ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഹൃദയത്തെ കോര്‍ത്തു വലിക്കുന്ന ഏതോ നിസ്സഹായമായ കണ്ണുകള്‍ മുന്നിൽ തെളിയുന്നത് പോലെ .. നിരഞ്ജന്റെ ഉള്ളിൽ തിരമാലകൾ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നു..
ജീവിതമെന്നത് തനിക്കെന്നും ഇങ്ങനെയായിരുന്നു.. കൈവെള്ളയിൽ എത്തിയിട്ട് നഷ്ടപ്പെട്ടു പോവും…
ആദ്യം അച്ഛൻ.. പിന്നെ അമ്മ… ഒടുവിൽ പ്രതീക്ഷകളുടെ ആകെതുകയായിരുന്ന ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം ….
എല്ലാവരും തന്നെ ഒറ്റക്കാക്കി പോയി
കാലം ചിലപ്പോള്‍ പാഠങ്ങള്‍ നല്‍കും. ഒരു ജീവിത കാലം ഓര്‍ക്കാന്‍ മാത്രമുള്ള പാഠങ്ങള്‍.
പക്ഷെ… ഇപ്പോൾ ഇതൊരു തുടക്കം മാത്രമാണ്… മുന്നേറ്റത്തിന്റെ, അതിജീവനത്തിന്റെ.
അതോർത്തപ്പോൾ അവനു ചെറിയ ആശ്വാസം അനുഭവപ്പെട്ടു..
മുന്നിലെ വലിയ മതിൽക്കെട്ടിന്റെ വാതിൽ തുറക്കുന്നതും കാത്ത് അവൻ അക്ഷമയോടെ ഇരുന്നു.
വന്ദന
കോളേജ് ഇടനാഴിയിലൂടെ കൂട്ടുകാരുടെ തോളിൽ കയ്യിട്ട് നടന്നു വരുമ്പോഴാണ് അവളെ കണ്ടത്…
എല്ലാവരിൽ നിന്നും ഒതുങ്ങി മാറി നടക്കുന്ന വെളുത്തു മെലിഞ്ഞ സുന്ദരി… അവളുടെ കണ്ണുകളിൽ നിറയെ വേർതിരിച്ചറിയാനാവാത്ത ഒരു ഭാവമായിരുന്നു..
വേദനയാണോ നിസ്സഹായതയാണോ അതോ ജീവിതത്തിൽ പരീക്ഷണങ്ങളുടെ ഇടയിൽ ഒറ്റപ്പെട്ടുപോയ ഒരു പെണ്ണിന്റെ മനസ്സിൽ അറിയാതെ ഉറഞ്ഞുകൂടുന്ന ധൈര്യത്തിന്റെ പ്രതിഫലനമാണോ?
അവളെ പരിചയപ്പെടണമെന്ന മോഹം തോന്നിയത് കോളജിലെ ഒരു സാംസ്‌കാരിക പരിപാടികൾക്കിടയിൽ അവളുടെ ഒരു പാട്ട് കേട്ടപ്പോഴാണ്
” ഇനിയുമേറേ ദൂരം പോകണം
കദനത്തെ വലിച്ചെറിഞ്ഞു
ചുണ്ടിലൊരു പുഞ്ചിരിയുമായി
വിജയത്തിൻ രാജകുമാരിയായ് “
പിന്നീടറിഞ്ഞു അത് അവൾ എഴുതിയ വരികളാണെന്ന്..
മുഖത്തെ കട്ടിക്കണ്ണടയ്ക്കുള്ളിൽ തിരിച്ചറിയാനാകാത്ത എന്തോ ഒന്ന്. അതെന്താണെന്നു അറിയണമെന്ന് വല്ലാത്ത ആകാംഷ.
അങ്ങനെയിരിക്കെ അവളോട്‌ മിണ്ടാൻ ഒരു അവസരമൊത്തു വന്നു.
ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിൽ
മുളങ്കൂട്ടങ്ങൾ താളമിടുന്ന കോളേജിന്റെ വടക്കേ അറ്റത്തുള്ള പടിക്കെട്ടിൽ ഏകയായി ഇരുന്നു ഏതോ പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നു അവൾ.
അടുത്തേക്ക് ചെന്നു ഒന്ന് മുരടനക്കി. അവൾ മെല്ലെ മുഖമുയർത്തി… തന്റെ മുഖത്തെ പുഞ്ചിരി കണ്ടിട്ടാവണം അവളും ചെറുതായി ചിരിച്ചു…
” ഏത് ബുക്ക്‌ ആണ് വായിക്കുന്നേ “
” എ മദേഴ്സ് സ്റ്റോറി “
“ഓഹ്..ഫിക്ഷൻ നോവലിസ്റ്റ് മാഗ്ഗി ക്രിസ്റ്റൻസൻ എഴുതിയത് അല്ലെ “
“നിരഞ്ജൻ ഇതൊക്കെ വായിക്കുമോ “
“ങ്ങെ എന്റെ പേരൊക്കെ അറിയാമോ “
” അറിയാം… നമ്മൾ തമ്മിൽ മുഖാമുഖം കണ്ടിട്ടില്ലെന്നേയുള്ളു..ഞാൻ നിങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട് “
നിരഞ്ജൻ അമ്പരന്ന് അവളെ നോക്കി
” എന്റെ ചേച്ചി വൃന്ദ നിരഞ്ജന്റെ നീന ചേച്ചീടെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു… “
“വൃന്ദ ചേച്ചിയോ… ഞങ്ങൾ നല്ല കമ്പനി ആയിരുന്നു. ചേച്ചി ഇപ്പൊ എവിടെയാ
“മരിച്ചു “
അവളുടെ മറുപടി കേട്ടു അവൻ ഞെട്ടിപ്പോയി
” എന്താ “
” അതെ.. രണ്ടു വർഷമായി.. സ്ത്രീധനം വില്ലനായി.. ആത്മഹത്യ ആയിരുന്നു “
അവൾ നിർവികാരയായി പറഞ്ഞു.
” അയ്യോ ഇതൊന്നും ഞാനറിഞ്ഞില്ല… ചേച്ചി നാട്ടിൽ വരാറെയില്ല… ഇപ്പോൾ വീട്ടിൽ അമ്മയും ഞാനും മാത്രേയുള്ളു.. “
” ഉം “
അവൾ വീണ്ടും പുസ്തക താളിലേക്ക് കണ്ണ് നട്ടു…
” വന്ദനാ “
അവൻ മൃദുവായി വിളിച്ചു.
” വിരോധമില്ലെങ്കിൽ എന്റെ കൂടെ അല്പനേരം ചിലവഴിക്കാമൊ? “
അവൾ മെല്ലെ എഴുനേറ്റു.,.
” ചേച്ചിക്ക് എന്താ പറ്റിയത്.. പഠിക്കാനൊക്കെ മിടുക്കിയായിരുന്നല്ലോ, ഞാൻ ഓർത്തു ചേച്ചി കളക്ടർ ആകുമെന്ന് അതായിരുന്നു ആഗ്രഹം എന്ന് നീന ചേച്ചി പറയാറുണ്ടായിരുന്നു “
” ആഗ്രഹം ഒക്കെ അതായിരുന്നു. പക്ഷെ….അച്ഛന്റെ ഓരോ പിടിവാശികൾ, മദ്യപാനം, എല്ലാം തുലച്ചു. എന്റെ ചേച്ചിയുടെ ജീവിതം ഇല്ലാതാക്കി “
” ഒന്ന് തെളിച്ചു പറയെടോ “
” ഒരു കാലത്ത് വളരെ സന്തോഷത്തിലും സമ്പന്നതയിലും കഴിഞ്ഞ ഞങ്ങളുടെ കുടുംബം.. ചിരിയും കളിയും കൊണ്ട് നിറഞ്ഞിരുന്ന രാപകലുകൾ..
.നന്നായി പഠിക്കുന്ന ഞങ്ങൾ രണ്ടു പെൺകുട്ടികൾ അഭിമാനമെന്നു പറഞ്ഞു അയൽക്കാരുടെയൊക്കെ മുന്നിൽ വാനോളം വലുതാകുന്ന അമ്മ… സ്വന്തമായി ബിസ്സിനസ്സ് നടത്തി അച്ഛനും അമ്മയും ഒരുപാട് കാശു സമ്പാദിച്ചു…
പക്ഷെ ഇടയ്ക്കെപ്പോഴോ കാലിടറി അച്ഛൻ മദ്യപാനമെന്ന ചീത്ത ശീലത്തെ കൂട്ട് പിടിക്കാൻ തുടങ്ങിയപ്പോൾ കുടുംബത്തിന്റെ അടിത്തറ ഇളകി തുടങ്ങുകയായിരുന്നു…
ബിസ്സിനസ്സ് പൊളിഞ്ഞു പാളീസായി… കടങ്ങൾ പെരുകി.,. ഐ. എ. എസ്സിന് തയ്യാറെടുത്തു കൊണ്ടിരുന്ന വൃന്ദേച്ചിക്ക് പിന്നീട് പഠനം തുടരാനായില്ല.ഈ വീടൊരു നരകമാവുകയായിരുന്നു ,
മാനസികമായി ആകെ തളർന്ന അമ്മയ്ക്ക് ഡിപ്രഷൻ ബാധിച്ചു.. എങ്ങനെയെങ്കിലും ചേച്ചിയുടെ വിവാഹം നടന്നു കണ്ടിട്ട് മരിച്ചാലും മതിയെന്നായി അമ്മയ്ക്ക്..
അങ്ങനെ അമ്മയുടെ ഇളയ സഹോദരൻ കൊണ്ടുവന്ന വിവാഹലോചന വലിയ അന്വേഷണങ്ങളൊന്നും നടത്താതെ തീരുമാനമായി..
വലിയ ആഘോഷങ്ങളൊന്നുമില്ലാതെ മഹേഷേട്ടൻ ചേച്ചിയുടെ കഴുത്തിൽ താലികെട്ടി…
ചേച്ചിയെങ്കിലും ഈ നരകത്തിൽ നിന്നുരക്ഷപെട്ടു എന്ന് കരുതിയിരുന്നു.. ആദ്യമാദ്യം കുഴപ്പമൊന്നുമില്ലായിരുന്നു.. പിന്നീടാണ് കാര്യങ്ങളറിഞ്ഞത് മഹേഷേട്ടന്റെ വീട്ടിൽ ചേച്ചിക്ക് ഒരുപാട് വേദനകൾ അനുഭവിക്കേണ്ടി വന്നു… ആരോടും ഒന്നും തുറന്നു പറയാതെ ചേച്ചി എല്ലാം സഹിക്കുകയായിരുന്നു..
കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധന ബാക്കി വാങ്ങി വരാൻ പറഞ്ഞു മഹേഷേട്ടനും വീട്ടുകാരും ചേച്ചിയെ ഒരുപാട് ഉപദ്രവിക്കുമായിരുന്നു.. ഒടുവിൽ ഒരു സ്ത്രീയുടെ ഏറ്റവും വലിയ സന്തോഷമായ അമ്മയെന്ന സ്വപ്നം അവർ തുടക്കത്തിലേ ചീന്തി എറിഞ്ഞപ്പോൾ പാവം ചേച്ചി തകർന്നുപോയി
അവിടെ ചേച്ചി വെറും ഭീരുവായി.. എല്ലാവരെയും കണ്ണീരിലാഴ്ത്തി മരണത്തിന്റെ താഴ്‌വാരത്തിലേക്ക് എടുത്തു ചാടി അവൾ രക്ഷപെട്ടു. അതോടെ അമ്മ തീർത്തും തകർന്നു..ഒരു മുഴം തുണിയിൽ അമ്മയും ചേച്ചിയുടെ പിന്നാലെ പോയി…
അച്ഛൻ കരകയറാനാവാത്ത വിധം മദ്യത്തിന് അടിമയായി… ബന്ധുക്കളൊന്നും വീട്ടിലേക്ക് തിരിഞ്ഞു നോക്കാതെയായി.. ഓരോ ദിവസവും എങ്ങനെയൊക്കെയോ ആ വീട്ടിൽ പിടിച്ചു നിന്നു..
രാവിലെ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന അച്ഛൻ പാതിരാത്രിയാവും നാലുകാലിൽ എത്തുക.. അച്ഛനെ കൊണ്ടാക്കാൻ ചിലപ്പോൾ ഏതെങ്കിലും സഹ കുടിയന്മാരും ഉണ്ടാകും.. അവന്മാരുടെ വഷളത്തരം നിറഞ്ഞ നോട്ടം തന്റെ മേൽ പതിക്കുമ്പോൾ അറിയാത്തൊരാത്മ ധൈര്യം തന്നെ പൊതിയുന്നതവൾ അറിഞ്ഞു…
പകൽ സമയങ്ങളിൽ ക്ലാസിനു പോയി വന്നിട്ടവൾ ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുക്കും… കോളേജിൽ എത്തുമ്പോൾ മാത്രമാണ് അവൾക്ക് കുറച്ചു സമാധാനം ലഭിക്കുക…
നല്ല വായനാ ശീലമുണ്ട്.. അതുകൊണ്ട് തന്നെ ലൈബ്രറിയിൽ നിന്നും ബുക്കുകൾ എടുത്ത് ഇടവേളകളിലും മറ്റും വായിക്കാറുണ്ട്…
നിരഞ്ജൻ തരിച്ചിരുന്നുപോയി.. ഇത്രയും ചെറുപ്പത്തിൽ ഇത്രയേറെ ദുഃരനുഭവങ്ങൾ ഉണ്ടായിട്ടും ജീവിതത്തോട് പടവെട്ടി മുന്നേറുന്ന ആ പെൺകുട്ടിയോട് അവനു ബഹുമാനം തോന്നി..
പരീക്ഷ കഴിഞ്ഞു കോളേജ് അടച്ചപ്പോൾ മുംബൈയെന്ന മഹാനഗരത്തിന്റെ ഇരുളടഞ്ഞ ഗലികളിൽ ജോലി തേടി അലഞ്ഞു കുറെ നാൾ… പിന്നീട് എങ്ങനെയൊക്കെയോ ജീവിത സാഹചര്യങ്ങൾ ഒന്ന് മെച്ചപ്പെട്ടപ്പോൾ നീന ചേച്ചിയുടെ ഭർത്താവിന്റെ ബന്ധത്തിൽ പെട്ട നിർമ്മല നിരഞ്ജന്റെ ഭാര്യയായി നാട്ടിലേക്ക് അധികം പോകാത്തതിനാൽ വന്ദനയെ കുറിച്ചൊരു വിവരവുമില്ലാതായി..
സുനാമിയെന്ന ദുരന്തം മഹാനഗരത്തിൽ താണ്ഡവമാടിയപ്പോൾ നിർമ്മലയും ഏകമകൾ കുഞ്ഞാറ്റയും നഷ്ടപ്പെട്ടു… നഷ്ടങ്ങളുടെ ബാക്കി പത്രമായി ജീവിതം മാറിയപ്പോൾ നാട്ടിലേക്ക് പോന്നു…
അച്ഛന്റെയും അമ്മയുടെയും മരണശേഷം അടച്ചിട്ടിരുന്ന ജന്മഗൃഹത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ ആദ്യം ചെയ്തത് വന്ദനയെകുറിച്ച് അന്വേഷിക്കുകയായിരുന്നു…
കാര്യങ്ങളറിഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ തരിച്ചിരുന്നുപോയി..
ഒരു ദിവസം രാത്രി അച്ഛനെ കാത്തിരുന്നു അറിയാതെ കണ്ണടഞ്ഞു പോയി. ഇടയ്ക്ക് എന്തോ ബഹളം കേട്ട് കണ്ണ് തുറന്നപ്പോൾ പുറത്ത് അച്ഛന്റെ ശബ്ദം കേട്ടു കതകു തുറന്നപ്പോൾ ആടിയാടി മുന്നിൽ നിൽക്കുന്ന അച്ഛനും കൂടെ കൂട്ടുകാരനായ വേണുവും.
അവൾ മാറി നിന്നു. വേണു അച്ഛനെ പിടിച്ചുകൊണ്ടു ചെന്നു മുറിയിലാക്കി തിരികെ വന്നു.
” മോളുറങ്ങിയില്ലായിരുന്നോ “
കുഴഞ്ഞ ശബ്ദത്തിൽ അയാൾ ചോദിച്ചു “
അവൾ വെറുപ്പോടെ മുഖം തിരിച്ചു.
” ഞാൻ പോട്ടെ മോളെ..”
അയാൾ ആടിയാടി മുന്നോട്ട് നടന്നു…
മുൻവാതിലിന്റെ അടുത്തെത്തിയതും അയാൾ തിരിഞ്ഞു…
“എനിക്ക് ദാഹിക്കുന്നു. കുറച്ചു വെള്ളം വേണം “
ശല്യം പോയാൽ മതിയെന്ന് വിചാരിച്ചു നിന്ന വന്ദന അടുക്കളയിൽ പോയി ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളമെടുത്തു… തിരിഞ്ഞപ്പോൾ മുന്നിൽ വഷളത്തരം നിറഞ്ഞ മുഖവുമായി അയാൾ
.വേണു….
പെട്ടെന്ന് അയാൾ അവളെക്കയറിപ്പിടിച്ചു.. വന്ദന കുതറിക്കൊണ്ടിരുന്നു..
മൂക്കറ്റം മദ്യപിച്ചിട്ടും അയാൾക്ക് അസാമാന്യ കരുത്തുണ്ടായിരുന്നു,.. ഒടുവിലെപ്പോഴേ അയാളുടെ പിടിയിൽ നിന്നും തെന്നിമാറാൻ അവൾക്ക് കഴിഞ്ഞു..
ഒരായുധത്തിനായി അവൾ പരതി. കയ്യിൽ കിട്ടിയത് അടുക്കളയിൽ മൂലയ്ക്ക് ചാരിവെച്ചിരുന്ന ഒരു ഇരുമ്പ് കമ്പിയായിരുന്നു.. അതെടുത്തവൾ അയാളുടെ തലയ്ക്കു ആഞ്ഞടിച്ചു. ആദ്യത്തെ അടിയ്ക്ക് തന്നെ നിലത്തു വീണ അയാളെ അവൾ വീണ്ടും വീണ്ടും പ്രഹരിച്ചു.. അയാളുടെ ചോര തെറിച്ചു വീണു അവളുടെ മുഖം ബീഭത്സമായി
ഒടുവിൽ അവൾ അലറി… ഒരു ഉന്മാദിനിയെപ്പോലെ.. ആ രാത്രിയിൽ മുഴങ്ങികെട്ട അവളുടെ അലർച്ചയിൽ അത്രയും കാലം അവൾ അടക്കിപ്പിടിച്ച അനേകം സംഘർഷങ്ങളുടെയും സങ്കടങ്ങളുടെയും തീവ്രത ജ്വലിക്കുന്നുണ്ടായിരുന്നു…
വാതിൽ തുറക്കുന്ന ശബ്ദം നിരഞ്ജനെ ചിന്തകളിൽ നിന്നും ഉണർത്തി…
അവൻ കണ്ടു ശാന്തമായ മുഖത്തോടെ ജയിലിനു പുറത്തേക്കിറങ്ങുന്ന വന്ദനയെ…
അവൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു…
അവളുടെ മുഖത്തു അപ്പോൾ യാതൊരു ഭാവഭേദവും അവൻ കണ്ടില്ല…
പക്ഷെ ആ കണ്ണുകളിൽ ഒരു മിന്നലാട്ടം ഒറ്റനോട്ടത്തിൽ നിരഞ്ജൻ മനസ്സിലാക്കി..
അത് അവിടെ പ്രതീക്ഷിക്കാതെ അയാളെ അവിടെ കണ്ടതിന്റെ അമ്പരപ്പ് ആണെന്ന് അവൻ മനസ്സിലാക്കി…
അവൻ അവളുടെ കരം കവർന്നു…
“വന്ദനാ “
അവന്റെ വിളിയിലെ പ്രതീക്ഷകളും സ്നേഹവും എല്ലാം തിരിച്ചറിഞ്ഞു ജീവിതത്തിന്റെ പുതിയ വഴിത്തിരിവുകളിലേക്ക് അവൾ കാലെടുത്തു വച്ചു..
ജയിലിനു മുന്നിലെ വാക മരത്തിൽ നിന്നും പൂക്കൾ കൊഴിഞ്ഞു അവരുടെ മീതെ വീണുകൊണ്ടിരുന്നു…
കാലത്തിന്റെ അനുഗ്രഹം പോലെ….

By ivayana