രചന : കൃഷ്ണമോഹൻ കെ പി ✍
ആരഭിരാഗത്തിൻ്റെ ആഗമനിഗമം കേ-
ട്ടാനന്ദ ചിത്തത്തോടെ ഭൂതലമുണർന്നപ്പോൾ
മായകളൊളിപ്പിച്ച മായാമാളവഗൗളം
മാന്ത്രിക സ്വരത്തോടെ മനസ്സിൽ ശ്രുതി മീട്ടീ
മോഹനരാഗവും, ഹംസധ്വനിയുമാ
പന്തുവരാളിയും, കാംബോജിയുമായീ
സമ്മേളിച്ചീടുന്ന വാക്കുകൾ കൊണ്ടങ്ങനെ
സംഗീതസദ്യയൊന്നൊരുക്കുവാൻ തുനിഞ്ഞിട്ട്
മാനസം മേഞ്ഞീടുന്ന പൂമുറ്റം വെടിപ്പാക്കി
ധ്യാനത്തിലാഴ്ന്നങ്ങിരിക്കും നിമിഷത്തിൽ
ചുറ്റിലും മുഴങ്ങുന്ന ശബ്ദങ്ങൾ മറഞ്ഞു പോയ്
ചിത്തത്തിൽ രാഗങ്ങൾ വന്നണഞ്ഞൂ രഹസ്യമായ്
മധ്യമാവതിയും പിന്നെ മാനസമുണർത്തുന്ന
യദുകുല കാംബോജിയിൽ പുല്ലാങ്കുഴൽ നാദവും
മസൃണചിന്താധാര തൊട്ടങ്ങുണർത്തുന്ന
തോടിയുമാനന്ദഭൈരവീ രാഗങ്ങളും..
കേട്ടങ്ങിരിക്കവേ ഉള്ളത്തെ കുളിർപ്പിച്ചു
മാരി തന്നല തൂകി, ‘അമൃതവർഷിണി’യുമെത്തീ
ഹുങ്കാരത്തോടെയെത്തി ശങ്കരാഭരണത്തിൻ
ഡും, ഡും, രവത്തോടുടുക്കുമപ്പോൾത്തന്നെ
രാഗ കല്ലോലിനിയുടെ തീരത്തു പായും നീർത്തി
രാഗമാലികകൾ കേൾക്കാൻ കാതോർത്തങ്ങിരിയ്ക്കുന്ന
രാവിൻ്റെ കാമുകനാം തിങ്കളെ മറന്നു പോയ്
രാക്കുളിർ മറന്നു പോയ് രാഗത്തിൽ ലയിച്ചു പോയ്🎹