ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

” ഇരുപതാം വയസ്സിൽ കല്യാണം കഴിഞ്ഞെങ്കിലും മുപ്പത്താറാമത്തെ വയസ്സിലാണ് അമ്മ എന്നെ പ്രസവിക്കുന്നത്. അന്നത്തെ രീതിയനുസരിച്ച് ഒരു മുത്തശ്ശി വരെയാകാവുന്ന പ്രായം.


ഉണരാൻ കൂട്ടാക്കാത്ത അടിവയറിന്റെ ഭാരവുമായി എനിക്കുവേണ്ടി കാത്തിരുന്ന അവരുടെ നീണ്ട പതിനാറ് വർഷങ്ങൾ ഒരു മഹാവിസ്മയം പോലെയാണ് ഇന്നുമെനിക്ക്. നാട്ടിൻപുറത്തിന്റെ അന്നത്തെ ചുറ്റുപാടുകളിൽ പ്രസവിക്കാത്ത സ്ത്രീ താങ്ങേണ്ടി വരുന്ന ഭാരം ചെറുതാവില്ല. ഞങ്ങളുടെ തറവാട്ടിലാണെങ്കിൽ, അമ്മയുടെ ചേച്ചിയുടെ മകൾ, അമ്മയെക്കാൾ എത്രയോ താഴെയുള്ളവൾ, പതിനഞ്ചാം വയസ്സിൽ വിവാഹം കഴിച്ച്, പതിനാറാം വയസ്സിലേ പ്രസവം തുടങ്ങി, ഞാൻ ജനിക്കുന്നതിനു മുമ്പു തന്നെ അഞ്ച് കുട്ടികളുടെ അമ്മയായിക്കഴിഞ്ഞിരുന്നു.


അമ്മയാകട്ടെ, എന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു, പ്രാർത്ഥനയോടെ.
എല്ലാ അമ്മമാരും പ്രാർത്ഥനകളാണ്, കാത്തിരിപ്പാണ്.
നീണ്ട കാലത്തെ പ്രാർത്ഥനകൾ, അന്തമില്ലാത്ത വഴിപാടുകൾ, നൊയ്‌മ്പുകൾ…
ഇനിയൊന്നും ബാക്കിയില്ലെന്ന മട്ടിൽ എല്ലാ മോഹങ്ങളും ഒടുങ്ങിയ കാലത്താണ്, പൊടുന്നനെ ഉള്ളിലൊരു അനക്കം കേൾക്കാനായതെന്ന് അമ്മ പറഞ്ഞു.
”അപ്പോഴെന്തു തോന്നി?” കൗമാരത്തിന്റെ അന്തമില്ലായ്മയിൽ ഒരിക്കൽ ഞാനൊരു കുസൃതിച്ചോദ്യം ചോദിച്ചു.


”അങ്ങനെ പ്രത്യേകിച്ചൊന്നും തോന്നീല്ല്യാ. വേറെ വല്ലതിന്റേം ആയിരിക്കുമെന്ന് വിചാരിച്ചു, അത്രന്നെ. ഒടുവില് ഡോക്ടറ് ഉറപ്പു പറഞ്ഞിട്ടും ആദ്യം വിശ്വാസായില്ല.”
”അന്ന് ഞാൻ വന്നില്ലായിരുന്നെങ്കിൽ അമ്മ എന്തു ചെയ്യുമായിരുന്നു?” ക്രൂരമായ, അർത്ഥശൂന്യമായ മറ്റൊരു ചോദ്യം.
തെല്ലൊരു അമ്പരപ്പോടെ അമ്മ എന്റെ നേർക്ക് ആഞ്ഞു നോക്കി. വിശ്വാസം വരുന്നുണ്ടായിരുന്നില്ല അവർക്ക്; അങ്ങനെയൊരു സാധ്യതയെപ്പറ്റി ആലോചിക്കാനേ കഴിയാത്തതുപോലെ. എന്റെ ഈ വരവ് ഒരു അനിവാര്യതയായിരുന്നില്ലേ? മുജ്ജന്മത്തിലെ ഏതോ കെട്ടുപാടുകളുടെ നൂലേണിയിലൂടെ ഇറങ്ങി വരികയായിരുന്നില്ലേ ഞാൻ? ആർക്കെങ്കിലും അത് തടയാൻ കഴിയുമായിരുന്നോ എന്നൊക്കെ അവർ ആലോചിക്കുന്നതു പോലെ.


അൽപ്പം കഴിഞ്ഞ് അമ്മ ഉറച്ച സ്വരത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു: ”ഇതൊക്കെ ഒരു പുണ്യാണേയ്. അതെനിക്ക് വിധിച്ചിട്ടില്ലാന്ന് വിചാരിക്കും, അത്രന്നെ. എന്തായാലും സന്യസിക്കാനൊന്നും പോവില്ല ഞാൻ.”
എല്ലാറ്റിനേയും നേരിടാൻ അവരുടെ കൈയിൽ ഒരു സൂത്രവാക്യമുണ്ടായിരുന്നു: ”സാരല്ല്യാ, ഒക്കെ ശര്യാവും.” ഒരുപക്ഷേ, പിൽക്കാലത്ത് വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഒട്ടേറെ സന്നിഗ്ദ്ധ മുഹൂർത്തങ്ങളെ നേരിടേണ്ടി വന്നപ്പോഴൊക്കെ എനിക്ക് തുണയായി നിന്നത് അമ്മയുടെ ആ മഹാമന്ത്രം തന്നെയായിരുന്നിരിക്കണം. വലിയ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ‘ക്രൈസിസ് മാനേജ്‌മെന്റി’നെയും ‘മോട്ടിവേഷനെയും’ പറ്റിയുള്ള ഗിരിപ്രഭാഷണങ്ങൾ കേൾക്കുമ്പോൾ ഓർമ വരാറുള്ളതും ഈ ലളിതമായ മൂലവാക്യമാണ്, ‘സാരല്ല്യാ, ഒക്കെ ശര്യാവും.’


(“ദൈവത്തിന്റെ ഇത്തിരി താഴെ ‘ – സേതു )
അക്ഷരമാതൃകകള്‍ ആദ്യമായി കാണുന്നത് അമ്മ വായിച്ചുകൊണ്ടിരുന്ന കഥാപുസ്തകങ്ങളിലായിരുന്നുവെന്ന് നോവലിസ്റ്റ് സേതു. എഴുത്തിന്റെയും വായനയുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയത് അമ്മ തന്നെയാണെന്ന് “പാണ്ഡവപുരത്തിന്റെ അധിപൻ” സാക്ഷ്യപ്പെടുത്തുന്നത് എം ഗോകുലദാസിന്റെ “സേതു എഴുത്തുജീവിതം കഥകൾ “എന്ന പുസ്തകത്തിൽ കാണാം.
കഥപറഞ്ഞ് കഥപറഞ്ഞ് തന്നെയൊരു കഥാകാരനാക്കിയത് അമ്മയാണെന്ന് വ്യക്തമാക്കിയത് പത്മരാജനും. അമ്മ മൂളിയ പാട്ടുകളാണ് തന്നെയൊരു പാട്ടെഴുത്തുകാരനാക്കി ഭാസ്കരൻ മാഷും.


നവമാധ്യമ എഴുത്തുലകത്തിൽ പക്ഷേ സ്ഥിതിമറിച്ചാണ്. എഴുത്തിൽ ചില എളിയ തിരുത്തലുകൾ സൂചിപ്പിച്ചതിന് നന്ദി പൂർവ്വം സെറോക്സ് സൗഹൃദങ്ങളെ പേരെടുത്തുപറഞ്ഞു ഗുരുപൂജാ വാഴ്ത്തലുകളോടെ പോസ്റ്റുകൾ പിറക്കുന്ന കാലമിത്.
അമ്മ തന്നെയാണ് യഥാർത്ഥ ഗുരു.
തെറ്റ്‌ പറ്റിയാലും ശാസിച്ച് “സാരല്ല്യാ എല്ലാം ശരിയാവും.” എന്ന വാക്കുകൾ കൊണ്ട് പ്രചോദനമേകുന്ന അമ്മ.

വാസുദേവൻ. കെ. വി

By ivayana