ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

പെട്ടെന്നൊരു ദിവസം
ഒപ്പമുണ്ടായിരുന്ന
ഒരാളങ്ങ് ജീവനറ്റു പോയ്ക്കളഞ്ഞ
മരണവീട്ടിലേക്കൊന്ന്
കയറി നോക്കണം.
അപ്രതീക്ഷിതമായ
വിയോഗത്തെ അംഗീകരിക്കാന്‍
മടിച്ച് നിശ്ചലമായി ഇരുന്നുപോയ
മനുഷ്യരെ കാണാം.
കരയാന്‍ പോലും കഴിയാതെ
സ്തംഭിച്ചിരിക്കുന്ന മനുഷ്യര്
ആ സത്യത്തില്‍
പതുക്കെ പതുക്കെ ലയിക്കുന്നത്
അവരുടെ ഉരുണ്ടുവീഴുന്ന
കണ്ണുനീരിലും അലമുറകളിലും
പ്രകടമായി കാണാം.
യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ
കടന്നുവരുന്നത് ഒന്നേ ഉള്ളൂ
അത് മരണമാണെന്ന് അവര്‍
മനസ്സിലാക്കിയിരിക്കും.
വഴിയിലും റോഡിലും
മരിച്ചയാളുടെ
ചിത്രം ആദരാജ്ഞലിയെന്ന പേരില്‍
ഒട്ടിച്ചിരിക്കും.
അയാളെടുത്തിട്ടുള്ളതില്‍ വെച്ച്
ഏറ്റവും മനോഹരമായ ചിത്രമാകും
അത്.
ചിലരതില്‍ നോക്കി അയാളുടെ രൂപം
ഒന്നുകൂടി ഊഹിച്ചെടുക്കും …
പെട്ടന്നൊരു വേഷപകര്‍ച്ചയില്‍
അവിടെ
മരണവീട്ടില്‍ ,
ഓടിനടക്കുന്ന ഉറ്റവരെ കാണാം.
ഇന്നലെ വരെ ഉണ്ടായിരുന്ന തണലില്‍
നിന്നും വേര്‍പ്പെട്ട് സ്വയം വെയില്‍
കൊള്ളുന്ന മനുഷ്യരെ…
കരയാന്‍ മറന്നു പോയിട്ട്
കടമകളെ ഓര്‍ത്ത് വീണ്ടും വീണ്ടും
വ്യാകുലപ്പെടുന്ന മനുഷ്യരെ.
ചിതയൊരുക്കാനും പന്തല് കെട്ടാനും
ഓടി നടക്കുന്നതിനിടയില്
ഒരുപാട് നാളായി കാണാതിരുന്ന
മുഖങ്ങളൊക്കെ മുന്നിലൂടെ
മിന്നി മായുന്നത് കാണാം.
അതങ്ങനെ ആണെല്ലൊ
ജീവിച്ചിരിക്കുമ്പോള്‍
കിട്ടാത്ത കരുതലും
സ്നേഹവും സമയവുമൊക്കെ
മരിച്ച് കഴിയുമ്പൊ
ചിലര്‍ വാരിക്കോരി തരും.
വായ്ക്കരി വെയ്ക്കാന്‍ തയ്യാറെടുപ്പു
നടക്കുമ്പോഴേക്കും
ആ മരണം മനസ്സും
ശരീരവും അംഗീകരിച്ചിരിക്കും.
അവസാനമായൊരു ചുംബനം
മാറ്റിവെച്ച മനുഷ്യരൊക്കെ ആ
ജഡത്തില്‍ ചുണ്ട് ചേര്‍ക്കുമ്പോള്‍
ഞെട്ടുന്നത് കാണാം.
ജീവന്റെ ചൂടില്ലാത്ത ശരീരം
എത്ര മാത്രം തണുത്തെന്ന്
അവര്‍ ചിന്തിച്ചിരിക്കാം.
മരവിപ്പ് വിടാത്ത എത്ര മനുഷ്യരെ
മരണം വീണ്ടും ഭയപ്പെടുത്തുന്നു.
ചടങ്ങും ആളും ബഹളവും
തീര്‍ന്ന്
ഒഴിഞ്ഞ മുറ്റവും
കസേരകളും ചിതയെരിഞ്ഞ
മണവും തങ്ങി നില്‍ക്കുന്ന
മരണ വീട്ടിലൊരു ശൂന്യതയുണ്ട്.
ആരെയും ഭയപ്പെടുത്തുന്ന ശൂന്യത.
വെള്ളമിറങ്ങാതെ കിടക്കുന്ന
ഉറ്റവരെ തൊണ്ടനനയ്ക്കാനിത്തിരി
വെള്ളവുമായി കൂടെ നില്‍ക്കുന്ന
മനുഷ്യരെ കാണാം.
സമയം തെറ്റി കഴിക്കുന്ന അന്നത്തിനു
മരിച്ചയാളോടുള്ള
ആദരവുണ്ടെന്ന് ചിലരെങ്കിലും
അടക്കം പറയും.
അയാളില്ലാത്ത മണിക്കൂറുകള്‍ക്ക്
ദിവസങ്ങളുടെ നീളമെന്ന്
തോന്നാം.
അയാളൊഴികെ മറ്റൊന്നിനും
ഒന്നും സംഭവിച്ചിട്ടില്ലെന്ന
തിരിച്ചറവ്
അയാളുടെ വസ്തുവകകള്‍
വിളിച്ച് പറയും.
തേഞ്ഞ് തീര്‍ന്ന ചെരുപ്പും.
വസ്ത്രങ്ങളും കിടക്കയും
ഒഴിച്ചിടുന്നൊരു ശൂന്യതയുണ്ട്.
കത്തി തീര്‍ന്ന അഗര്‍ബത്തിക്കൂടുകളും
ശരീരം പൊതിഞ്ഞ പൂക്കളും
അവിടവിടെ കിടക്കുന്നുണ്ടാവും.
അവസാനമായി അയാളെ കിടത്തിയ
കട്ടില്‍ വീടിന്റെ മുറ്റത്തൊരു ഭാഗത്ത്
ഒഴിഞ്ഞ് കിടപ്പുണ്ട്.
അതുവരെ കണ്ണെത്താത്ത തെക്കേപ്പുറത്തെ
ആറടി മണ്ണ് അയാളുടേതായി
കഴിഞ്ഞിരിക്കുന്നു.
നീണ്ട പതിനാറ് ദിവസത്തെ ചടങ്ങുകളോടെ
അയാളും പൂര്‍ണ്ണമായൊരു ഓര്‍മ്മയാവും.
ചിലപ്പോള്‍ …
ഭിത്തിയിലൊരു ചിത്രം മാത്രമായും !
ജീവനും ജീവിതവും തമ്മിലിത്തിരി
ദൂരമിടുമ്പോള്‍ അനാഥമായി പോകുന്ന
ശരീരവും…
അയാളെ കുറിച്ചുള്ള ഓര്‍മ്മകളും മാത്രം
ബാക്കി വെച്ച്
ദേഹി യാത്രയായിരിക്കുന്നു!
മരണമില്ലാത്ത മനുഷ്യരുണ്ടോ ?

സബിത ആവണി

By ivayana