രചന : ഹരികുമാർ കെ പി ✍
ഉദയകിരീടം ചൂടിയ നിന്നുടെ
മലയാം ശബരിമല
ഉണർത്തുപാട്ടിന്നൊഴുക്കു കേട്ടു
ശരണം പൊന്നയ്യാ
പമ്പാഗണപതി പാരിന്നുടയോൻ
കാക്കും പൊന്മലയിൽ
വിളക്ക് തൊഴുതു മടങ്ങാം രാവിൽ പൊന്നമ്പലമേട്ടിൽ
നിലാവ് പൂത്തൊരു നീലാകാശം
വെളിച്ചമേകുമ്പോൾ
ഇരുളുകൾ മൂടും കരിമലമേട്ടിൽ
ശരണംവിളി ഘോഷം
അയ്യന്നരുളുകൾ ഒതുക്കി വെച്ചൊരു തത്ത്വമസി പൊരുളേ
കാനനപാതകൾ താണ്ടി വരുന്നവർ അഭയം ചോദിപ്പൂ
മണ്ഡല മകരവിളക്കേ ശരണം അടിയന്നുറവിടമേ
ആത്മബലം നീ അഖിലം വാഴും
ഏകാന്തപ്പൊരുളെ
മാളികമാതാവമരും കാട്ടിൽ
പതിനെട്ടാംപടിയിൽ
പാപമതെല്ലാമുടച്ചു കയറും
നല്ല മനസ്സുകളായ്
സൗഹൃദമാം നിൻ വാവരുസ്വാമിയെ തൊഴുതു മടങ്ങുമ്പോൾ
സമസ്തമഖിലം മന്ത്രം മലയിൽ
ഏകപരബ്രഹ്മം
കാലുകളിടറാ കയറും മലയിലെ
അഭയം നീയല്ലോ
മഞ്ഞണിമാമല തിരിച്ചു ചൊന്നു
എന്നുടെ അയ്യപ്പൻ
അയ്യനയ്യൻ വാഴും മാമല ശ്രീലക
സന്ധ്യ വണങ്ങുമ്പോൾ
കാനനധന്യത കർമ്മം കാട്ടും
ഏകമതയ്യപ്പൻ
ശരണംശരണം
ശബരിഗിരീശാ നിൻ ഉറക്കുപാട്ടങ്ങുയരുമ്പോൾ
കണ്ണുകൾ പൂട്ടി ഉറങ്ങീടു നീ മാമലയുണർന്നിരിക്കട്ടെ!