‘ ഡിവോഴ്സ്… ഡിവോഴ്സ്… ഇനി എന്തു പറഞ്ഞാലും അതുമതി. ഇനി ഇതിലൊരു വിട്ടുവീഴ്ചയുമില്ല.തോറ്റു നെല്ലിപ്പലക കണ്ടു’
മകളുടെ ഉറച്ച ശബ്ദം. വിഭ്രാന്തി പൂണ്ട മുഖം.അവൾ ഒരു ചുഴലിക്കാറ്റ് പോലെ കറങ്ങിത്തിരിഞ്ഞ് അകത്തളത്തിലേക്ക് പോയി. അവിടെ കട്ടിലിൽ കമിഴ്ന്നു വീണു.
എന്തോ സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചിരിക്കുന്നു.
കഥയൊന്നും അറിയാത്തതു പോലെ അവളുടെ രണ്ടു ആൺ മക്കൾ. അവർ തുമ്പികളെ തപ്പിപ്പിടിക്കാൻ ഓടുന്നു. ഇനി അവയെക്കൊണ്ട് കല്ലെടുപ്പിക്കണം.
ചൂടുമീനക്കാറ്റും വെയിലും അവരെ ഏശുന്നില്ല.
എന്നാൽ അയാൾക്ക് നെഞ്ച് പൊട്ടും പോലെ തോന്നി. ബന്ധങ്ങളിലെ ചില അപസ്വരങ്ങൾ, ചില വിള്ളലുകൾ, മുറിഞ്ഞുമാറുന്ന അടുപ്പങ്ങൾ അവ ഏച്ചു വെച്ചാൽ മുഴച്ചു തന്നെ ഇരിക്കും.
അവൾ എന്തോ നാശം ഒപ്പിച്ചതു പോലെയുണ്ട്.
അയാൾ ആകെ അസ്വസ്ഥനായി.
ഒരു സുനാമി മടങ്ങിപ്പോകുമ്പോൾ തീരം പഴയത് പോലെ ആയിരിക്കില്ല.
കാര്യങ്ങൾ കൈവിട്ടു പോകുമോ? അയാൾക്ക് ഇരിപ്പുറയ്ക്കുന്നില്ല.
‘ എന്താ മക്കളെ ഉണ്ടായത്?’
അയാൾ കുട്ടികളോട് ആരാഞ്ഞു.
അവർക്ക് കേട്ട ഭാവമില്ല. തുമ്പികളെ പിടിക്കുന്നതിലാണ് ശ്രദ്ധ.
അയാൾ വല്ലാതെ ഭയപ്പെട്ടു. അകത്തു ചെന്ന് മകളോട് കാര്യങ്ങൾ തിരക്കി.
അവൾ കമിഴ്ന്നു തന്നെ കിടക്കുകയാണ്.
കുറേനേരം കഴിഞ്ഞപ്പോൾ അവൾ എന്തോ പറയാനുറച്ച പോലെ ഉമ്മറത്തേക്ക് വന്നു.
‘ എനിക്ക് ഡിവോഴ്സ് മതി’.
‘ എല്ലാം പറയാനെന്തെളുപ്പം?’
‘ എന്തിനാണ് എന്നെ കരാട്ടെ പഠിപ്പിച്ചത്? പഠിക്കണ്ട…പഠിക്കണ്ട എന്ന് ഞാൻ എത്ര പറഞ്ഞതാണ്?’
‘ എന്നെ കുറ്റപ്പെടുത്തേണ്ട. നിന്റെ കണക്ക് മാഷ് തന്നെയാണ് പറഞ്ഞത്. ചന്തമുള്ള പെണ്ണിന് നേർക്ക് പൂവാലന്മാരുടെ ശല്യം കൂടുമെന്ന്. അവരുടെ സ്വയരക്ഷയ്ക്ക് എന്തുകൊണ്ടും കരാട്ടെ നല്ലതാണെന്ന്.’
‘ അച്ഛൻ ഒരിക്കലും ഒരു കുറ്റവും ഏൽക്കില്ല.എല്ലാം ആരുടെയെ ങ്കിലും തലയിൽ കെട്ടി വച്ചോളും… എന്നിട്ട് കെട്ടിയവനല്ലാതെ ആരും
ഇന്നോളം എന്നെ ശല്യം ചെയ്തില്ലല്ലോ. അതും കെട്ടിയതിൽ പിന്നല്ലേ?’
‘ അതൊക്കെ കഴിഞ്ഞ കാര്യം.
കരാട്ടെ പഠിക്കുന്നത് ഭർത്താവിനെ മെരുക്കാനും കൊല്ലാനും ആണെന്ന് മോളോട് ആരേലും പറഞ്ഞൊ?’
‘ അയാളുടെ കുടിയും സെറ്റും അഴിഞ്ഞ ജീവിതവും എനിക്ക് സഹിക്കാൻ മേല.ചിരവകൊണ്ട് തലയടിച്ചു പൊട്ടിക്കണമെന്നാ വിചാരിച്ചത്.’
‘ നീയൊരു പെണ്ണാണ് മറക്കണ്ട’
‘ സ്ത്രീകളെ അബലകളാക്കി അങ്ങനെ മുദ്രകുത്തിയിരുത്തണ്ട.’
‘ എനിക്ക് പ്രായമായി.ഈ മക്കളേം കൊണ്ട് നീയെങ്ങനാ ജീവിക്കുക?’
‘ പാറമടയുണ്ടല്ലോ അതുമതി. കല്ലുടച്ചോളാം ‘
‘ ദൃഷ്ടി വർമ്മം ചൂണ്ടുവർമ്മം തൊടുവർമ്മം ഇങ്ങനെയും ചിലത് നിന്നെ പഠിപ്പിച്ചില്ലേ? നീ അതെല്ലാം കളഞ്ഞ് കടുംകൈ വല്ലതും ചെയ്തോ?’
‘ അങ്ങേർ…എന്റെ വലത് നടുവിരലിന് …നെഞ്ചിൻതടത്തില്ലേറ്റ ഒറ്റ കുത്തിന് തന്നെ കറങ്ങി താഴെ വീണു. അച്ഛൻ പേടിക്കേണ്ട. ഞാൻ മറുവർമ്മം നോക്കി ഒരു നല്ല കുത്ത് കൊടുത്തിട്ടുണ്ട്… ‘
‘ എന്നാലും അത്രയ്ക്ക് വേണ്ടിയിരുന്നില്ല. എത്ര പറഞ്ഞാലും എന്ത് പറഞ്ഞാലും നിന്റെ പിള്ളേരുടെ അച്ഛനല്ലേ? അയാൾ ബോധമില്ലാതെ കിടപ്പാണെന്നും ആശുപത്രിക്കാർ മനസ്സില്ലാ മനസ്സോ ടെയാണ് അഡ്മിറ്റ് ചെയ്തതെന്നുമാണ് അങ്ങേതിലെ മാധവൻകുട്ടി ഫോൺ ചെയ്തു പറഞ്ഞത്… അല്പം ക്രിട്ടിക്കൽ ആണ്…പൾസ് റേറ്റ് ഇടയ്ക്കിടെ താഴുന്നുണ്ട് എന്നൊക്കെ’
‘ ഓ അങ്ങേരങ്ങനൊന്നും തീരുന്ന ടൈപ്പ് അല്ല. മാനം മര്യാദയ്ക്ക് വരട്ടെ. ഒരു കരാർ എഴുതി വയ്ക്കട്ടെ. ഒപ്പിട്ട് അച്ഛന് തരട്ടെ… ഇനി മദ്യപിക്കില്ലാന്ന്. മര്യാദയ്ക്ക് അന്തസ്സോടെ ജീവിക്കാമെന്ന്.’
‘ അയാൾ അങ്ങനെ കരാർ വയ്ക്കുമോ?’
‘ ഇല്ലെങ്കിൽ എനിക്ക് ഡിവോഴ്സ് മതി ‘
‘ എന്റെ മോളെ നീ തൊട്ടതിനും പിടിച്ചതിനും ഇങ്ങനെ ഡിവോഴ്സ്… ഡിവോഴ്സ് എന്ന് പറഞ്ഞാൽ എങ്ങനാ?ഒന്നും ആലോചിക്കാതെ ഇങ്ങനെ പറയരുത്. ഒരു അച്ഛന്റെ മനസ്സ് നിനക്കറിയില്ല.’
‘ പിന്നേ…അച്ഛനെന്തിനാ ഇതിലൊക്കെ ഇത്ര പെടാപ്പാട്? അച്ഛന് അല്ലേലും അച്ഛന്റെ കാര്യമേയുള്ളൂ. ഞാനെന്ത് കണ്ടാലും കേട്ടാലും… ഞാൻ ഇടി കൊണ്ട് ചത്താലും അതൊന്നും അച്ഛന് ഒരു പ്രശ്നവുമല്ല. എല്ലാം സഹിച്ച് ഊമയെപ്പോലെ ഇരിക്കാം.എന്താ?
അച്ഛന്റെ സന്തോഷത്തിന്’
‘ ക്ഷമ…ഭൂമിയോളം ക്ഷമ വേണം പെണ്ണിന് ‘
‘ ഓഹോ!’
അവൾ മുറിക്കുള്ളിലേക്ക് കയറിപ്പോയി.
അയാൾ പൂമുഖത്തെ ചാരുബെഞ്ചിൽ വന്നിരുന്നു.
ഇന്നലെ വിടർന്നു ചിരിതൂകി നിന്ന അരളിപ്പൂക്കൾ നിലത്തു വീണ് വെയിലേറ്റ് കരിയുന്നത് അയാൾ കണ്ണുംനട്ടിരുന്നു.
കുട്ടികൾ അരളിക്കായിൽ സായിപ്പിൻ മുഖം മിനുക്കിയെടുക്കുന്നു.
എങ്ങു നിന്നോ പൊടിപടലങ്ങൾ ഉയർത്തി ഒരു വികൃതിക്കാറ്റ് വീശി വന്നു.
അതിനൊപ്പം തിടുക്കപ്പെട്ട് മാധവൻകുട്ടിയുമെത്തി.
അയാളുടെ മുഖത്ത് വല്ലാത്തൊരു പരിഭ്രാന്തിയും സങ്കോചവും.
‘ എന്താ മാധവാ?’
‘ പോയി…ആള് തട്ടി പോയി!’
മുറ്റത്തേക്ക് കാലുകൾ തൂക്കിയിട്ട് കോലായിലെ തൂണും ചാരി മാധവൻകുട്ടി ഇരുന്നു.
ആരും ഒന്നും മിണ്ടുന്നില്ല.
മകളെ എങ്ങനെ അറിയിക്കും?
അവൾ മാധവൻ പറഞ്ഞത് കേട്ടുവോ?
അയാൾക്ക് തലകറങ്ങും പോലെ തോന്നി.
കണ്ണുകളിൽ വെയിലും വെളിച്ചവും മങ്ങുന്ന പോലെ!!
——

By ivayana