ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

മാലാഖയാണെന്നതിനാൽ
നിന്നെ ഗബ്രിയേലെന്നും,
ചെകുത്താനാണെന്നതിനാൽ
നിന്നെ ലൂസിഫറെന്നും വിളിക്കാം.
പക്ഷേ, നീ കടന്നുപോന്ന
ദ്രവിച്ച പാലത്തിന്റെ
കറുത്ത ചരിത്രത്തെ
എന്തിന് നീ ചുമലിൽ
പേറുന്നു?
പാലത്തിനടിയിലെ
ചുവന്ന വെള്ളത്തിന്റെ
കുത്തൊഴുക്ക്
എന്തിനുനിന്നെ
ഭയപ്പെടുത്തുന്നു?
പാറക്കഷണങ്ങളും,
തലയോട്ടികളും തമ്മിൽ
തിരിച്ചറിയാനാവാത്ത വിധം
പുഴയിൽ നിറയുന്നത്
എന്തിനുനിന്നെ
അസ്വസ്ഥപ്പെടുത്തുന്നു?
നഗ്നനായി നീ
നഗരത്തിലെത്തുമ്പോൾ
നിന്റെ ഉടയാടകളെവിടെയെന്ന്
അവർ തിരക്കും.
കളവുപോയെന്ന്
മറുപടി പറയുക.
തീർച്ചയായും നീ പറയുന്ന
മറുപടിയാവില്ല അവരുടെ
കാതുകളിലെത്തുക.
വാളെടുത്ത് സ്വന്തം
ശിരസ്സറുത്തെടുത്ത്
പീഠത്തിൽ വെയ്ക്കുക.
തീർച്ചയായും അവർ
നിനക്കൊരു ആരാധനാലയം
പണിയും.
നിന്നിലെ കൊടുങ്കാറ്റിനെ
തേഞ്ഞുതീർന്ന നിന്റെ
പാദരക്ഷകൾക്കുള്ളിൽ
നിക്ഷേപിക്കുക.
സൂര്യനുദിക്കും മുൻപേയത്
കടലിലെറിയുക.
നിന്നെ പിൻതുടരുന്നവരോട്
നീ മാലാഖയുമല്ല
ചെകുത്താനുമല്ലയെന്ന്
പറയുക.
ഗബ്രിയേലും, ലൂസിഫറും
തുലഞ്ഞുപോകട്ടെ!
🔴

സെഹ്റാൻ

By ivayana