രചന : എം പി ശ്രീകുമാർ ✍
എവിടെയാദ്യം വസന്തം വിടർന്നതും
എവിടെ സംസ്കൃതി മുളച്ചുയർന്നതും
എവിടെ ശാന്തിമന്ത്രമുയർന്നതും
എവിടെയാർക്കും ശരണമായതും
എവിടെ ഭൂമിതൊട്ടു വണങ്ങുന്നു
എവിടെ ഭൂമിപൂജകൾ ചെയ്യുന്നു
എവിടെ വിദ്യയെ പൂജിച്ചീടുന്നു
അവിടമാകുന്നെൻ മാതൃഭാരതം .
എവിടെ നൻമകൾ പൂത്തു വിടർന്നതും
എവിടെ ജ്ഞാനം തെളിഞ്ഞു ജ്വലിച്ചതും
ദർശനത്തിൻ വസന്തം വിടർന്നതും
ആശയങ്ങൾ പാശം മുറുകാതെ
ആകാശത്തോളം പൊങ്ങിപ്പറന്നതും
അവിടമാകുന്നെൻ മാതൃഭാരതം .
എവിടെ ഭൂവിൻ മകുടം ഹിമവാനായ്
എവിടെ യാഴിയഭിഷേകം ചെയ്യുന്നു
എവിടെ പർവ്വതം പാവനമാകുന്നു
എവിടെ നദികൾ ദേവിമാരാകുന്നു
എവിടെ ധർമ്മങ്ങൾ കർമ്മങ്ങളാകുന്നു
എവിടെ കർമ്മങ്ങൾ യാഗങ്ങളാകുന്നു
എവിടെ സർവ്വവും പാവനമാകുന്നു
എവിടെ സർവ്വവും പൂജിതമാകുന്നു
എവിടെ ദേവകൾ പൂവർഷം തൂകുന്നു
അവിടമാകുന്നെൻ മാതൃഭാരതം .
ആശ്രമങ്ങളിൽ ആരണ്യകാന്തിയിൽ
ആദിയുഷസ്സുകൾ പൂവ്വനമാക്കി
ജ്ഞാനാഗ്‌നി തന്നിൽ മനം തപം ചെയ്തു
ജ്ഞാനാഗ്നിനാള വരികൾ പിറന്നു
ഞാനെന്ന ഭാവമതിൽ തെളിയാതെ
ഞാനെന്നതീശ്വര ഭാഗമാകുന്ന
യവിടമാകുന്നെൻ മാതൃ ഭാരതം.
എവിടെ ലോകം കുടുംബമായ് മാറുന്നു
എവിടെ സമസ്താരാധനകളും
സർവ്വേശ്വരനിൽ സംഗമിക്കുന്നുവൊ
അവിടമാകുന്നെൻ ജൻമഭാരതം !
അവിടമാകുന്നെൻ മാതൃഭാരതം !
സഹസ്ര പുഷ്പങ്ങൾ സഹസ്രോജ്ജ്വല
സഹസ്രവർണ്ണപരിമളം തൂകി
സഹസ്രദളപത്മ സംഗമധർമ്മ
സനാതനതീർത്ഥമെൻ മാതൃഭാരതം !