ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

മുക്കുവക്കോളനിക്കടുത്തുള്ള സിമിത്തേരി നിറയെ പൂച്ചകളാണ്.
പരിസരമാകെ തൂറിയും മുള്ളിയും
റീത്തുകളും
പൂക്കളും
മെഴുകുതിരികളും
മാന്തിയെറിഞ്ഞും തട്ടിത്തെറിപ്പിച്ചും
അവർ അവിടെയാകെ വിഹരിച്ചു.
ആഹാരമോ വെള്ളമോ കൊടുക്കരുതെന്ന്
പള്ളിക്കാർ ചട്ടം കെട്ടിയിട്ടും
അനുദിനം അവ പെരുകി വന്നു.
പട്ടിണി
അസ്ഥിക്കോലങ്ങളാക്കിയ
പൂച്ചകളുടെ
പാതിയൊട്ടിയ വയറും
എല്ലുന്തിയ മേനിയും കണ്ട്
കണ്ണീർ പൊഴിയ്ക്കാൻ
ആ ഇടവകയിൽ
ആകെയുണ്ടായിരുന്നത്
മുക്കുവക്കോളനിയിലെ മൂപ്പനും
അവിടെയുള്ള മുക്കുവരുമായിരുന്നു.
ഒരിക്കലെങ്കിലും
പൂച്ചകളെ
വയർ നിറയെ ഊട്ടണമെന്ന ആഗ്രഹം കടൽത്തിരപോലെ
അവരുടെ ഉള്ളിലെന്നും ആഞ്ഞടിച്ചിരുന്നു.
പള്ളിക്കമ്മിറ്റിക്കാരറിയാതെ
ഒരു പൂച്ചസ്നേഹിയും
ഒളിച്ചും പാത്തും തീറ്റ കൊടുക്കാൻ പാടില്ലെന്ന്
എല്ലാ ഞായറാഴ്ചക്കുർബാനകളിലും
സത്യവാചകം ചൊല്ലിച്ച്
വികാരിയച്ചൻ ഉറപ്പുവരുത്തി.
അങ്ങനെയിരിക്കെ
മൂപ്പൻ മരിച്ചു.
അന്ത്യാഭിലാഷമായിരുന്നു
തന്റെ കുഴി മൂടാൻ
മണ്ണിന് പകരം മത്തി മതിയെന്ന്.
അദ്ദേഹത്തോടുള്ള ആദരവ് കൊണ്ടും
അവസാന ആഗ്രഹമെന്ന നിലയിലും
പള്ളിക്കമ്മിറ്റിയും എതിർത്തില്ല.
മത്തിയിട്ട്
പേരിന് മീതെ മണ്ണിട്ട്
ചടങ്ങുകൾ തീർത്ത്
ആളുകൾ മടങ്ങിയപ്പോൾ
പൂച്ചകളെത്തി
കുഴിമാന്തി മീൻ തിന്ന് തുടങ്ങി.
പിറ്റേന്ന് മുതൽ
സിമിത്തേരി വിട്ട്
പള്ളിക്ക് മുൻവശത്തുള്ള
ഉദ്ദിഷ്ടകാര്യസാധ്യത്തിന്റെ മദ്ധ്യസ്ഥനായ
പുണ്യാളന്റെ രൂപക്കൂടിന് ചുറ്റും
പൂച്ചകൾ പ്രാർത്ഥനയോടെ നിൽപ്പായി.
അന്ന് തൊട്ട്
കടൽത്തിരകൾ ഉയർന്നു പൊങ്ങി.
കാറ്റ് ആഞ്ഞുവീശി.
മുക്കുവക്കുടിയിൽ നിന്ന് നിലവിളികളും
പള്ളിയിൽ നിന്ന് കൂട്ടമണിയടികളും കേട്ടുതുടങ്ങി.
ഇപ്പോൾ
സിമിത്തേരി നിറയെ
തടിച്ചു കൊഴുത്ത പൂച്ചകളാണ്…

ജിബിൽ പെരേര

By ivayana