രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
ഈറൻനിലാവിന്റെ ഈണവുമായി
ഇന്നെന്റെയോർമ്മകൾ പടികയറിവന്നു
ഇന്നലെക്കണ്ടൊരു അഴകിന്റെയലയിന്നു
സ്വപ്നത്തിൻരഥമേറി കടന്നുവന്നു
അകതാരിൻതളങ്ങളിൽ പതിഞ്ഞപദനിസ്വനം
അനുരാഗിണിയവൾ വന്നതാണോ
അതിഗൂഢമായെന്റെ മാനസപ്പൊയ്കയിൽ
മോഹത്തിൻപെരുമഴ പെയ്തതാണോ
പൂങ്കാറ്റുപോലെന്റെ മേനിയിൽപ്പടർന്നത്
പൂക്കാലമായ്വന്ന നിശ്വാസമോ
പൂന്തേന്തുള്ളിയെൻ ചുണ്ടിൽപ്പകർന്നത്
പുളകത്തിൽ പൊതിഞ്ഞനിൻ ശൃംഗാരമോ
ഇളകുന്ന അളകങ്ങൾ മാടിയൊതുക്കി
ഇണക്കിളി നീയെന്നു മുന്നിൽവരും
ഇന്ദ്രിയങ്ങളെ മെല്ലെ ലജ്ജയിലൊളിപ്പിക്കാൻ
സുന്ദരസ്വപ്നം വിട്ടെന്നുണരും…എന്നുണരും ?