വാസന്തമെത്തുവാന്‍ കാത്തിരിക്കുന്നു ഞാന്‍
വാടാമലര്‍ക്കുലയേന്തി നിത്യം
എത്തുമോ ഈ മലര്‍വാടിയില്‍ സ്വച്ഛമാം
പുത്തനുഷസ്സിന്‍റെ പൊന്‍കിരണം?
ഏറുന്നൊരാശങ്കയെന്നെത്തളര്‍ത്തുന്നു
നേരറ്റ മര്‍ത്ത്യന്‍റെ ദുഷ്ടലാക്കില്‍
യുദ്ധപ്പെരുമ്പറയെങ്ങും മുഴങ്ങുന്നു-
ണ്ടാര്‍ത്തനാദങ്ങളും കേട്ടിടുന്നു.
പോര്‍വിളിച്ചെത്തുന്ന കൂട്ടം പരസ്പര-
മാര്‍ക്കുന്നു സോദരരക്തത്തിനായ്
സങ്കല്‍പ്പലോകത്തില്‍ മേവുന്ന മര്‍ത്ത്യരോ
സംഹാരമാര്‍ഗേ ചരിച്ചിടുന്നു.
സാന്ത്വനതൈലമായ്മാറേണ്ട മാനവന്‍
സംഹാരതാണ്ഡവമാടിടുന്നു.
പ്രാണഭയമൊട്ടുമില്ലാതെയൂഴിയില്‍
പാരം കടക്കുവാനായീടുമോ.?
ചെറ്റും കൃപയുള്ളിലില്ലാത്ത ലോകത്തി-
ലൊട്ടും കരുണതന്‍ വെട്ടമില്ല.
പെറ്റമ്മതന്‍ മാറില്‍നിന്നും കുരുന്നിനെ
തട്ടിയെടുക്കുന്നു കാട്ടാളരും.
അര്‍ത്ഥത്തിനായുള്ള നെട്ടോട്ടമോടുന്ന
മര്‍ത്ത്യന്‍റെ ചെയ്തികളെന്തു കഷ്ടം!
എല്ലാം സഹിച്ചുകൊണ്ടുള്ളു പിടഞ്ഞിട്ടു
കല്ലായിമാറിയ ഭൂമിയമ്മ
തെല്ലു ശങ്കിക്കാതെ സംഹാരമാടിയാല്‍
എല്ലാം നശിക്കുന്ന കാലമെത്തും
പ്രത്യാശാസൂനങ്ങള്‍ കൈകളിലേന്തി നാം
പ്രത്യൂഷമെത്താനായ് കാത്തുനില്‍ക്കാം
ശാന്തിതന്‍ വെള്ളരിപ്രാവിന്‍ചിറകടി
ശാര്‍വരം നീക്കി, പ്രതിധ്വനിക്കും.

By ivayana