അമ്മയും മകളും
ചിക്കാഗോയിൽ നിന്ന്
അഞ്ചര-ആറുമണിയോടെ
മകൾ വന്നു
പതിവ് പോലെ.
അമ്മ പൂമുഖത്ത്
പോക്കുവെയിലിന്റെ
സുവർണ്ണശോഭയിൽ
മകളെ കാത്തിരുന്നു
പതിവ് പോലെ.
സ്നേഹവാത്സല്യങ്ങളുടെ
ഒരു കപ്പ്
ചൂട് ഫിൽറ്റർ കോഫി
അമ്മ
മകൾക്ക് പകർന്നു.
വാത്സല്യത്തിന്റെ
മധുരം അവൾ
അമ്മിഞ്ഞപ്പാൽ
പോലെ
നുണഞ്ഞിറക്കി.
കളിചിരികൾ
കഴിഞ്ഞപ്പോഴേക്കും
കാർ പോർച്ചിൽ
നിന്നിറങ്ങി വന്ന്
ഹോണടിച്ച്
സമയമോർപ്പിച്ചു.
ഒപ്പം സന്ധ്യയുമരികിലെത്തി.
തിരക്കിന്റെ
നഗരത്തിലൂടെ
കാർ
സിഗ്നലുകൾ
മറികടന്നൊഴുകി.
അമ്മ
അന്നത്തെ
നഗരവൃത്താന്തങ്ങൾ
പങ്ക് വെച്ചപ്പോൾ
മകൾ
ചിക്കാഗോ ന്യൂസ്
പങ്ക് വെച്ചു.
പെരുകി വരുന്ന
ജനത്തിരക്കിന്റെ
വയറ്
വീർത്ത് വീർത്ത്
ഏത് നിമിഷവും
പൊട്ടിത്തെറിച്ചേക്കാമെന്ന്
അമ്മ ദീർഘശ്വാസം
ചെയ്തപ്പോൾ
മകൾ
അമ്മക്ക് കൂട്ടായി
നിശ്വസിച്ചു.
പ്രകാശത്തിന്റെ
നഗരവീഥിയോരത്തെത്തി
കാർ പോസ്റ്റായി.
അമ്മയും, മകളും
പുറത്തിറങ്ങി.
പാതവക്കിലെ
ക്ഷേത്രമണികളുടെ
ഘോഷങ്ങളിൽ
മുങ്ങി
ഇരുവരും
ഭക്തരിൽ വിലയിച്ചു.
മകളുടെ കണ്ണുകൾ
ചിത്രശലഭങ്ങളായി
പതിവ് പോലെ
പാറി നടന്ന്
ആരെയോ തേടി.
അമ്മ ധ്യാനനിരതയുമായി.
ഇടനാഴികളിലെ
പ്രദക്ഷിണവഴികൾ
മകളിൽ
ഭൂതകാലം നിറച്ചു.
നിറകൺചിരിയായി
അവൾ മാറി.
ദീപാരാധനാ മുഹൂർത്തം
കഴിഞ്ഞ്
യാത്ര പറയാതെ
പതിവുപോലെ
മകൾ അപ്രത്യക്ഷയായി.
തനിയേ കാറോടിച്ച്
അമ്മ ഫ്ളാറ്റിലേക്ക്.
സെൽഫോൺ
പതിവുപോലെ
കുസൃതിച്ചിരി
പാസ്സാക്കി.
അമ്മ ചിരിച്ചു.
ഇവളുടെ ഒരു കാര്യം!
‘നാളെ’എന്ന
പതിവ് സന്ദേശം ഒപ്പം

കെ ആർ സുരേന്ദ്രൻ

By ivayana