രാവണാ
പത്തു ബോധ തലങ്ങളിൽ ലോകത്തെ
പലതായി ദർശിക്കുന്നവനേ
ഇരുപതു കൈകളെ കൊണ്ട് കൈലാസത്തോളം വലിയ ആത്മബോധത്തെ
അമ്മാനമാടുന്നവനേ
വൈതാളികരുടെ അനൃതവചനംകൊണ്ട് മയപുത്രിയുടെ സ്വരത്തിൽ ആസുര പ്രണയത്തിന്റെ
പ്രലോഭനം പരത്തുന്നവനേ
നിനക്കറിയാം വിരുദ്ധ കഥനം കൊണ്ട്
ഇഷ്ട മുദ്രകൾ കൂട്ടാൻ കഴിയുമെന്ന്.
ഞാൻ ജനകപുത്രി സീത
അശോകത്തിന്റെ പൂക്കളെ
ക്രോധത്തിൽ നിന്നും വിരിയിക്കുന്നവൾ
ആഴിയിൽ മിഴിനീരിന്റെ ഉപ്പു നിറക്കുന്നവൾ
സിംഹളത്തിന്റെ തരിമണലിൽ ചന്ദ്രഹാസത്തിന്റെ പ്രകാശമായവൾ
സ്വർണ രശ്മികൾ നിറഞ്ഞ ലക്ഷ്മീ നിലയങ്ങളിലെ സംഗീത രാവുകളെ
മൗനത്തിലാഴ്ത്തിയവൾ
സപ്തസ്വര മണ്ഡപത്തിൽ നവഗ്രഹങ്ങളുടെ നടനം ശനിയുടെ
കാല വിളംബത്തിലെത്തിച്ചവൾ
കല്ലറകളിൽ സപ്ത ദ്വീപുകളിലെ .
വിത്ത സഞ്ചയം രത്നഗർഭയായ ഭൂമിയുടെ
വരദാനമെന്നറിഞ്ഞവൾ
സിതയിലും ചിതയിലും
പുനർജനിക്കുന്നവൾ
രാമൻ
മാനവന്റെ സുമനസ്സുകളുടെ രൂപം
സ്വന്തം രാജ്യത്തു നിന്നും ഉപജാപകരാൽ
പുറന്തള്ളപ്പെട്ടപ്പൊഴും
സ്വന്തം പരിവാരത്തുനിന്നും തീഷ്ണബന്ധങ്ങളിൽ നിന്നും
പറിച്ചെറിയപ്പെട്ടപ്പൊഴും
കാക്കയും പരുന്തും മാനും മയിലും
കാട്ടുജാതിയും കുരങ്ങും മാത്രം കൂട്ടായപ്പൊഴും
കായും കിഴങ്ങും മല വർഗ്ഗക്കാരിയുടെ
ഭക്ഷണ ശേഷിപ്പും കൊണ്ട് ജീവൻ
നിലനിറുത്തുമ്പൊഴും
വീരചരിതങ്ങൾ മറവിയിലാഴ്ത്തി
സ്ഥിതപ്രജ്ഞനായി ജീവിക്കുന്നവൻ.
അവന്റെ പ്രണയം പക്വതയാർന്ന
സരയൂ പ്രവാഹം
അവന്റെ സങ്കടം സദാചാരത്തിന്റെ പരിദേവനം
ആയുധങ്ങളോ ആൾ ശേഷിയോ
ശബ്ദ വേധികൾ നിറഞ്ഞ ആകാശ വിമാനങ്ങളോ അവനില്ല.
വിനയവാനും സന്ദേഹിയുമായ യുവാവ്
സമൂഹത്തിന്റെ പ്രതികരണങ്ങളിൽ
കരുതി നീങ്ങുന്നവൻ
സ്വന്തം പെണ്ണിനെ പ്രണയിക്കുവാനും
വിശ്വത്തെയാകെ പുനർ വായിക്കുന്നവൻ
കടമയുടെയും കാലത്തിന്റെയും
സ്നേഹത്തിന്റെയും കൂട്ടുകാരൻ
എങ്കിലും
നിഷ്കളങ്കന്റെ സ്നേഹം പനിനീരു പോലെ തെളിഞ്ഞതാണ്.
ക്ഷമാശീലന്റെ ക്രോധം കാട്ടുതീ പോലെ പടർന്നു പിടിക്കുന്നതാണ്.
കണ്ണുനീരുകൊണ്ടു മാത്രമേ അതു കെടുത്താൻ പറ്റുകയുള്ളൂ.
മിഴിനീരു നനയാത്ത ഈ രാജ്യത്തെ
എരിച്ചുകളയാൻ ആ ജ്വാലകൾ എത്തുന്നതു വരെ ഞാൻ ശിംശപാവൃക്ഷച്ചുവട്ടിൽ കാത്തിരിക്കാം.
രാവണാ
നിന്റെ ദയ ഞാൻ ആഗ്രഹിക്കുന്നില്ല.
ദയ അർഹിക്കുന്നവൾ മയ പുത്രിയാണ്
അവളോ
വേദവതിയുടെയും വൈദേഹിയുടെയും
ചരിത്രം നിന്റെ വിജയ കഥയായി
പാടേണ്ടിവന്നവൾ
നാഗങ്ങളിഴയുന്ന സപ്രമഞ്ചങ്ങളിൽ
അനുരാഗം അഭിനയിക്കേണ്ടി വരുന്നവൾ
ഓരോ നിമിഷവും നീയാൽ തിരസ്കരിക്കപ്പെടുന്നവൾ
നിന്നോടുള്ള ഭയത്താൽ മകളെ കൈ വെടിഞ്ഞ അച്ഛന്റെ മനസിൽ നിന്നും
നിന്നിൽ നിന്നും മോചനമില്ലാത്തവൾ
പത്തു തലയും ഇരുപതു കൈകൾക്കും ഒപ്പം നിന്റെ മൃത്യുവിനെ
ആവാഹിക്കുന്നവൾ .
ഇവളോ
സ്വീകരിക്കുമ്പോൾ
ലോകത്തിന്റെ നിറുകയിലെത്തുന്നവൾ
തിരസ്കരിക്കുമ്പോൾ ഭൂമിയിലേക്ക് സ്വതന്ത്രയാകുന്നവൾ
സുഖ ദുഃഖങ്ങളെ മടിയിൽ ഇരട്ടക്കുട്ടി കളെപ്പോലെ ചേർത്തു പാലൂട്ടുന്നവൾ
അവളോ
പത്തു തലയുള്ള കാമത്തിനെ വാഴ്ത്തി പാടേണ്ടിവരുമ്പൊഴും നിശ്വാസങ്ങൾ കൊണ്ട് അശോകവനികക്കുചുറ്റും
എന്റെ ആശ്വാസകവചം
ഞങ്ങൾ ഒരേ അധാർമ്മികതയുടെ
ഒരേ അനീതിയുടെ ഇരകളാണ്.
എന്റെ സ്നേഹത്തിന് കാരാഗൃഹത്തിന്റെ വാതിൽക്കപ്പുറം കാവൽ നിൽക്കുന്ന എന്റെ സഹോദരി .
രാമനെ ഇവിടേക്കാനയിക്കാൻ നാമം ഉരുവിടുന്നവൾ
രാവണാ
നിനക്ക് അവളെ മനസിലാക്കാനാവില്ല.
എന്റെ പുണ്ണിൽ കൊള്ളി വെക്കാൻ
ഒരിക്കലും അവൾ വരില്ല.
അവളുടെ ഉടൽ എരിഞ്ഞു തീരുന്നതിനു മുമ്പേ
രാമനെത്താൻ നീ പ്രാർത്ഥിക്കൂ
ഞാനും അവളുടെ കൂടെയുണ്ട്.

By ivayana