ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഞാൻ വന്നവഴിയിലേകനായ് മൂകനായ്
മുൻപോട്ടു പോകുവാനാവാതെയും
രാത്രിവന്നെത്തവേ മൂടിയ നേത്രങ്ങൾ
സത്രത്തെ വിദ്രുതം മറച്ചുവോ ?
ഇരുളിൻ മറവിലുത്ഭുത ചിന്തകൾ
ഗുരുവിൻ രോദനം തന്നെയല്ലേ?
വിരലിൻ തുമ്പിനാൽ നൽകിയാസ്പർശനം
വിരവിൽ ചേർത്തിതാ ചൊല്ലിമെല്ലെ:
“സ്വന്തമായെല്ലാമേ ലഭിച്ചതാരുണ്ട്?
സ്വന്തവും പൂർണമതാകുന്നുവോ?
എന്തിനു പിന്നെ നാം ഹുങ്കാരമോടെയ-
ഹങ്കാരം കാട്ടുന്നു പാരിതിലായ്.
അന്യോന്യം തുല്യത ചെയ്യുവാനാരുണ്ട്
അന്യരാം നമ്മിലും ഭേദമെന്നും
ആരുണ്ടീക്ഷോണിയിൽ തട്ടിച്ചുനോക്കുവാൻ
താരതമ്യത്തിനു കീഴ്പ്പെട്ടവർ?
ജീവിതമോരോന്നും നിയോഗമല്ലയോ
ഇച്ഛയോടങ്ങനെ പൂർത്തിയാക്കാൻ
ബുദ്ധിയുംശക്തിയും ശേമുഷിയൊക്കെയും
ബുദ്ധനായ് മാറ്റുവാൻ പ്രാപ്തമല്ലോ.
അന്യന്റെ ജീവിതമെന്തെന്നളക്കുവാൻ
എന്തുണ്ട് നമ്മുടെ പക്കലായി
മുൻവിധിയല്ലാതെ മറ്റെന്തുകൊണ്ടു നാം
അന്യരെ തൂക്കിലായേറ്റീടുന്നു.
എത്രനിഗൂഢമീ ജീവിതമെന്നെന്നും
എത്രയോ പീഡിതർ പാമരന്മാർ
താന്താനറിയുന്നു തന്നുടെ പീഡനം
താന്താനുയർത്തണം ജീവിതത്തെ.
സ്വന്തമായ് കൈവശം വെച്ചിരിക്കുന്നവ
സ്വന്തമോ? എത്ര നാൾ സ്വന്തമാകും ?
കർത്തവ്യമൊന്നുതാൻ : സ്വന്തമായുള്ളവ
മർത്യനായ് പാരിതിൽ നൽകുക നാം.”
എത്രനാൾ മുന്നോട്ട് പോകണമിന്നിനി
സത്രത്തിൽ ചേരുവാൻ മന്നിടത്തിൽ
മിത്രങ്ങളെത്രയോ കൂട്ടിനു വന്നീടിൽ
തത്രപ്പാടെന്തിന് കാട്ടണം ഞാൻ.

തോമസ് കാവാലം

By ivayana