ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

സഹോദരൻ!
ഗോവയ്ക്കു പോയ ഒഴിവിലാണ്:
വീട്ടിലെ പൂജാമുറിയുടെ മേൽശാന്തിയായി നറുക്കിടാതെ തന്നെ,അച്ഛൻ എന്നെ തെരെഞ്ഞെടുത്തു അവരോധിച്ചത്.
അവിടെ,
ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ: പത്മനാഭസ്വാമി!
നീണ്ടു നിവർന്നു കിടന്നിട്ടും,
മുഖ്യറോൾ അയ്യപ്പനായിരുന്നു!
കൂടാതെ ജൂനിയർ ആർട്ടിസ്റ്റ്മാരായി
സകലമാനദേവിദേവന്മാരും
ചിരിച്ചും കണ്ണുരുട്ടിയും ഒപ്പം ഉണ്ടായിരുന്നു.
അച്ഛനെ ശരിയായി അനുസരിച്ചും, പേടിച്ചും ആദ്യമൊക്കെ
വൈന്നേരം സ്കൂൾ വിട്ട് വന്നാൽ,ഉടനെ കളിക്കാൻ പോകാതെ, പൂജാമുറിയിൽ കയറി,
മാല കെട്ടി തൂത്തു വെള്ളം കുടഞ്ഞു കൃത്യസമയത്തു തന്നെ വിളക്ക് കൊളുത്തി…
പിന്നെ…… ന്റെ
കർണ്ണകടോരമായ നാമജപം കൊണ്ട്
എല്ലാ ദൈവങ്ങളേം, നാട്ടുകാരേം
ഞാൻ നിഷ്കരുണം ബുദ്ധിമുട്ടിച്ചു പതം വരുത്തികൊണ്ടിരുന്നു.
കിഴക്ക് ദർശനമായ വീടിന്റെ വിപരീതദിശയിൽ ആയിരുന്നു,
ഈ പൂജാമുറി..
വീട്ടിലെ മറ്റ് സ്ത്രീജനങ്ങൾക്ക്‌
അവിടേയ്ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
അല്ലായിരുന്നേൽ,
ഇതെല്ലാം തന്നെ അമ്മേടെ തലയിൽ
വച്ചിട്ട്
ഞാൻ പമ്പ കടക്കുമായിരുന്നു.
എങ്കിലും,
എന്റെ മുഖ്യകാർമികത്വത്തിൽ പൂജാമുറിയുടെ നടത്തിപ്പ്:എങ്ങിനെ പോകുന്നു ‘ന്ന് നിരീക്ഷിക്കുന്നതിനായി
ചില സന്ധ്യനേരങ്ങളിൽ അപ്രതീക്ഷിതമായി അച്ഛൻ വന്നു തൊഴുതു നിൽക്കും.
പൊട്ടഭാഗ്യത്തിന്,
അന്നൊരു തീപ്പെട്ടി കൂടിലെ ചിത്രത്തിന് പോലും ഞാൻ മാല കെട്ടി ഇട്ടിട്ടുണ്ടെങ്കിൽ
അമ്പലത്തിൽ നിന്നും നേരത്തെ ചൂണ്ടി കൊണ്ട് വന്നു വച്ചിരുന്ന കർപ്പൂരം കത്തിച്ചു
ഒരു പൂജാരിണിയുടെ ഭാവത്തിൽ അച്ഛന്റെ നേരെ നീട്ടും.
“ഇതെവിടുന്ന് “
എന്നൊന്നും ചോദിക്കാതെ ഭക്തിപുരസരം അച്ഛനത് തൊട്ട് തൊഴുതു തന്റെ കയണ്ടി തലയിൽ വച്ച് ഒന്നൂടി പ്രാർത്ഥിക്കും.(ന്റെ ഊശാനത്തെ മോളെ കാത്തോളണേ എന്നാണോ….. ആവോ )
എന്നാൽ
അച്ഛൻ വീട്ടിൽ ഇല്ലെങ്കിലോ..?
സ്വാതന്ത്ര്യം കിട്ടിയ പോലെ
കൂട്ടുകാരുമായി കളിച്ചു തിമിർത്തു, ഏതാണ്ട്
മുക്കിലെ പള്ളിയിൽ നിന്നും (മുക്കത്തെ അല്ല )
വാങ്ക് വിളി ഉയരുമ്പോഴാവും പൂജാമുറിയുടെ ഓർമ്മ
ന്റെ ഇളം മനസ്സിലേയ്ക്കെത്തുക..
പിന്നെ വാണം വിട്ട പോലെ ഓടി വന്നു കിണ്ടിയിലെ വെള്ളം പോലും മാറ്റാൻ നിൽക്കാതെ,എന്തോ വലിയൊരു ഉപകാരം ചെയ്യും പോലെ ഇരുട്ടത്തിരിക്കുന്ന ദൈവങ്ങൾക്ക് മുന്നിൽ വിളക്കും കത്തിച്ചു, അച്ഛൻ എത്തും മുന്നേ :
നിരവുകൾ ഓരോന്നായി എടുത്തിട്ടു
ആ സ്വർഗ്ഗഗകവാടം ഞാൻ
അടച്ചു പൂട്ടി സീൽ ചെയ്യും.
അപ്പോഴാവും അച്ഛൻ ഓടിയെത്തുക.
പൂജാമുറി അടച്ചതിനും, ഒറ്റയ്ക്ക് വലിയ നിരവുകൾ പൊക്കിയെടുത്തതിനും ശകാരിക്കും..
പിന്നെ ചോദ്യോത്തരവേളയാണ്..
വിളക്ക് തേയ്ച്ചോ…??
മാല കെട്ടിയോ…??
തൂത്തോ…??
ഞാൻ ഉള്ള സത്യം ഉള്ള പോലങ്ങു പറയും…
എന്നിട്ടോ !!!
സത്യം പറഞ്ഞതിന് എന്നെ അച്ഛൻ ശിക്ഷിക്കും…
ഉടനടി!!!
ഓടിപ്പോയി മുറ്റത്തെ ചെമ്പരത്തിയിൽ നിന്നും മൊട്ടോടു കൂടിയൊരു കമ്പ് ഉരിച്ചെടുത്തു, ഇലകൾ പിന്നികളഞ്ഞു,എനിക്കിട്ട്, പിന്നെയൊരു വിശേഷാൽ പൂജയാണ്.
ഞാനപ്പോൾ
“ഇനി ഒറ്റ ദിവസവും ഇങ്ങിനെ ആവർത്തിക്കില്ലാ…..”ന്ന് കരഞ്ഞു പറയും.
ഒടുവിൽ ദേക്ഷ്യം തീർത്ത് കമ്പ് ഗൗളി തെങ്ങിന്റെ മൂട്ടിലെറിഞ്ഞു അച്ഛൻ പോകും.
‘നാളെയിനി അച്ഛൻ തൊഴാൻ വരട്ടെ!!
നോക്കിക്കോ,,
കർപ്പൂരോം ഇല്ല ഒരു കിർപ്പുരോം ഇല്ലെന്ന് കരച്ചിലിനിടയിൽ ഞാൻ ശപഥം എടുത്ത് ഉള്ളിൽ കരിന്തിരി കത്തുന്ന സങ്കടത്തെ ഊതി കെടുത്തും……
പക്ഷേ.. പക്ഷേ
പിന്നിം പിന്നിം ഇത് തന്നെ ആവർത്തിക്കും..
അങ്ങിനെ,വീണ്ടും
ഒരു ദിവസം
മാല കെട്ടിയിടാൻ പറ്റിയില്ല.. പകരം തലേന്നത്തെ കരിഞ്ഞ മാലയും ഇട്ട്
അയ്യപ്പനും പരിവാരങ്ങളും
കെറുവിച്ചിരിക്കവേ :
അച്ഛൻ എത്തും മുന്നേ, വിളക്ക് കത്തിച്ചു പൂജമുറി അടയ്ക്കാൻ ഞാൻ വെപ്രാളപെട്ടു..
പേടിച്ചിട്ടാണോ..?
തീപ്പെട്ടി ഒട്ട് കത്തുന്നും ഇല്ല!
ഒടുവിൽ
ഒരു വിധം വിളക്ക് കത്തിച്ചു തിരിഞ്ഞു നോക്കുമ്പോഴുണ്ട് ,
പിന്നിൽ
അച്ഛൻ കണ്ണടച്ച് തൊഴുതു നിൽക്കുന്നു.
“ന്റെ അയ്യപ്പോ!!!!!
ന്ക്ക് ന്ന് മകരവിളക്കാണേ !!!
ഞാൻ കിടു കിടാന്ന് വിറച്ചു..
അച്ഛൻ കണ്ണു തുറക്കുമ്പോൾ:
ഈ കരിഞ്ഞ മാലകളെ
ഒന്ന് മകരജ്യോതി പോലെ
ഒന്ന് മിന്നിച്ചേക്കണേ ‘ന്ന്
വലിയൊരു കുറ്റബോധത്തിന്റെ
ഇടി മിന്നലടിച്ചു വിറങ്ങലിച്ചു നിന്നു
ഞാൻ കരളുരുകി പ്രാർത്ഥിച്ചു.: തിരിയുമ്പോൾ,
അച്ഛൻ
അക്കമിട്ട നിരവുകൾ ഓരോന്നായി,
തിരഞ്ഞു,എടുത്തിടുക ആയിരുന്നു….
ഈ കള്ളത്തരം അച്ഛൻ അറിഞ്ഞോ …. ഇല്ലയോ എന്നറിയില്ല…..
എന്തായാലും,
ആ പൂജാമുറിയിൽ കയറാവുന്ന കാലം വരേം
പിന്നെ
മുടങ്ങാതെ ഞാൻ അയ്യപ്പന് മാല കെട്ടിക്കൊണ്ടിരുന്നു.
‘ഇനി മതീ ‘ന്ന്
അച്ഛൻ പറയും വരേം…..

S. വത്സലാജിനിൽ

By ivayana