രചന : ബിനു. ആർ✍
🙏ഒരു പിഞ്ചുകുഞ്ഞിന്റെ മരണത്തിനു ഇടയാക്കിയ കഷ്മലന് വധശിക്ഷ വിധിച്ച ദിവസം..👌
പൊയ്ക്കാലുള്ളവർ
ധർമ്മനിരതർ
പൊയ്ക്കണ്ണുള്ളവർ
നീതിനീയമവാദികൾ
നീതിനീയമങ്ങൾ ഉരയ്ക്കും
ഉരകല്ലിൽ കുടിയിരിക്കും
ഗുരുതുല്യർ കണ്ണുകളിൽ
കാമവുമായി നോക്കുന്നു
ഇന്നത്തെശിശുക്കളെ.
അവരുടെരോദനങ്ങൾ
ഭിത്തിയിൽത്തട്ടിത്തെറിക്കുമ്പോൾ
ചിതറുന്നതെല്ലാം രക്തമയമായ
കണ്ണീർക്കണങ്ങളാകവേ,അതു
കണ്ടുകണ്ടില്ലെന്നു നടിക്കുന്നു മനുഷ്യക്കൂട്ടായ്മകൾ!
നിയമധ്വംസകർ!
നില്ലുനില്ലെന്നു ചൊല്ലുവാ-
നാരുമേയില്ലാതെ
നന്മയെന്നുചൊല്ലും കപട
സംരക്ഷണസമിതികൾ
ഉണ്ടുറങ്ങിയുണരുന്നു,
പുലർകാലങ്ങളിൽ
നമഃശിവായ മന്ത്രം
മാത്രമുരുവിട്ട്, കണ്ണടച്ച്!
ജാലകപ്പടിവാതിലിൽ
കൂനിക്കൂടിയിരിക്കുന്നു
ഉപഞ്ജാപകവൃന്ദങ്ങൾ,
മാധ്യമസാഹിത്യനായകന്മാർ,
തെരുവുനായകൾക്ക്
സംരക്ഷണംവേണമെന്നു
ശഠിക്കുന്നകഴുകർ,
ഒരു ശിശുവിന്റെയും
രോദനം കേൾക്കാതെ!
ആനത്തലയോളം വെണ്ണ
തരാമെന്ന
വ്യാമോഹങ്ങൾ നൽകിയവർ
അഷ്ടദിക്പാലകർ
നോക്കിച്ചിരിക്കുന്ന
വണിക് വൃന്ദങ്ങൾ, എല്ലാവർക്കും
മുന്നിൽ കിതപ്പടക്കാൻ
പാടുപെടുന്നവർ
ഇന്നത്തെ ശിശുക്കൾ,വെറും
മണ്ണട്ടയായ് മാറീടുന്നു.!
-0-