ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

കലണ്ടറോളം പോന്ന
കവിതാ സമാഹാരമില്ല
ഡിസംബർ വായിച്ചു
മടക്കി വെക്കുമ്പോൾ
ഓരോ വായനക്കാരനും
ഓരോ പുതിയ കവികളായി
രൂപാന്തരപ്പെടും
ജനുവരി ആദ്യ വരിയാണ്
ഫെബ്രുവരി രണ്ടാമത്തെ വരിയും
മാർച്ചിൽ
അക്കങ്ങളുടെ ചുഴികളിലകപ്പെട്ട
ഭാവനകളെ കാണാം
സ്വപ്നങ്ങളുടെ
വൻനികുതി ഭാരത്തിൽ നിന്ന്
കരകയറാനാവാതെ
സ്തബ്ധരായ് നിൽക്കുന്ന
ചുവന്ന പക്ഷങ്ങളെ കാണാം
കൊടിയേറ്റ് കഴിഞ്ഞ് മടങ്ങുന്ന
കരിവീരക്കൂട്ടങ്ങളെ
ഏപ്രിൽ എന്ന
കവിതയിൽ കാണാം
ചന്ദ്രിക മെഴുകിയ
ശവ്വാൽമുറ്റം
മൺസൂണിന് തിരികൊളുത്തിയ
ജൂൺ മാതം
പൂവാംകുരുന്നിലയും
കൃഷ്ണക്രാന്തിയും
വാൽക്കണ്ണാടി നോക്കുന്ന
ജൂലൈ രാഗങ്ങൾ
ഓണവില്ലുകൊട്ടിയോരോഗസ്റ്റ്
ഗാന്ധിയും നബിയും കവിതകളായ
ഒക്ടോബർ
നവംബർ…..
ഡിസംബർ
ലോകത്തിൽ വച്ചേറ്റവും
സമ്പന്നമായ പ്രദേശം
ഏതെന്ന് ചോദിച്ചാൽ
അത് ശ്മശാനമല്ല
ഓരോ കള്ളികളിലും
ഓരോ പദ്ധതികൾ
കുറിച്ചു വെച്ച്
കറുത്തതും ചുവന്നതുമായ
മുന്നറ്റി അറുപത്തിയഞ്ച് കവിതകൾ
തൂങ്ങിയാടുന്ന
എൻ്റെ തെക്കാറച്ചുമരിലാണെന്ന്
ഞാൻ പറയും !!!
അവിടെയാണ്
ഏറ്റവും കൂടുതൽ മോഹങ്ങളും
പ്രതീക്ഷകളും
പൂത്തുലയുന്നത്
ഒരു കാത്തിരിപ്പിൻ്റെ നെരിപ്പോട്
അക്കങ്ങളിൽ
അടയിരിക്കുന്നതുകൊണ്ടാവണം
അമ്മയൂതുമ്പോൾ
ന്യൂസ് പേപ്പറിനേക്കാൾ വേഗത്തിൽ
ഡിസംബർ കത്തിപ്പിടിക്കുന്നത്…..
…………………………

രാജേഷ് കോടനാട്

By ivayana