ഒരിയ്ക്കൽ സ്നേഹിച്ച
മനുഷ്യർക്ക് വെറുക്കാൻ
സാധിക്കുന്നതെങ്ങനെയാവും?
പരസ്പരമെത്രമേൽ
സ്നേഹിച്ചിട്ടുണ്ടാവും…
എത്രയോ മഴകളെ
തിരമാലകളെ
മഞ്ഞിനെ വെയിലിനെ
കാറ്റിനെ
തിരിച്ചറിഞ്ഞിട്ടുണ്ടാവാം…
ഒറ്റമരത്തിൻ്റെ വേരുപോലെ
അടുക്കാനും
അകലാനും കഴിയാതെ
പുറമേ വെറുപ്പിൻ്റെ
മുഖംമൂടി ധരിച്ച്
പരസ്പരം മറന്നുവെന്നവർ
സ്വയം
ബോദ്ധ്യപ്പെടുത്തുന്നുണ്ടാവാം…
ഓരോ സംഗമവും
സമാഗമവും
ഏകാന്തതയിലിരുന്ന് ഓർമ്മിക്കുന്നുണ്ടാവാം.
വീണ്ടുമൊരുസമാഗമത്തിനായ്
മൂകമായ് കൊതിക്കുന്നുണ്ടാവാം.
ചുറ്റുമുള്ളവർക്കു
കാണാൻ കഴിയാത്ത
സ്നേഹത്തിന്റെ
നേർത്ത ആവരണം
പുതച്ചിട്ടുണ്ടാവാം…
മൗനംകൊണ്ട്
വാചാലമായ
ദീർഘമായ ഒരാലിംഗനം ആഗ്രഹിക്കുന്നുണ്ടാവാം…
അങ്ങനെ സ്നേഹത്തിൻ്റെ
സ്മൃതിവത്സരങ്ങൾ
തീർത്തരണ്ടുപേർക്ക്
എങ്ങനെയാണ്
മറക്കാനാവുക…?
എങ്ങനെയാണ്
വെറുക്കാനാവുക…?

സതി സതീഷ്

By ivayana