പൊയ്പ്പോയ കാലത്തിന്റോർമ്മകൾ തേടി ഞാൻ
നാട്ടിൻ പുറത്തിലേയ്ക്കൊന്നു പോയി.
ഓരോ ഇടവഴി തോറും നടന്നു ഞാൻ ,
മൺപാതയൊന്നും കണ്ടതില്ല.
ടാറിട്ട റോഡും , ടൈലിട്ട വഴിയും
മാത്രമെ എൻ മുന്നിൽ കണ്ടതുള്ളു.
ചുറ്റും മതിൽക്കെട്ടു കൂടിയ വീടുകൾ,
തൊട്ടു തൊട്ടങ്ങനെ നിന്നിരുന്നു.
അതിരണിപ്പാടവും ,തോടും കുളങ്ങളും കാണാതെ
എവിടെയോ പോയ് മറഞ്ഞു.
തോട്ടിൽ കരയിലെ പരിമളം വീശുന്ന
കൈതപ്പൂങ്കുലകളിന്നെവിടെ പോയി.
പൊട്ടിവിടരാൻ കൊതിച്ചു നില്ക്കുന്നൊരു
നെല്ലോലക്കതിരുകൾ കണ്ടതില്ല.
പാടത്തു പാറിപ്പറക്കുന്ന തുമ്പിയും ,
വർണ്ണശലഭങ്ങളും പോയി ദൂരെ …
പച്ചക്കുതിരയും, കൊച്ചരിപ്പൂക്കളും
നാണിച്ചു തലതാഴ്ത്തി നില്ക്കയാണോ ?
കൊയ്ത്തരിവാളുമായ് കൊയ്യാനിറങ്ങുന്ന
പഞ്ചവർണ്ണത്തത്തയെങ്ങു പോയി.
പാടവരമ്പത്തു കുത്തിയിരിക്കണ,
കൊറ്റിക്കൂട്ടങ്ങളും പോയ് മറഞ്ഞോ ?
കുന്നും മലകളും , കാനനച്ചോലയും
കാണാതെ ഞാനും നടന്നു മെല്ലെ …
വേലിപ്പടർപ്പിലെ തൊടലിപ്പഴങ്ങളും ,
തിന്നുവാനേറെ കൊതിച്ചു ഞാനും!!!
നീന്തിത്തുടിച്ചൊരു താമരപ്പൊയ്കയും
മൺകൂന മാത്രമായ് തീർന്നിതല്ലോ !
നാട്ടിൽ പുറത്തിന്റെ ഗ്രാമീണ ഭംഗിയും
ആരോ കവർന്നങ്ങെടുത്ത പോലെ …
ചക്കര മാവിന്റെ കൊമ്പിലായ് പൂങ്കുയിൽ,
പൊയ്പ്പോയ കാലത്തെയോർത്തു പാടി.
തുടികൊട്ടിപ്പാടിയ പാണന്റെ പാട്ടുകൾ കേൾക്കുവാൻ ,
ഞാനും കൊതിച്ചു നിന്നു.
തിരികെ വരാത്തൊരു ബാല്യത്തെ ഓർത്തെന്റെ
മനസ്സും , വിതുമ്പിക്കരഞ്ഞു പോയി.

സതി സുധാകരൻ

By ivayana