രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍
അർക്കനകലെ ചുവന്നുനീങ്ങുന്നു
ഇരിപ്പുഞാനീകടവിലായ്
പരന്നപാറതൻചൂടേറ്റ്
മെലിഞ്ഞപുഴകണ്ണീര് വറ്റി
അസ്ഥിപഞ്ജരം പോ-
ലവിടവിടായിതളംകെട്ടിയ
നീരിലായികൊറ്റികൾകൊത്തി
തിരയുന്നുചെറുമീനുകളെ
കടവിലേക്കിറങ്ങുന്ന തെളിഞ്ഞൊരാ
നടവഴികാട്ടുചെടിപുല്ലാൽ മറഞ്ഞിരിക്കുന്നു
അമ്മവസ്ത്രമലക്കിതെളിച്ചൊരാകൊച്ചുപാറ
പായൽപടർന്നുനിറംമങ്ങികാണാം
കൂട്ടുകാരോടൊത്ത് ചാടിതിമിർത്തപുഴതൻ
മണൽപ്പരപ്പ് ശ്മശാനംപോൽ തളർന്നുകിടപ്പു
പഴുത്തുചുവന്നൊരു ചെറുതളിക
പോൽസൂര്യനാഴിയിലഭയം പ്രാപിച്ചിടുന്നു
നേരമിരുളുന്നു കണ്ണിൽ ധൂമപടലമുയരുന്നു
കാട്ടുപൊന്തയിലയനക്കമൊരു
കുറുക്കൻ മണൽപരപ്പിലിറങ്ങി
കുണുങ്ങിമണം പിടിച്ചുനടന്നിടുന്നു
താപംകുറഞ്ഞ് പാറശമനമെത്തിടുന്നു
കുറുക്കൻ്റെകരച്ചിലുയരുന്നതിൻ്റെ
നാസികതുമ്പിലൊരുഞണ്ട് തൂങ്ങിയാടുന്നു
അതിനെവേർപെടുത്തീടാൻ മണലിൽ മുഖമുരച്ചുമറിയുന്നു
അന്ധകാരം കടവിനെവിഴുങ്ങാനൊരുങ്ങി
മരച്ചില്ലകളിൽകൊറ്റികൾ ശണ്ഠകൂടിപറക്കുന്നു
ചിലയവയിൽ ദൂരെപറന്ന്തിരിച്ചെത്തി
ചില്ലകളിൽസ്ഥാനമുറപ്പിച്ചിടുന്നു
മിന്നാമിന്നികൾമെല്ലെപറന്ന്
ഇരുളിൽചിലചിത്രം വരക്കുന്നു
എത്രനേരമിരുന്നീടുകിലുമെൻ
ബാല്യകൗമാരങ്ങൾ കളിച്ചുരസിച്ചൊരീ
പുഴതൻകടവിനെ മറന്നീടാനാവുമോ
എൻ്റാദ്യാനുരാഗം പൊട്ടിമുളച്ചതി
കടവിൻ പരപ്പിലല്ലോ
എൻ്റെവികൃതികൾക്ക് കൂട്ടായൊരീ
കടവെനിക്കിന്നന്യമല്ലോ
നിന്നാഴങ്ങളിൽ മുങ്ങിതപ്പിയവൾക്ക്
ഞാനേകിയവെള്ളാരം കല്ലുകൾക്ക്
അവളുടെകണ്ണിൻ നിറമായിരുന്നു
നിതംബംമറക്കുമവളുടെ കാർക്കൂന്തലിൻ
കാച്ചെണ്ണമണം മറന്നീടാനാകുമോ
അവളുടെചിരിയിൽവിരിഞ്ഞൊരാ
സ്വപ്നമൊക്കെയും പൊലിഞ്ഞില്ലേ
കർക്കട പാച്ചിലിൽ നീയെടുത്തില്ലേ
അവളിലെ ചിരിയേ
മൂന്നാംനാളവളുടെ ചലനമറ്റ
ദേഹമിഞ്ചപ്പടർപ്പിൽ കൊരുത്ത് നീപിന്നെയുമൊഴുകി
ഈകടവുമെന്നെയും ശൂന്യമാക്കി ദൂരേക്ക്