ഇടതടവില്ലാതെയധികാര ദല്ലാള-
രടിമുടിയിവിടം തകർത്തെറിയേ,
ഭയഭരിതരായ്നാം കരൾതപിച്ചങ്ങനെ,
കരയുന്ന കാഴ്ചകളാരുകാൺമൂ!
അടിമകളാക്കി ഭരിപ്പൂജനത്തിനെ,
ചുടുചോരചിന്തീ,ഭരണവർഗ്ഗം!
നരനായ് ജനിച്ചതിൻപേരിലോ,ജീവിതം
ദുരിതമായ്മാറുന്നു മേൽക്കുമേലേ!
പൊരുതി ജയിക്കാൻ തുനിയുന്നോരൊക്കെയും
കുരുതിക്കു പാത്രമായ് തീർന്നിടുമ്പോൾ
കരതാരുയർത്തിയുറക്കെ വിളിപ്പുഞാൻ
അരുതരുതിവിടെയിപ്പാതകങ്ങൾ
അഭയമരുളാൻ മുതിരേണ്ടോരിങ്ങനെ,
അപഹാസ്യരാവുകിലെന്തു ചെയ്യാൻ?
കൊടിയ ദുഃഖക്കയമാണ്ട,മനസ്സുകൾ-
ക്കടരാടാനല്ലാതെന്തുണ്ടു മാർഗ്ഗം?
മഹിത സങ്കൽപ്പങ്ങൾ കാത്തുസൂക്ഷിക്കുവാൻ,
മഹിയിങ്കലീനമുക്കായിടേണം
ഒരു പുതുലോകത്തിൻ മധുരമനോജ്ഞമാം
ചരിതങ്ങളെന്നും മുഴക്കിനീളെ,
പുകമറസൃഷ്ടിച്ചു പാവംമനുഷ്യരെ,
വകവരുത്തീടുന്ന രാഷ്ടീയത്തിൻ
കപടമുഖങ്ങളെ കണ്ടറിഞ്ഞീടുവാൻ
ചപലത കൈവെടിഞ്ഞേറിടൂ നാം
അഹിതമായുള്ളതിനെച്ചെറുത്തീടുവാൻ
സഹനത പാടേവെടിഞ്ഞുദാരം
ഒരുമയോടൊരുമയോടൊരു പുതുപുലരിയെ
വരവേറ്റിടാനായ് ശ്രമിച്ചിടൂനാം
പഴകിയ ചെങ്കൊടിക്കാവില്ല മർത്യരെ
മുഴുവനുമിവിടെത്തകർത്തെറിയാൻ
കടപുഴുകിവീഴട്ടെ കാട്ടാളഭരണമി –
ങ്ങടിവേരറ്റധികനാൾ ചെന്നിടാതെ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana