രചന : സഫൂ വയനാട്✍
മരിച്ചതിൽപിന്നെ മരണത്തിനായാലും
കല്ല്യാണത്തിനായാലും ഞാൻ
അപ്പനേം കൂട്ടിയാണ് പോവാറ്.
അന്നകൊച്ചിന്റെ മാമോദീസയ്ക്കും
പള്ളിപ്പെരുന്നാളിനച്ഛന്റെ പ്രസംഗം
കേൾക്കാനും ഇടക്കൊന്നു
കുമ്പസാരക്കൂട്ടിൽ മുട്ട് കുത്തുമ്പഴും
മറുത്തൊരക്ഷരം മിണ്ടാതെ
മൂപ്പര് ഒപ്പം കൂടും.
മാസത്തിലൊന്നോ രണ്ടോ തവണ
കെട്ടിച്ചുവിട്ട വീട്ടിലേക്ക്
കയ്യിലൊരു പലഹാരപൊതീം
കൊണ്ട് കയറി വരേണ്ട മനുഷ്യൻ
അണുവിടതെറ്റാതെ ഒപ്പം
കൂടണത് കാണുമ്പോൾ മറ്റെല്ലാം
മറന്ന് ഞാൻ കണ്ണ് നെറേ ചിരിക്കും.
തക്കാളി കറി അടിക്ക്
പിടിക്കാതിരിക്കാൻ,
പാല് തിളച്ചു തൂവാതിരിക്കാൻ,
കപ്പേൽ ഉപ്പേറാതിരിക്കാൻ,
മറക്കാതപ്പൻ ഓർമ്മിപ്പിക്കും.
ചെറിയച്ഛന്റെ ഒത്ത്കല്യാണവും
അന്നമോൾടെ മാമോദീസചടങ്ങും
ഇടക്കിടെ ഓർമ്മപ്പെടുത്തും.
വയറ്റേലുണ്ടായിരിക്കെയെല്ലാം
വഴുതി വീഴാതിരിക്കാനപ്പനൊരു
കൈ താങ്ങാവും.
പനിപിടിച്ചു കിടക്കെ
നെറ്റിയിൽ തുണി നനച്ചിടും.
ഞാനുണ്ണുമ്പഴും ഉറങ്ങുമ്പഴും
കണ്ണടക്കാതെ കാവലിരിക്കും.
മരിച്ചു പോയത് കൊണ്ട് മാത്രം
ഞാനെന്റെ രഹസ്യങ്ങളെല്ലാം
അപ്പന്റെ വലത്തെ ചെവിയിൽ
ഉരുക്കിയൊഴിക്കും. രഹസ്യം
സൂക്ഷിക്കാനുള്ള അങ്ങേരുടെ
മിടുക്കിനെ പുകഴ്ത്തിപാടും.
മരിച്ചു വർഷം ഇരുപത് കഴിഞ്ഞിട്ടും
മങ്ങിപോവാത്ത ഭംഗിങ്ങിയേ വാഴ്ത്തും,
കൊഴിയാത്ത മുടിയും നരക്കാത്ത
താടിയും കൂടാത്ത വയസും കണ്ട്
അത്ഭുതംകൂറും .
എന്തൊക്കെ വാരി തേച്ചിട്ടും
കറുക്കാത്ത എന്റെ വെളുത്ത
മുടിയപ്പോൾ ഒളിച്ചു വച്ചിട്ടും
ഉമ്മറത്ത് വന്നെന്നെയെത്തിനോക്കും.
അപ്പനെ ചുറ്റിപ്പറ്റി നിന്ന
മാലാഖമാരുടെ കയ്യിൽ ദൈവത്തെ ഏല്പിക്കാൻ
എളുപ്പം വിളിക്കണോന്നു പറഞ്ഞു
ഒരു കത്ത് ഞാൻ എഴുതി ഏൽപ്പിക്കും.
കൊല്ലങ്ങൾ കഴിഞ്ഞും മങ്ങാത്ത
ചിരിയുടെയും ഇടറാത്ത സംസാരത്തിന്റെയും
അലട്ടാത്ത മനസിന്റെയും
രഹസ്യം ചോർത്താൻ ശ്രെമിക്കവേ,
ഒരു കള്ള ചിരി പാസാക്കി
അപ്പൻ ആറാനാകാശത്തിന്റെ
നാലാം മേഘചുരുളിൽ പോയി
നിന്നെന്നെ ഒന്നുമറിയാത്ത പോലെ
പാളി നോക്കും…
അല്ലെങ്കിലും മരിച്ചവർക്ക് മരണത്തെ
കുറിച്ച് എന്തറിയാം? ഇടയ്ക്കിടെ
മരിച്ചു ജീവിക്കണ മനുഷ്യർക്കല്ലാതെ..