ ഉടലുകളിൽ തീകൊളുത്തി
അപായസൂചനകൾ കൈമാറുന്നു .,
സ്മരണയുടെപാളങ്ങൾ കത്തിത്തീരുമ്പോൾ
മുറിച്ചിട്ടപാതകൾ മുറികൂടുന്നു .,
അവസാനലക്ഷ്യമെത്തുംവരെ
അവസാനമില്ലാതെതുടരുന്നയാത്രകൾ